Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പ് അഡ്മിന് കൂടുതല്‍ അധികാരം; പോസ്റ്റുകൾ നിയന്ത്രിക്കും, ഇല്ലെങ്കിൽ...

Whatsapp-

ജനപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷൻ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പച്ചു. അഡ്മിന് ഗ്രൂപ്പിലുള്ളവരുടെ പോസ്റ്റുകൾ നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചറാണിത്. സെന്റ് മെസേജ് ഫീച്ചർ ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പതിപ്പുകളിൽ ലഭ്യമാണ്. അഡ്മിന് കൂടുതൽ അധികാരം നൽകി വ്യാജ പോസ്റ്റുകളെ നിയന്ത്രിക്കാൻ ഈ ഫീച്ചർ സഹായിക്കും.

വാട്സാപ്പ് ഗ്രൂപ്പ് സെറ്റിങ്‌സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ഫീച്ചർ കാണാൻ സാധിക്കുക. Send Messages എന്ന ഓപ്ഷനിൽ പോകുമ്പോൾ Only Admins, All participants എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം. Only Admins ആക്ടിവേറ്റ് ചെയ്താൽ മറ്റുള്ളവർക്ക് നേരിട്ട് പോസ്റ്റ് ചെയ്യാനാകില്ല. ഫെയ്സ്ബുക് ഗ്രൂപ്പിലെ പോലെ തന്നെ സെറ്റിങ്സ് മാറ്റുന്നത് എല്ലാ അംഗങ്ങളെയും നോട്ടിഫിക്കേഷൻ വഴി അറിയിക്കും.

ഗ്രൂപ്പിന്റെ പേരടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരവും അഡ്മിനില്‍ നിക്ഷിപ്തമായിരിക്കും. ഇതുവരെ എല്ലാ പാര്‍ട്ടിസിപ്പന്റുകള്‍ക്കും ഗ്രൂപ്പിന്റെ പേരോ, ഡിസ്‌ക്രിപ്ഷനോ, ഐക്കണൊ, സബ്ജക്ടോ എല്ലാം യഥേഷ്ടം എഡിറ്റു ചെയ്യാമായിരുന്നു. എന്നാല്‍, ഇനിമേല്‍ ഇതെല്ലാം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിയന്ത്രിക്കാം. ഈ ഓപ്ഷനും അഡ്മിന്‍ സെറ്റിങ്സില്‍ എത്തും. എന്നാല്‍ അഡ്മിനു മാത്രമെ കാണാനാകൂ. ഇത് ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഇപ്പോള്‍ ലഭ്യമാണ്.  

അഡ്മിനു മാത്രം മെസേജ് അയയ്ക്കാനാകുന്ന വിധത്തിലേക്ക് ഗ്രൂപ് മാറ്റിക്കഴിഞ്ഞാല്‍ അഡ്മിന്‍ അല്ലാത്ത അംഗങ്ങള്‍ മെസേജ് അയക്കുമ്പോള്‍ (അഡ്മിന്റെ പേര്) അഡ്മിനുകള്‍ക്കു മാത്രമെ ഈ ഗ്രൂപ്പിലേക്കു മെസേജ് അയക്കാന്‍ അനുവദിച്ചിട്ടുള്ളു എന്ന് അറിയിപ്പു കാണിക്കും. ഒരു അഡ്മിന്‍ അഡ്മിനുകള്‍ക്കു മാത്രം മെസേജ് അയയ്ക്കാവുന്ന രീതിയില്‍ ഗ്രൂപ്പ് മാറ്റുന്നത് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പറയാനോ അല്ലെങ്കില്‍ ഒരു മീറ്റിങ് വിളിച്ചു ചേര്‍ക്കാനോ എല്ലാം വേണ്ടിയാകാം. ഈ അവസരത്തില്‍ അഡ്മിന്റെ മെസേജുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാനാണ് ഇത്. ഈ മോഡിലേക്കു മാറിക്കഴിഞ്ഞ് തിരിച്ച് പഴയ പടിയാക്കാനും സാധിക്കും. 

എന്നാല്‍, അധികാരികള്‍ക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഓഫിസുകള്‍ക്കും മറ്റും ഈ ഫീച്ചര്‍ ഉപയോഗിക്കാം. ജോലിക്കാര്‍ക്കുള്ള അറിയിപ്പുകള്‍ ഇത്തരത്തില്‍ അറിയിക്കാം. അഡ്മിനുകള്‍ക്ക് അധികാരം കിട്ടുന്നുണ്ടെങ്കിലും ഇത് അവരുടെ ഉത്തരവാദിത്വവും വര്‍ധിപ്പിക്കും. നിയമപരമായ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരായിരിക്കും ഉത്തരവാദികള്‍.  

അതേസമയം, വാട്‌സാപ്പിലെയും സ്വകാര്യത പ്രഖ്യാപനത്തില്‍ മാത്രമെയുള്ളു എന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. വാട്‌സാപ്പ് സൃഷ്ടാവ് ജാന്‍ കോം രാജിവച്ചൊഴിഞ്ഞത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു വേണ്ടി വാദിച്ചത് അംഗീകരിക്കാത്തതിനാലാണ് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കോം ഫെയ്‌സ്ബുക്കിനു വിറ്റ വാട്‌സാപ്പ് ഇപ്പോള്‍ പൂര്‍ണ്ണമായും ഫെയ്‌സ്ബുക്കിന്റെ കീഴിലാണ്. ആപ് വിറ്റു എങ്കിലും അതിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി അദ്ദേഹം തുടരുകയായിരുന്നു. വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കരുതെന്നാണ് കോം വാദിച്ചതെന്നു പറയുന്നു. സ്വകാര്യ ഡേറ്റ ശേഖരിക്കാനും ഉപയോഗിക്കാനും ഫെയ്‌സ്ബുക് തീരുമാനിച്ചതാണ് കോമിന്റെ രാജിക്കു കാരണമായതത്രെ.  

അദ്ദേഹത്തിന്റെ ധനനഷ്ടവും ഭീമമാണ്. ഒരു ബില്ല്യന്‍ ഡോളറിനു തുല്ല്യമായ ഷെയര്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കായി നല്‍കാനിരിക്കെയാണ് കോമിന്റെ രാജി. സ്വകാര്യതയ്ക്കായി നിലപാടെടുത്ത അദ്ദേഹത്തിന്റെ പുറത്തുപോകല്‍ ഫെയ്‌സ്ബുക്കിന്റെ ഡേറ്റാ ഖനനം എന്ന തോന്യവാസം വാട്‌സാപ്പിലും ഇനി ചിലവാക്കും എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

related stories