Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നെയ്ബര്‍ലി എനിക്കൊരു വരനെ വേണം, എവിടെ കിട്ടും?’

google-hyperlocal

സമീപ ഭാവിയില്‍ ഇങ്ങനെ സംഭവിച്ചു എന്നു കരുതുക: നിങ്ങളുടെ വീടിനു ചേര്‍ന്നുള്ള ഒരു മരക്കൊമ്പില്‍ ഒരു ദിവസം ഒരു വലിയ വന്‍തേനീച്ചക്കൂട് പ്രത്യക്ഷപ്പെടുന്നു. അതിന്റെ ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുത്തു പോസ്റ്റു ചെയ്തു ശമനം വന്നു നില്‍ക്കുമ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നു - ഈ തേന്‍ എടുക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? തേനാണെന്നു പറഞ്ഞ് വാങ്ങാന്‍ കിട്ടുന്നതു പലപ്പോഴും ശര്‍ക്കര വെള്ളമാണ്. ഇതിപ്പോള്‍ എടുക്കാന്‍ സാധിച്ചാല്‍ നല്ല തേന്‍ കിട്ടുമല്ലോ. നിങ്ങള്‍ വേഗം, ഗൂഗിളിന്റെ ഉടന്‍ എത്താന്‍ പോകുന്ന 'നെയ്ബര്‍ലി' (Neighbourly- ചുറ്റുവട്ടം) ആപ്പില്‍ ഈ താത്പര്യം പങ്കുവയ്ക്കുന്നു. ഉടനെ ഉപദേശങ്ങള്‍ പറന്നു വീഴുന്നു. 'കൂടിന്റെ അടുത്തു പോകരുത് വളരെ ശ്രദ്ധിക്കണം. തേനീച്ച പറ്റമായി വന്നു കൊത്തിയാല്‍ മരണം വരെ സംഭവിക്കാം', എന്നാണ് ഒരാള്‍ പറയുന്നതെങ്കില്‍ വേറൊരാള്‍ പറയുന്നത് 'തേനീച്ച കുത്താന്‍ ഓടിച്ചാല്‍ തുണി പറിച്ചിട്ടിട്ട് ഓടിക്കോളണം. തേനീച്ച തുണിയുടെ പിന്നാലെ പൊയ്‌ക്കോളും എന്നു കേട്ടിട്ടുണ്ട്' എന്നായിരിക്കാം. വേറൊരാള്‍ പറയുന്നത് 'ഇന്ന സ്ഥലത്ത് തേനെടുത്തു തരുന്ന ഒരാളുണ്ട് അയാളെ പോയി കാണൂ' എന്നായിരിക്കാം. ഇങ്ങനെ എത്ര വേണമെങ്കിലും ഉത്തരങ്ങള്‍ നിങ്ങളുടെ ചുറ്റുവട്ടത്തു നിന്നു തന്നെ ഞൊടിയിടയില്‍ കിട്ടാന്‍ പാകത്തിനാണ് ഗൂഗിളിന്റെ ആപ്പ് എത്തുന്നത്. പലര്‍ക്കും അമേരിക്കയിലും മറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയാം. പക്ഷേ, അയല്‍പക്കത്തു നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയില്ല. ഇതിനെല്ലാം ഒരു ഒറ്റമൂലി എന്നവണ്ണമാണ് നെയ്ബര്‍ലിയെ പരിചയപ്പെടുത്തുന്നത്. 

സോഷ്യന്‍ നെറ്റ്‌വര്‍ക്കിങും, ഇന്‍സ്റ്റന്റ് മെസേജിങും ഫെയ്‌സ്ബുക്കിന്റെയും അവരുടെ കീഴില്‍ തന്നെയുള്ള വാട്‌സാപ്പിന്റെയും കുത്തകയാണ്. ഗൂഗിളാകട്ടെ, ഓര്‍ക്കുട്ട്, ഗൂഗിള്‍ പ്ലസ്, ഹാങ് ഔട്ട്‌സ്, അലോ (Allo) തുടങ്ങിയ മെസെജിങ് സര്‍വീസുകളെല്ലാം നടത്തി പൊളിഞ്ഞു നില്‍ക്കുകയുമാണ്. ഇന്റര്‍നെറ്റിന്റെ മിക്ക മേഖലകളിലും അടക്കി ഭരിക്കുന്ന ഗൂഗിളിന്, തങ്ങള്‍ക്കു കയറാനാകാതെ മെസേജിങിന്റെ ബസു വിട്ടു പോയതില്‍ അതീവ ദുഃഖവുമുണ്ട്. ഇനിയെന്ത് ചിന്തിച്ചിരിക്കുമ്പോള്‍ കിട്ടിയ ആശയമാണ് നെയ്ബര്‍ലി. ലോകമെമ്പാടും ചുറ്റുവട്ടത്തിന് പ്രാധാന്യം നല്‍കാനുള്ള സാധ്യത ശരിക്കും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതുകൊണ്ട് ഫെയ്‌സ്ബുക്കിനെയും വാട്ട്‌സാപ്പിനെയും തളര്‍ത്താന്‍ ഒക്കുമോ?

എന്താണ് നെയ്ബര്‍ലി?

മുംബൈയില്‍ നെയ്ബര്‍ലി ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. അധികം താമസിയാതെ രാജ്യത്തിന്റെ എല്ലാ മുക്കിനും മൂലയിലും ഇത് എത്തിക്കാനാകുമെന്നാണ് ഗൂഗിള്‍ കരുതുന്നത്. തദ്ദേശീയമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയൊരുക്കുകയാണ് ലക്ഷ്യം. ആപ്പിന് 7 എംബിയില്‍ താഴെയെ വലിപ്പമുള്ളു. മിക്കവാറും സ്മാര്‍ട് ഫോണുകളിലെല്ലാം സപ്പോര്‍ട്ടു ചെയ്യുന്ന രീതിയിലാണ് ഇറക്കുന്നത്. ഏകദേശം 50 കോടി ഇന്ത്യക്കാര്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരിക്കാം എന്നാണ് ഒരു വിലയിരുത്തല്‍. ആള്‍ക്കൂട്ടത്തിന്റെ അറിവ് ചൂഷണം ചെയ്യുകയും പ്രാദേശികമായ താത്പര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനും പുതിയ ആപ്പിനു സാധിക്കും. പലതരം നാട്ടറിവുകളും പുതിയ സംരംഭത്തിലൂടെ ഗൂഗിളിന്റെ കൈകളില്‍ എത്തിയേക്കും. നിര്‍ണ്ണായകമായ ചില അറിവുകള്‍ ഇതിനു മുൻപ് സാധ്യമല്ലാതിരുന്ന രീതിയില്‍ ഇളക്കി മറിച്ച് പൊക്കിക്കൊണ്ടു വരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. മണ്‍മറഞ്ഞു പോയി എന്നു കരുതിയവ വരെ ചിലപ്പോള്‍ നിമിഷ നേരം കൊണ്ട് പൊങ്ങി വന്നേക്കാം. ക്രൗഡ് സോഴ്‌സിങിലൂടെ പ്രാദേശികമായ അറിവുകള്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. അലമാര പണിയാനും, അച്ചാറിടാനും, സ്റ്റൗ റിപ്പെയര്‍ ചെയ്യാനും, ഒരു മത്സരത്തിന്റെ ടിക്കറ്റ് എവിടെക്കിട്ടും എന്നറിയാനുമടക്കം മിക്കവാറും എല്ലാ വിവരങ്ങളും പൊക്കിയെടുക്കാനായിരിക്കും ഗൂഗിള്‍ ശ്രമിക്കുക. ഇപ്പോള്‍ ഏകദേശം 1 ബില്ല്യന്‍ ഡോളറാണ് ഇന്ത്യയില്‍ ഗൂഗിളിന് പരസ്യത്തില്‍ നിന്നു ലഭിക്കുന്ന വരുമാനം. നെയ്ബര്‍ലി വിജയിച്ചാല്‍ അത് പതിന്മടങ്ങ് വര്‍ധിച്ചേക്കാം. 

ഇന്ത്യക്കാര്‍ എപ്പോഴും ആശ്രയിക്കുന്ന സര്‍വീസുകളെല്ലാം തങ്ങളുടെതായിരിക്കണമെന്ന ഗൂഗിളിന്റെ ദുരാഗ്രഹത്തിനാണ് ഫെയ്‌സ്ബുക് തടയിട്ടത്. ഫെയ്‌സ്ബുക്കിനൊപ്പം ആമസോണും ഇന്ത്യയില്‍ പണമെറിയുകയാണ്. അതാണ് പുതിയ ആശയവുമായി വരാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്. പ്രാദേശികവും ഭാഷാപരവുമെല്ലാമായുള്ള വൈവിധ്യങ്ങളെയെല്ലാം തങ്ങളുടെ കുടക്കീഴില്‍ ആക്കണമെന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. ഇന്ത്യയിലെ 400 പ്രമുഖ റെയിൽവെ സ്റ്റേഷനുകളില്‍ ഗൂഗിള്‍ ഫ്രീ ആയി വൈഫൈ നല്‍കുന്നതും തങ്ങളുടെ ഇത്തരം ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. ഇന്ത്യക്കാര്‍ സൃഷ്ടിക്കുന്ന ഡേറ്റ ഗൂഗിളിന്റെ നിര്‍മിത ബുദ്ധിക്കു കളിച്ചു പഠിക്കാനും അതിലൂടെ കൂടുതലായി ആളുകളുടെ താത്പര്യങ്ങളും മറ്റും അറിയാനും രേഖപ്പെടുത്താനും സാധിക്കും. 

വ്യാജ വാര്‍ത്തയുടെയും ട്രോളിങിന്റെയും സ്വകാര്യതയെക്കുറിച്ചുള്ള ഭയപ്പാടിന്റെയും ഈ കലഘട്ടത്തില്‍ ഗ്രൂപ്പ് ചാറ്റുകളില്‍ പങ്കെടുക്കാതെ പോലും വേണ്ട വിവരം കണ്ടെത്താന്‍ സഹായിക്കലാണ് നെയ്ബര്‍ലിയുടെ ലക്ഷ്യം. ഈ ആപ്പ് ദോഷമറ്റതാക്കാന്‍ ഗൂഗിള്‍ ഇതുവരെ രണ്ടു വര്‍ഷം ചിലവഴിച്ചു കഴിഞ്ഞു. ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷമാണ് ഇതില്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുകയോ എടുത്തു കളയുകയോ ചെയ്യുന്നത്. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, മുംബൈ, മധുര തുടങ്ങിയ നഗരങ്ങളിലാണ് ഗുഗിളിന്റെ ഗവേഷകര്‍ കൊളജുകളിലും, ബസ് സ്റ്റോപ്പുകളിലും പാര്‍ക്കുകളിലും വീടുകളില്‍ കയറിച്ചെന്നുമൊക്കെ തങ്ങളുടെ ഗവേഷകരെ അയച്ച് പഠനം നടത്തിയത്. ലോകമെമ്പാടും ആളുകള്‍ നഗരങ്ങളിലേക്കു മാറുന്ന കാഴ്ച കാണാം. 

ജോലികളിലേക്ക് ആണ്ടു പോകുന്ന അവര്‍ക്ക് പിന്നീട് അയല്‍പക്കങ്ങളെക്കുറിച്ചൊന്നും ഒരു ധാരണയും ഉണ്ടാവില്ല എന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ സൃഷ്ടിച്ച ശേഷം വീടുവീടാന്തരം കയറി ഇറങ്ങിയാണ് അളുകളെക്കൊണ്ട് അത് ഇന്‍സ്റ്റാള്‍ ചെയ്യിച്ചത്. ചില സ്ത്രീകള്‍ പറഞ്ഞത് അവരുടെ ചിത്രം അപരിചിതര്‍ സേവു ചെയ്യുന്നത് അനുവദിക്കാനാവില്ല എന്നാണ്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്രൊഫൈല്‍ ചിത്രം വലുതാക്കാനോ സേവു ചെയ്യാനോ ആകാത്ത വിധം ക്രമീകരിച്ചു. കൂടാതെ ഒരു വ്യക്തിക്ക് നേരിട്ടു മെസേജ് അയയ്ക്കുന്ന രീതിയും വേണ്ടെന്നു വച്ചു. ആളുടെ പേരിനൊപ്പം ദേശത്തിന്റെ പേരേ ഉള്‍പ്പെടുത്തൂ.

തുടക്കം മുതല്‍ തങ്ങളുടെ ഉപയോക്താക്കളെ പഠിക്കുന്ന ഒരു കമ്പനിയാണ് ഗൂഗിള്‍. നടത്തിയിട്ടുള്ള ഓരോ സേര്‍ച്ചും സേവു ചെയ്യപ്പെട്ടിട്ടുണ്ട്. നെയ്ബര്‍ലിയുടെ സൃഷ്ടിയില്‍ ഇതില്‍ നിന്നെല്ലാമുള്ള പാഠങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ മൂന്നിലൊന്നു പേരും വോയ്‌സ് സേര്‍ച്ചാണ് ഉപയോഗിക്കുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതാകട്ടെ പ്രാദേശിക ഭാഷകളിലും നടത്തുകയും ചെയ്യാം. നെയ്ബര്‍ലിയിലും ഒന്നും ടൈപ്പു ചെയ്യാന്‍ നില്‍ക്കേണ്ട. 'എനിക്കൊരു ചെക്കനെ വേണം, എവിടെ കിട്ടും?’ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് നെയ്ബര്‍ലിയിൽ ചോദ്യമിട്ടാൽ നിമിഷ നേരത്തിനുള്ളിൽ നൂറായിരം മറുപടികൾ ലഭിക്കും.

സാമുഹ്യ മാധ്യമങ്ങളില്‍ വിജയിച്ച പല ഫീച്ചറുകളും നെയ്ബര്‍ലി കടം കൊണ്ടിട്ടുമുണ്ട്. ഊബര്‍ ഡ്രൈവര്‍മാരെ ഉപയോക്താക്കള്‍ക്കു റെയ്റ്റു ചെയ്യാവുന്നതു പോലെ നെയ്ബര്‍ലിയിലും നല്ല ഉത്തരം കൊടുക്കുന്നവരുടെ വിശ്വാസ്യത വര്‍ധിക്കും. നല്ല ഉത്തരങ്ങള്‍ക്ക് മുകളിലേക്ക് ഉയരും. നല്ല ചോദ്യോത്തരങ്ങള്‍ ബുക്ക് മാര്‍ക്കു ചെയ്തു വയ്ക്കുകയും ചെയ്യാം. ആളുകള്‍ക്ക് ചോദ്യങ്ങളെയാണ് ഫോളോ ചെയ്യാന്‍ സാധിക്കുന്നത്. ആളുകളെയല്ല എന്നതാണ് കാതലായ ഒരു വ്യത്യാസം. ഏറ്റവും മികച്ച 15 ചോദ്യോത്തരങ്ങള്‍ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്ത് പരിശോധിക്കാം. ഇതിലൂടെ ആള് എന്താണ് തിരക്കുന്നതെന്ന് ഗൂഗിള്‍ മനസിലാക്കാന്‍ ശ്രമിക്കും. ഒരാളുടെ ഉത്തരങ്ങള്‍ വോട്ടു ചെയ്ത് ഉയര്‍ത്തുകയാണെങ്കില്‍ അയാള്‍ക്ക് ഗൂഗിള്‍ പോയിന്റുകളും നല്‍കും. ഒരാളുടെ വിധി അയാള്‍ ചെയ്യുന്ന കര്‍മ്മങ്ങളാണ് തീരുമാനിക്കുന്നതെന്ന പ്രാചീന ഭാരതീയ സങ്കല്‍പ്പത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നതത്രെ.

ഇതെല്ലാം മതിയോ ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും കെട്ടുകെട്ടിക്കാന്‍?

പ്രധാന മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇതൊരു വെല്ലുവിളിയും ഉയര്‍ത്തില്ലെന്ന് ഉറപ്പിച്ചു പറയാം. കാരണം ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും വ്യക്തിബന്ധങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. ഗൂഗിളിന്റെ ആപ്പിന് മറ്റൊരു തരത്തില്‍ ജനസമ്മതി നേടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നു സമ്മതിക്കാതെ വയ്യ. എന്നാല്‍, ഇതു വിജയിക്കുന്നെങ്കില്‍ പോലും ഫെയ്‌സ്ബുക്കിന് ഇത്തരം ഒരു സര്‍വീസ് തുടങ്ങി ഗൂഗിളിനെ കെട്ടുകെട്ടിക്കാനും സാധിച്ചേക്കും.

സ്വകാര്യതയുടെ കാര്യത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും ഒരേപോലെ അപകടകാരികളാണ്. ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവ എല്ലാക്കാലത്തേക്കുമായി സൂക്ഷിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഇരു കമ്പനികളും കുപ്രസിദ്ധി നേടിക്കഴിഞ്ഞു. 

ഇൻസ്റ്റന്റ് മെസേജിങ് തന്നെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചുറ്റുവട്ടത്തെങ്ങും ഒരാളുമില്ലതായി യുവതീയുവാക്കളെ മുഴുവന്‍ മെസേജിങ് ആപ്പുകളിലേക്ക് പൂണ്ടു പോയി. ഇനി പുതിയ ആപ്പും കൂടെ എത്തുമ്പോള്‍ എന്തായിരിക്കും സ്ഥിതി.