Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌’, വ്യാജ പോസ്റ്റ് ശല്യം രൂക്ഷം

fake-news

സോഷ്യൽമീഡിയ ഉപയോഗത്തിലേറെ ദുരന്തവും ശല്യവുമായി മാറുകയാണ്. പൊതുജനത്തെ ഭീതിപ്പെടുത്തുന്ന, തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വ്യാജ പോസ്റ്റുകളും വിഡിയോകളുമാണ് ദിവസവും വന്നുക്കൊണ്ടിരിക്കുന്നത്. ഇതിൽ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ ജനം നട്ടംതിരിയുകയാണ്. ഹർത്താലും വ്യാജ മരുന്നുകളും എല്ലാം വാട്സാപ്പിലും ഫെയ്സ്ബുക്കിലും സജീവമാണ്. ഇത്തരം വ്യാജ പോസ്റ്റുകൾ തടയാൻ സർക്കാരുകൾക്കോ വാട്സാപ്പ്, ഫെയ്സ്ബുക് അധികൃതർക്കോ കഴിയുന്നില്ല.

കഴിഞ്ഞ ദിവസം വാട്സാപ്പിൽ വന്ന വ്യാജ മുന്നറിയിപ്പ് സന്ദേശം ഇങ്ങനെ:

ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക. സിംഗപ്പൂർ ടിവി പുറത്തു വിട്ട വിവരമാണിത്. ഇതു വായിച്ചു നിങ്ങൾ നിങ്ങളുടെ ശരീരം രക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും കൂട്ടുക്കാരെയും അറിയിക്കുക. ഇന്നു രാത്രി 12;30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും. അതുക്കൊണ്ട് ദയവു ചെയ്തു നിങ്ങളുടെ മൊബൈൽ ഓഫ്‌ ചെയ്യുക. ഈ സമയം ഒരു  കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത് ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും. സംശയം ഉള്ളവർ ഗൂഗിളിൽ NASA എന്ന് സെർച്ച് ചെയ്യുക. BBC ന്യൂസ്‌ നോക്കുക. എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക.

ഇത്തരമൊരു മെസേജ് കണ്ടാൽ സാധാരണക്കാരൻ ഒന്നും നോക്കാതെ പത്ത് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യും. ഇതോടെ പോസ്റ്റ് വൈറലാകും. പോസ്റ്റ് ഇറക്കിയവനു പോലും കരുതുന്നില്ല ഈ മെസേജ് ഇത്രയും വേഗത്തിൽ പ്രചരിക്കുമെന്ന്. ഇതിനിടെ ശരിയായ പോസ്റ്റുകളും വരുന്നുണ്ട്. എന്നാൽ സത്യമേതെന്ന് എങ്ങനെ കണ്ടെത്തും.

വ്യാജ വാർത്തകൾക്ക് തടയിടാൻ യു ട്യൂബും; നിരീക്ഷകരായി 10,000 പേർ

ഫെയ്സ്ബുക്കും വാട്സാപ്പും വ്യാജ വാർത്തകൾക്ക് തടയാനുള്ള ഫലപ്രദമായ നടപടികളുടെ ആലോചനയിലും പരീക്ഷണത്തിലുമാണ്. ഒടുവിലായി ഗൂഗിളിന്‍റെ യുട്യൂബും ഇത്തരം ശ്രമങ്ങളുമായി രംഗതെത്തിയിരിക്കുന്നു. വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തി വ്യാജ വിഡിയോകളുടെ പ്രചരണം തടയാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് യുട്യൂബ് അധികൃതർ വ്യക്തമാക്കി.

ആധികാരികമായ സ്രോതസുകളും വാർത്തകളും കണ്ടെത്താനായി 10,000 നിരീക്ഷകരെ നിയമിക്കും. ആഗോളതലത്തിലുള്ള സെർച്ച് ഫലങ്ങൾ പരിശോധിച്ചാകും ഈ സംഘം പ്രവർത്തിക്കുക. ബ്രേക്കിങ് ന്യൂസുകൾ പോലെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ആധികാരിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾക്കാകും യുട്യൂബ് കൂടുതൽ പ്രാമുഖ്യം നൽകുക. ഈ സമയങ്ങളിൽ വിഡിയോ സെർച്ച് ഫലങ്ങളിൽ വാർത്താ സ്റ്റോറികളുടെ ചെറിയ ടെക്സ്റ്റ് രൂപത്തിലുള്ള പ്രിവ്യൂ കാണിക്കും. വാർത്തയിലെ ഉള്ളടക്കം ഏതു നിമിഷവും മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകും. പ്രകൃതി ദുരന്തങ്ങൾ, വെടിവെയ്പ്പ് തുടങ്ങി പ്രധാന സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ തന്നെ വ്യാജ വിഡിയോകൾ പ്രചരിക്കുന്നത് തടയാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഇത്തരം സന്നിഗ്ധ സന്ദർഭങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള ക്ലിപ്പുകൾ നിർമിക്കാനും ആധികാരികത ഉറപ്പുവരുത്താനും മാധ്യമസ്ഥാപനങ്ങൾക്ക് സമയം ആവശ്യമായതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനും കൃത്യമായ വിവരങ്ങൾ വേഗത്തിലെത്തിക്കാനും ടെക്സ്റ്റ് സന്ദേശങ്ങൾക്ക് കഴിയുമെന്ന് യുട്യൂബ് ചൂണ്ടിക്കാട്ടി. എന്നാൽ ആധികാരിക സ്രോതസുകളെ കണ്ടെത്തുന്ന മാനദണ്ഡം വിശദമാക്കാൻ അധികൃതർ തയ്യാറായില്ല. യുട്യൂബിൽ ഏറ്റവും പ്രചാരത്തിലുള്ളത് എന്നതായിരിക്കില്ല മാനദണ്ഡമെന്നും ആധികാരികത എന്നതിന്‍റെ നിർവചനം അത്ര ലളിതമല്ലെന്നും യുട്യൂബ് ചീഫ് പ്രൊഡക്ഷൻ ഓഫീസർ നീൽ മോഹൻ പറഞ്ഞു.

വ്യാജവാർത്ത എങ്ങനെ കണ്ടെത്താം?; ഫെയ്സ്ബുക്കിന്റെ 10 ടിപ്സ്

1. തെറ്റായ വാർത്തകൾക്ക് എപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്ന തലക്കെട്ടുകളുണ്ടാകും. ആശ്ചര്യ ചിഹ്നവും കണ്ടേക്കാം. തലക്കെട്ടുകൾ വായിക്കുമ്പോൾ തന്നെ വിശ്വസനീയമല്ലെന്നു തോന്നിയാൽ വാർത്ത തെറ്റാകാനാണു സാധ്യത.

2. യുആർഎൽ വ്യാജമാണോ എന്നു പരിശോധിക്കുക. മിക്ക തട്ടിക്കൂട്ടു വാർത്താ സൈറ്റുകളും മുഖ്യധാരാ മാധ്യമങ്ങളുടേതിനു സമാനമായ പേര് ഉപയോഗിക്കാറുണ്ട്.

3. അത്ര അറിയപ്പെടാത്ത സൈറ്റുകളിൽ നിന്നുള്ളതാണു വാർത്തയെങ്കിൽ, ‘എബൗട്’ സെക്‌ഷനിൽ പോയി സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശ്വസിക്കാവുന്നതാണോ എന്ന് ഉറപ്പു വരുത്തുക.

4. വ്യാജ വാർത്താ സൈറ്റുകളിലും താൽക്കാലിക സൈറ്റുകളിലും കാണുന്ന വാർത്തകളിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടാകാം. പേജ് രൂപകൽപനയും നിലവാരമില്ലാത്തതാകാം. 

5. വ്യാജ വാർത്തകൾക്കൊപ്പം നൽകുന്ന ചിത്രങ്ങളും വ്യാജനാകാം. അതിനാൽ ചിത്രം ശ്രദ്ധിക്കൂ.

6. ടൈംലൈനിൽ ഒരു അർഥവുമില്ലാത്ത എന്തെങ്കിലും കുറിച്ചിട്ടുണ്ടാകും. 

7. വാർത്തകളിൽ പേരുകളും വസ്തുതകളും ഒഴിവാക്കിയിട്ടുണ്ടാകും. പകരം വിദഗ്ധർ പറയുന്നു എന്നോ മറ്റോ ചേർക്കും. 

8. നിങ്ങൾ വായിക്കുന്ന വാർത്ത മറ്റു പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ തെറ്റായ വാർത്തയാകാം. 

9. ആക്ഷേപ ഹാസ്യവും വാർത്തയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. വാർത്ത നൽകിയവർ ആക്ഷേപഹാസ്യം എഴുതുന്നവരാണോ എന്നു പരിശോധിക്കുക. തമാശയ്ക്കായി എഴുതിയ കാര്യങ്ങൾ വായനക്കാർ ഗൗരവത്തിലെടുത്താൽ ഫലം വിപരീതമാകും. 

10. വാർത്തകളെ എപ്പോഴും വിമർശന ബുദ്ധിയോടെ കാണുക. വേണ്ടത്ര പരിശോധിക്കാതെ കിട്ടുന്നതു മുഴുവൻ ഷെയർ ചെയ്ത് വ്യാജ വാർത്തയുടെ പ്രചാരകരാകാതിരിക്കാൻ ശ്രദ്ധിക്കുക. 

related stories