Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനായിരുന്നു 30 പാവങ്ങളെ തല്ലികൊന്നത്, ആ പാക് വിഡിയോയുടെ പേരിലോ?

fake-video

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പു നൽകി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമായ വാട്സാപ് വിഡിയോയുടെ തുടക്കം പാക്കിസ്ഥാനിൽ നിന്ന്. കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ രോഷ്നി ഹെൽപ്പ്ലൈൻ അവബോധന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച വിഡിയോയാണ് എഡിറ്റ് ചെയ്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. 

2016 മെയിലാണ് സമൂഹമാധ്യമത്തിലൂടെ രോഷിനി ഹെൽപ്പ്ലൈൻ വിഡിയോ പുറത്തുവിട്ടത്. കറാച്ചിയിലെ ഒരു തെരുവിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ഇടയിലേക്ക് രണ്ടംഗ സംഘം ബൈക്കിൽ വന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതോടെയാണ് മിനിറ്റുകൾ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയുടെ തുടക്കം. ബൈക്കിനു പിന്നാലെ കുട്ടികൾ ഓടിയെങ്കിലും തട്ടിയെടുത്ത കുട്ടിയുമായി സംഘം കടന്നു കളയുന്നു. ഏതാനും മിനിറ്റുകൾക്കകം തിരിച്ചെത്തുന്ന സംഘം കുട്ടിയെ ഒരു കുഴപ്പവും കൂടാതെ തിരികെ ഇറക്കുന്നു. തുടർന്ന് സംഘത്തിലൊരാൾ കറാച്ചിയിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ നിമിഷങ്ങൾ മതിയെന്ന സന്ദേശമുള്ള ബാനർ ഉയർത്തി കാണിക്കുന്നു. രക്ഷിതാക്കൾ കൂടുതൽ ജാഗരൂഗരാകണമെന്നും രോഷിനി ഹെൽപ്പ്ലൈനിനെ സഹായിക്കണമെന്നുമുള്ള അഭ്യർഥനയോടെയാണ് വിഡിയോ അവസാനിക്കുന്നത്.

ഈ വിഡിയോയുടെ അവസാനം എ‍ഡിറ്റ് ചെയ്തു കളഞ്ഞാണ് ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യത്തോടെ വിഡിയോ അവസാനിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ സജീവമാണെന്നും ജാഗരൂകരാകണമെന്നുമുള്ള സന്ദേശത്തോടെയാണ് വിഡിയോ വാട്സാപ്പിലൂടെ പലരിലും എത്തിയത്. പിന്നീട് നടന്നത് ഇന്ത്യയ്ക്ക് തന്നെ അപമാനകരമായ സംഭവവികാസങ്ങളാണ്. സംശയദൃഷ്ടിയോടെ ആൾക്കൂട്ടം പലരുടെയും മേൽ ചാടിവീണു. ഏതാണ്ട് മുപ്പതോളം മരണങ്ങളാണ് ഇത്തരത്തിലുള്ള മർദനം മൂലം സംഭവിച്ചത് – വേട്ടയാടപ്പെട്ടതാകട്ടെ സമൂഹത്തിലെ തീർത്തും പാവപ്പെട്ടവരും.

വാട്സാപ്പ് സന്ദേശത്തെ തുടർന്ന് ഒന്നിലേറെ ആൾക്കൂട്ട കൊലപാതകങ്ങൾ നടന്ന അസം രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകൽ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഒരു രൂപത്തെ കുറിച്ച് പ്രാദേശികമായി നിലനിൽക്കുന്ന കെട്ടുകഥയും വിവാദ വിഡിയോക്കൊപ്പം പ്രചരിപ്പിക്കപ്പെട്ടത് ആശങ്കയും സംശയവും വർധിക്കാൻ കാരണമായി.

നല്ല ഉദ്ദേശത്തോടെ ചെയ്ത വിഡിയോ ഇപ്രകാരം ദുരുപയോഗം ചെയ്യപ്പെടുന്നതിൽ കടുത്ത നിരാശയിലാണ് നിർമാതാക്കൾ. പൊതുസേവനാർഥം ചെയ്ത ഒരു വിഡിയോ എഡിറ്റ് ചെയ്ത് ദുരന്ത ഫലം നൽകുന്ന വിദ്വേഷ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നത് അത്യന്തം വേദനാജനകമാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നുമാണ് നിർമാതാക്കളുടെ നിലപാട്.

related stories