Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ച മകളുടെ ഫെയ്സ്ബുക് അക്കൗണ്ടിന് അമ്മ കോടതി കയറി, വിജയിച്ചു

facebook-profile

മകളുടെ മരണശേഷം ഫെയ്സ്ബുക്കിന്‍റെ അവകാശം മാതാവിനുണ്ടെന്ന ജർമൻ കോടതി വിധിയോടെ ഡിജിറ്റൽ വസ്തുക്കളുടെ പാരമ്പര്യാവകാശം സംബന്ധിച്ച നീണ്ട നാളായി നിലനിൽക്കുന്ന ചർച്ചകൾക്ക് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. മരണപ്പെട്ട ഒരാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ പിന്നീടുള്ള ഉടമ ആരാകണമെന്നത് മർമ്മ പ്രധാനമായ ഒരു ചോദ്യമാണ്. 

2012 ല്‍ മരണപ്പെട്ട 15 കാരിയുടെ ഫെയ്സ്ബുക് അക്കൗണ്ട് അമ്മക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടത്. ഡയറി, സ്വകാര്യമായ കത്തുകൾ എന്നിവയിൻമേലുള്ള അനന്തരാവകാശം കുട്ടികളുടെ മാതാപിതാക്കൾക്ക് ലഭിക്കുന്നതു പോലെ തന്നെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ അന്തരാവകാശവും ലഭിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്വകാര്യത നയത്തിന് വിരുദ്ധമാണെന്ന് അവകാശപ്പെട്ട് അക്കൗണ്ടിലേക്ക് നാളിതുവരെ പ്രവേശനം നിഷേധിച്ച ഫെയ്സ്ബുക്കിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്.

ഫെയ്സ്ബുക്കിനും വാട്സാപ്പിനും ഇന്ത്യയിൽ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ഇന്‍സ്റ്റാഗ്രാമിനാകട്ടെ 60 ദശലക്ഷവും. ഇത്രയേറെ പേർ‌ സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും ഇന്ത്യയിൽ ഇതുവരെ ഡിജിറ്റൽ അനന്തരാവകാശം സംബന്ധിച്ച് വ്യക്തമായ ഒരു നയം വന്നിട്ടില്ല, അവകാശം ചോദിച്ചും ആരും വന്നിട്ടില്ല. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകത്തെ ഏറ്റവും വലിയ വെർച്വൽ ശവപറമ്പായി ഫെയ്സ്ബുക് മാറുമെന്ന വിലയിരുത്തലും ഇതിനോട് ചേർത്ത് വായിക്കണം. 

ജീവിച്ചിരിക്കുന്നവരുടെ പ്രൊഫൈലുകളെക്കാൾ മരണമടഞ്ഞവരുടെ പ്രൊഫൈലുകളാകും നിലവിലുണ്ടാകുക എന്നതാണ് ഇത്തരമൊരു അനുമാനത്തിന് കാരണം. മരണമടഞ്ഞ ഒരാളുടെ അക്കൗണ്ട് ഓർമയായി സൂക്ഷിക്കാൻ ഫെയ്സ്ബുക് ഇപ്പോൾ അനുവദിക്കുന്നുണ്ട്. എന്നാൽ ഈ അക്കൗണ്ടിലേക്ക് ലോഗ്–ഇൻ ചെയ്യാൻ ആരെയും അനുവദിക്കില്ല. ഒരു ലെഗസി കോൺടാക്റ്റിന് പ്രൊഫൈൽ, കവർ ഫോട്ടോകൾ മാറ്റുന്നതുൾപ്പെടെയുള്ള ചെറിയ കാര്യങ്ങൾ നടത്താനാകും. സ്വകാര്യ ഫോട്ടോകൾ, കുടുംബ വിഡിയോകൾ, സൗഹാർദ്ദപരമായ പോസ്റ്റുകള്‍ എന്നിവയുടെ കാര്യത്തിൽ നിലവിലുള്ള സാഹചര്യത്തിൽ ആർക്കും അധികാരം ലഭിക്കില്ല. എന്നാൽ ഇത്തരം അമൂല്യ വസ്തുക്കൾ നിയമപരമായുള്ള അനന്തരാവകാശികൾക്ക് കൈമാറാൻ നടപടികൾ വേണമെന്ന് സൈബർ ലോകത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

അനന്തരാവകാശികൾ സമീപിച്ചാൽ മരണമടഞ്ഞവരുടെ ഡിജിറ്റൽ സ്വത്തുക്കൾ കൈമാറാൻ സമൂഹമാധ്യമങ്ങൾ ബാധ്യസ്ഥരാകുന്ന ചട്ടം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെയായി. നിയമപരമായി ഡിജിറ്റല്‍ അനന്തവാരകാശം തെളിയിക്കാതെ സമൂഹമാധ്യമങ്ങൾ ഇത്തരമൊരു ആവശ്യത്തിന് വഴങ്ങാൻ സാധ്യത കുറവാണ്. ഇതാകട്ടെ ഏറെ സമയമെടുക്കുന്ന പ്രക്രിയയുമാണ്. 

ഡിജിറ്റൽ അനന്തരാവകാശം സംബന്ധിച്ച് ഫെയ്സ്ബുക്കിനോട് അടുത്തു നിൽക്കുന്ന സമീപനമാണ് ട്വിറ്ററിനുമുള്ളത്. അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യിക്കാൻ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവിനെ സഹായിക്കാമെന്നല്ലാതെ അക്കൗണ്ടിലേക്ക് പ്രവേശനമനുവദിക്കാൻ കഴിയില്ലെന്നാണ് ട്വിറ്ററിന്‍റെ നിലപാട്.

മരണമടഞ്ഞവരുടെ അക്കൗണ്ടുകൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സുരക്ഷയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഇത് വലിയ കാര്യമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. മരണമടഞ്ഞവരുടെ ഡിജിറ്റൽ രേഖകൾ നിയമപരമായ അന്തരാവകാശികൾക്ക് പൂർണാധികാരത്തോടെ കൈമാറാനുള്ള നിയമപ്രക്രിയയുടെ രൂപീകരണത്തിന് ജർമന്‍ കോടതി വിധി കരുത്തേകുമെന്നാണ് വിലയിരുത്തൽ.