Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പ്, ഫെയ്സ്ബുക്കിന് കടിഞ്ഞാൻ; പോസ്റ്റും ഷെയറും സൂക്ഷിച്ച്

whatsapp-facebook

സമൂഹമാധ്യമങ്ങളിലെയും മറ്റും വ്യാജപ്രചാരണങ്ങളെ നേരിടാൻ ഐടി നിയമത്തിൽ ഭേദഗതി വരുത്താൻ ആലോചന. വ്യാജപ്രചാരണങ്ങൾക്കും വാർത്തകൾക്കുമെതിരെ വിവിധ കമ്പനികൾ കോടതികളെ സമീപിക്കുന്നതു പതിവായതോടെയാണ് 2011ലെ ഐടി നിയമത്തിനു കീഴിലെ മാർഗരേഖ ഉൾപ്പെടെയുള്ളവ പരിഷ്കരിക്കുന്നതു പരിഗണിക്കുന്നത്. 

‘കുർക്കുറെ’യ്ക്കെതിരെ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു പെപ്സിക്കോ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാക്കറ്റ് ഫുഡ് വിഭാഗത്തിൽപ്പെടുന്ന കുർക്കുറെയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന തരത്തിലുള്ള വിഡിയോയും വാർത്തകളും നീക്കം ചെയ്യണമെന്നു കോടതി നിർദേശം നൽകി. എന്നാൽ സമാനവാർത്തകൾ മറ്റു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ കമ്പനി വീണ്ടും കോടതിയിലെത്തി. തുടർന്ന് അനുബന്ധ വാർത്തകളും ലിങ്കുകളുമെല്ലാം നീക്കം ചെയ്യാൻ യുട്യൂബ്, ഫെയ്സ്ബുക്, ഗൂഗിൾ, ഇൻസ്റ്റഗ്രാം തുടങ്ങിയവയ്ക്കു ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഐടിസി, പതഞ്ജലി തുടങ്ങിയ കമ്പനികളും സമാന ആവശ്യങ്ങളുമായി കോടതിയിലെത്തിയിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഐടി നിയമത്തിലെ ഭേദഗതി ഉൾപ്പെടെയുള്ളവ കേന്ദ്രം പരിഗണിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്ന മാ‌ർഗരേഖ പരിഷ്കരിക്കേണ്ടതുണ്ടെന്നു കേന്ദ്രം വ്യക്തമാക്കുന്നു. ഏതൊക്കെ തരം ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യാം, ഷെയർ ചെയ്യാം തുടങ്ങിയവയിൽ വിശദമായ ഇടപെടൽ ആവശ്യമാണെന്നു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് പറയുന്നു. 

ആൾക്കൂട്ട കൊലപാതം ഉൾപ്പെടെയുള്ള അക്രമങ്ങൾ വ്യാപിക്കുന്നതിനു വാട്സാപ് സന്ദേശങ്ങൾ കാരണമാകുന്നുവെന്നു കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയതിനു പിന്നാലെ അഞ്ചിലധികം പേർക്ക് ഒരേ സന്ദേശം അയയ്ക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.