Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസേജ് രഹസ്യം വെളിപ്പെടുത്തില്ല; സർക്കാരിന് കീഴടങ്ങില്ലെന്ന് വാട്‌സാപ്

whatsapp-facebook

വാട്‌സാപ്പിനെതിരെ വാളൊങ്ങി നില്‍ക്കുന്ന കേന്ദ്ര സർക്കാരിനെ തണുപ്പിക്കാനായി ഈ ആഴ്ച ആദ്യം വാട്സാപ് ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസര്‍ ക്രിസ് ഡാനിയല്‍സ്, ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദിനെ സന്ദര്‍ശിച്ചിരുന്നു. ഇരുവരും സംസാരിച്ച മുഖ്യ വിഷയം വാട്‌സാപ്പിലൂടെ പടരുന്ന വ്യാജ വാര്‍ത്തകള്‍ക്ക് എങ്ങനെ തടയിടാമെന്നതായിരുന്നു.

ഇന്ത്യ മുന്നോട്ടു വച്ച ആദ്യ ആവശ്യം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പിന്തുടര്‍ന്നു കണ്ടെത്താൻ അവസരം നൽകണമെന്നാണ്. എന്നാല്‍, വാട്‌സാപ് പറഞ്ഞത് അങ്ങനെ ട്രാക്കു ചെയ്യാന്‍ അനുവദിച്ചാല്‍ കമ്പനിയുടെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ (end-to-end ecryption) മൊത്തം പാളുമെന്നും അതനുവദിക്കാനാവില്ല എന്നുമാണ്. ഒരു കാരണവശാലും വാട്‌സാപ്പിന്റെ സുരക്ഷയ്ക്കു ഭംഗം വരുത്തുന്ന പ്രവര്‍ത്തിയിൽ ഏര്‍പ്പെടില്ലെന്നാണ് വാട്‌സാപ് പ്രതികരിച്ചത്.

ആളുകള്‍ വാട്‌സാപ്പിലൂടെ അവരുടെ രോഗവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കുടുംബ വാര്‍ത്തകളും അടക്കമുള്ള വളരെ സ്വകാര്യമായ കാര്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നു. വാര്‍ത്തകളെ പിന്തുടരാന്‍ അനുവദിച്ചാല്‍ അതിന്റെ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷന്‍ മുഴുവന്‍ പാളും. അതിനുശേഷം ഇപ്പോള്‍ കാണുന്നതിനെക്കാളേറെ ദുരുപയോഗം വര്‍ധിക്കും. വാട്‌സാപ്പ് ഒരു വാർത്താക്കുറിപ്പിലൂടെയാണ് അവരുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ചത്.

വാർത്താക്കുറിപ്പു പുറത്തിറക്കിയ വാട്‌സാപ് വക്താവ് കാള്‍ വൂഗ് പറഞ്ഞത് അതിനു പകരം വ്യാജ വാര്‍ത്ത സൃഷ്ടിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ തങ്ങള്‍ കൂടാമെന്നാണ്. വാട്‌സാപ്പിന്റെ സുരക്ഷാവലയം തകര്‍ക്കില്ല. ഞങ്ങളുടെ ശ്രദ്ധ ആളുകളുമായി അടുത്തു സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ആളുകള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനും അതിലൂടെ സമൂഹത്തെ സുരക്ഷിതമാക്കുന്നതിനുമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

അഭ്യൂഹങ്ങള്‍ അതിവേഗം വാട്‌സാപ്പിലൂടെ പടരുന്നതില്‍ ഇന്ത്യയുടെ അസംതൃപ്തി ഒളിച്ചുവച്ചിരുന്നില്ല. സന്ദേശത്തിന്റെ ഉത്ഭവകേന്ദ്രം തങ്ങള്‍ക്കു കണ്ടുപിടിക്കാനാകണമെന്ന വാദത്തില്‍ നിന്ന് സർക്കാർ പിന്നോട്ടു പോയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുകക്ഷികള്‍ക്കും ഒരു തീരുമാനത്തിലെത്താനും ആയില്ല.

പിന്നീട്, സർക്കാർ വാട്‌സാപ്പിനോട് അവരുടെ ഔദ്യോഗിക ഓഫിസ് ഇന്ത്യയില്‍ തുടങ്ങാനും പ്രശ്‌നപരിഹാരത്തിനായി ഉദ്യോഗസ്ഥനെ നിയമിക്കാനും ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണമെന്നും പറഞ്ഞു. ഇന്ത്യയില്‍ ഉത്ഭവിക്കുന്ന പ്രശ്‌നത്തിനു പരിഹാരം തേടി അമേരിക്കയിലേക്കു വരാന്‍ തങ്ങള്‍ക്കു യാതൊരു ഉദ്ദേശവുമില്ലെന്നും ഇന്ത്യ വാട്‌സാപ്പിനെ അറിയിച്ചിട്ടുണ്ട്.

സമീപകാലത്തു നടന്ന പല ജനക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്‌സാപ്പാണെന്നും, വ്യാജവാര്‍ത്തയും അഭ്യൂഹങ്ങളും വളരെ വേഗം പരത്തുന്നുവെന്നുമാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ സർക്കാർ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തങ്ങളുടെ ഉത്കണ്ഠ ഇന്ത്യ അറിയിച്ചതിനു ശേഷം വാട്‌സാപ് നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഫോര്‍വേഡ് ചെയ്യുന്ന മെസേജില്‍ ഫോര്‍വേഡഡ് എന്ന് ആലേഖനം ചെയ്യാനും അതുപോലെ ഒരാള്‍ക്ക് ഒരുമിച്ച് എത്ര പേര്‍ക്ക് സന്ദേശം അയക്കാമെന്ന കാര്യത്തില്‍ വന്ന നിയന്ത്രണവുമൊക്കെ അതിന്റെ ഫലമാണ്.

related stories