Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈല്‍ പെയ്‌മെന്റ്: വാട്‌സാപ്പിനോട് കേന്ദ്ര സർക്കാരിന് ചിറ്റമ്മ നയമോ?

Whatsapp

ഗൂഗിള്‍ അടക്കമുള്ള പല മൊബൈല്‍ പെയ്‌മെന്റ് സര്‍വീസുകളോടും കേന്ദ്ര സർക്കാർ ആവശ്യത്തിലേറെ താത്പര്യം കാണിക്കുന്നതായും എന്നാല്‍ വാട്‌സാപ്പിന്റെ മൊബൈല്‍ പെയ്‌മെന്റ് സര്‍വീസിനോട് വിവേചനം കാണിക്കുന്നതായും ആരോപണം. ഇന്ത്യയില്‍ തങ്ങളുടെ പെയ്‌മെന്റ് സേവനങ്ങള്‍ തുടങ്ങാനാണ് വാട്‌സാപ് ആഗ്രഹിച്ചിരുന്നത്. ഈ നയം തുടര്‍ന്നാല്‍ തങ്ങളുടെ സര്‍വീസ് മുഴുവന്‍ പ്രഭാവത്തോടെയും മറ്റു രാജ്യങ്ങളില്‍ ആദ്യം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്. 

ഇന്ത്യയില്‍ കമ്പനി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ട്രെയ്‌സബിലിറ്റിയാണ്. https://bit.ly/2LmcePj. ഇന്ത്യയിലെ ആജ്ഞാനുവര്‍ത്തിത്വം (compliance) ഗൂഗിളിനൊപ്പമാണെന്നാണ് വയ്പ്പ്. എന്നാലും വാട്‌സാപ്പിനെ 'തിരഞ്ഞുപിടിച്ച്' മാറ്റി നിറുത്തുന്നുവെന്നാണ് ആരോപണം. മൊബൈല്‍ പെയ്‌മെന്റ് തുടങ്ങണമെങ്കില്‍ ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്ന നിബന്ധനകളിലൊന്ന്. എന്നാല്‍, വ്യാജവാര്‍ത്ത ഇല്ലാതാക്കാന്‍ സർക്കാരിനെ സഹായിക്കാത്തതു തന്നെയാണ് വാട്‌സാപ്പിനെതിരെയുള്ള ചിറ്റമ്മനയത്തിനു പിന്നിലെന്നാണ് ഒരു കൂട്ടം ആളുകള്‍ വാദിക്കുന്നത്. കൂടാതെ, ഗൂഗിളിനെ പോലെ ടു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ (two-factor authentication) ഇല്ലെന്നതും വാടാസാപ്പിന്റെ പ്രശ്‌നങ്ങളിലൊന്നാണെന്നും ചില സർക്കാർ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു പ്രശ്‌നം വാട്‌സാപ്പിന്റെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നുണ്ടോ എന്നതാണ്. ഇതിലൂടെ ആളുകളെ കമ്പനിക്ക് വളരെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. ഇത് സ്വകാര്യതയുടെ ലംഘനവുമാണ്.

മറ്റൊരു പ്രശ്‌നം ഡേറ്റ സംഭരണ രീതിയാണ്. തങ്ങള്‍ മിററിങ്ങിനു തയാറാണെന്നാണ് വ്ടാസാപ് പറയുന്നത്. അതായത് ഇന്ത്യക്കാരുടെ ഡേറ്റ ഇന്ത്യയിലും അവരുടെ വിദേശ സെര്‍വറുകളിലും ഒപ്പം സംഭരിക്കും. എന്നാല്‍, ഇന്ത്യയുടെ കടുംപിടുത്തത്തിനു വഴങ്ങി ഇന്ത്യയില്‍ മാത്രം സെര്‍വര്‍ വയ്ക്കുന്നതായിരിക്കും അവര്‍ക്ക് പെയ്‌മെന്റുമായി മുന്നോട്ടു പോകണമെങ്കില്‍ എളുപ്പ വഴിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡേറ്റ മുഴുവന്‍ ഇന്ത്യയില്‍ മാത്രമാക്കണമെങ്കില്‍ ഇന്ത്യക്കാര്‍ക്കു മാത്രമായി വേറൊരു വാട്‌സാപ് അവതരിപ്പിക്കുന്നതു പോലെ പ്രശ്‌നമുള്ള കാര്യമാണെന്നും അതുപോലെ, പല പുതുമകളും അവര്‍ക്ക് എളുപ്പത്തില്‍ ഇന്ത്യയില്‍ എത്തിക്കാനാകില്ല എന്നുമൊക്കെയാണ് വാട്‌സാപ് മുന്നോട്ടുവയ്ക്കുന്ന ന്യായങ്ങള്‍. എന്നാല്‍ വാട്‌സാപ്പിന് ഇന്ത്യയെ അവഗണിക്കാനുമാകില്ല. അവരുടെ 150 കോടി ഉപയോക്താക്കളില്‍ 20 കോടിയും ഇന്ത്യക്കാരാണ്. ലോകത്ത് ഏറ്റവുമധികം വാട്‌സാപ് ഉപയോക്താക്കളുള്ള രാജ്യവും ഇന്ത്യയാണ്. 

ടെക്‌നോളജി കമ്പനികള്‍ എന്തിനാണ് ഇതിനുമാത്രം ഡേറ്റ ശേഖരിക്കുന്നതെന്നാണ് മറ്റൊരു വിശകലന വിദഗ്ധന്‍ ചോദിച്ചത്. ഇതെല്ലാം ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ തന്നെയാകണം. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നിയമം കൊണ്ടുവന്നുകഴിഞ്ഞാല്‍ വാട്‌സാപ്പിനൊപ്പം ഗൂഗിള്‍, ഫെയ്‌സ്ബുക്, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെയൊക്കെ പ്രവര്‍ത്തനത്തെ അതു ബാധിക്കാം. ലോകമെമ്പാടും പല രാജ്യങ്ങളും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടിത്തുടങ്ങിയെന്നതാണ് മറ്റൊരു വസ്തുത. യൂറോപ്പിന്റെ ഡേറ്റ പ്രൊട്ടക്‌ഷന്‍ നിയമം അടക്കുമുള്ള കാര്യങ്ങള്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ടെക് കമ്പനികളുടെ ഒളിഞ്ഞു നോട്ടത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കാണാം.

ഇന്ത്യയില്‍ വ്യാജവാര്‍ത്തയിലൂടെ നടന്ന പല ആക്രമണങ്ങള്‍ക്കും വാട്‌സാപ്പിനെ മാത്രം പ്രതിയാക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്തായാലും സർക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങി വാട്‌സാപ് ഇന്ത്യയില്‍ ഒഫീസ് തുടങ്ങുകയും പല ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. സർക്കാരാകട്ടെ വാട്‌സാപ് എടുക്കുന്ന നടപടികളില്‍ തൃപ്തി കാണിച്ചു തുടങ്ങിയതായും വാര്‍ത്തകളുണ്ട്. കാര്യങ്ങള്‍ ശരിയാകുകയാണെങ്കില്‍ താമസിയാതെ വാട്‌സാപ്പിന്റെ മൊബൈല്‍ പെയ്‌മെന്റ് സിസ്റ്റം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും.

related stories