Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തിക സ്വകാര്യത: ആപ്പിളിന് മുന്നിൽ കീഴടങ്ങി ഫെയ്‌സ്ബുക്

tim-zuckerberg

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒന്നും നോക്കാതെ കടന്നുകയറുന്ന രണ്ടു കമ്പനികളാണ് ഗൂഗിളും ഫെയ്‌സ്ബുക്കും. ഇന്റര്‍നെറ്റില്‍ ആളുകള്‍ സഞ്ചരിക്കുന്ന വഴികള്‍ നോക്കിക്കാണാനും അതു രേഖപ്പെടുത്താനും രണ്ടു കമ്പനികളും ആവുന്നത്ര ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സഞ്ചാരവും മറ്റും അവര്‍ക്ക് എളുപ്പത്തില്‍ ട്രാക്കു ചെയ്യാനാകും. എന്നാല്‍, അല്ലാത്തവരെയോ? അതിനും പല വഴികളുമുണ്ട്. ഫ്രീ ആപ്പുകളാണ് പല കമ്പനികളും ഇക്കാര്യത്തിനായി നിര്‍മിച്ചിടുന്നത്. ഫെയ്‌സ്ബുക്കിന്റെ ഒരു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ആപ്പായിരുന്നു (വിപിഎന്‍) ഒണാവോ പ്രൊട്ടക്ട് (Onavo Protect). ഇത് ഉപയോഗിച്ചു കഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തു നിന്ന് എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പല വെബ്‌സൈറ്റുകളിലേക്കും കടക്കാമെന്നതാണ് മെച്ചം. 

എന്നാല്‍, ഈ ആപ്പിലൂടെ ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് സഞ്ചാരം മുഴുവനും ഫെയ്‌സ്ബുക്കിനു കാണാനുമാകും. ആപ്പിള്‍, ഒണാവോ പ്രൊട്ടക്ടിനെ തങ്ങളുടെ ആപ് സ്റ്റോറില്‍ നിന്നു പുറത്താക്കി. അവരുടെ ഉപയോക്താക്കളെ ഫെയ്‌സ്ബുക്കിന്റെ ഒളിഞ്ഞു നോട്ടത്തില്‍ നിന്നു രക്ഷിക്കാനാണ് ഇതു ചെയ്തിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍.

വെബ്‌സൈറ്റുകളും ആപ്പുകളും നടത്തുന്ന ആവശ്യമില്ലാത്ത ഡേറ്റ ശേഖരണത്തിനെതിരെ അവരുടെ നിയമങ്ങള്‍ ആപ്പിള്‍ കഴിഞ്ഞ ജൂണില്‍ പുതുക്കിയിരുന്നു. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ചെയ്തികള്‍ക്കൊപ്പം ആപ്പിളിന്റെ പ്രവര്‍ത്തികളും നിരീക്ഷണവിധേയമാണെന്ന് കമ്പനിക്കറിയാം. ലോകമെമ്പാടുമുള്ള നിയമ നിര്‍മാതാക്കളും മറ്റും ഡേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്. ഒണാവൊ പ്രൊട്ടക്ടികലൂടെ ഫെയ്‌സ്ബുക് അവരുടെ വൈരികളെക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. തങ്ങളെ നിരീക്ഷിക്കാന്‍ അനുവദിക്കുന്നതിനു പകരമായി (പല ഉപയോക്താക്കള്‍ക്കും ഇതിന്റെ ഗൗരവം ഇനിയും പിടികിട്ടിയിട്ടില്ല) ഡേറ്റ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വാഗ്ദാനം. ഉപയോക്താവിന്റെ ചെയ്തികള്‍ മുഴുവന്‍ അവരുടെ സെര്‍വറുകളിലൂടെ വഴിതിരിച്ചു വിടുകയാണ് ഫെയ്‌സ്ബുക് ചെയ്തിരുന്നത്. മറ്റൊരു ഗുണമായി ഉപയോക്താക്കളോടു പറഞ്ഞിരുന്നത് പല ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും നിങ്ങള്‍ സുരക്ഷിതരായിരിക്കുമെന്നാണ്. 

ആപ്പിള്‍ ഫെയ്‌സ്ബുക്കിനു മുന്നില്‍ വച്ച നിര്‍ദേശം നിങ്ങള്‍ തന്നെ ആ ആപ് അങ്ങു പിന്‍വലിക്കുന്നതാണ് നല്ലതെന്നാണ്. ആപ്പിളിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞത്, അവരുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആപ്പുകള്‍, ഉപയോക്താവിന്റെ ഫോണിലും മറ്റും ഇന്‍സ്‌റ്റാള്‍ ചെയ്തരിക്കുന്ന മറ്റ് ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപയോക്താവിന്റെ ഡേറ്റ ഉപയോഗിച്ച് ഗവേഷണം നടത്തുന്നതിനുമൊക്കെ ഇനിമേല്‍ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ്. എന്തായാലും, ഫെയ്‌സ്ബുക് അവരുടെ ഒണാവോ പ്രൊട്ടക്ട് ആപ് നീക്കം ചെയ്യാന്‍ സമ്മതിച്ചിരിക്കുകയാണ്.