വോഡഫോണ്‍-ഐഡിയ ലയനത്തെ കളിയാക്കി ജിയോ; ട്വീറ്റ് യുദ്ധത്തിലും ജിയോ

ബിസിനസ് കമ്പനികള്‍ തമ്മില്‍ പരസ്യങ്ങളിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും കളിയാക്കല്‍ നടക്കാറുണ്ട്. അമേരിക്കയില്‍ സാംസങ്ങിന്റെ പരസ്യങ്ങളില്‍ പലതും ആപ്പിളിനെ ലക്ഷ്യം വയക്കുന്നവയാണെന്നു കാണാം. (ആപ്പിള്‍ അതു കണ്ടില്ലെന്നു നടിക്കാറാണു പതിവ്) പരസ്യ യുദ്ധങ്ങള്‍ കൂടാതെയാണ് സോഷ്യൽമീഡിയകളിലെ ചെറിയ തട്ടും തടവും.

അടുത്ത നാള്‍ നടന്ന ഐഡിയ-വോഡഫോണ്‍ ലയനത്തെ ഒന്നു 'തലോടാന്‍' റിലയൻസ് ജിയോയുടെ സമൂഹ്യമാധ്യമ വിഭാഗം തീരുമാനിക്കുകയായിരുന്നു. അവര്‍ നടത്തിയ ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു: 'Bringing People Together Since 2016. @VodafoneIN @Idea #WithLoveFromJio'

(2016 മുതല്‍ ആളുകളെ ഒരുമിപ്പിക്കുന്നു; @VodafoneIN @Idea #സ്‌നേഹപൂര്‍വ്വം ജിയോ) എന്നായിരുന്നു അര്‍ഥഗര്‍ഭമായ അവരുടെ ട്വീറ്റ്. നില്‍ക്കക്കളളിക്കുവേണ്ടി ഒരുമിക്കേണ്ടി വന്ന മുന്‍വൈരികളെ ഒന്നു തലോടുകയാണ് ജിയോ ചെയ്തതെന്ന് ആര്‍ക്കും മനസിലാകും.

ഇതിനു മറുപടിയായി വോഡഫോണ്‍, ഐഡിയയുമായുള്ള തങ്ങളുടെ ലയനത്തെ ഔദ്യോഗികമാക്കുന്നതിനെപ്പറ്റിയും ഇരുകമ്പനികള്‍ക്കുമായി ഒരു വെബ്‌സൈറ്റ് തുടങ്ങുന്നതിനെപ്പറ്റിയുമാണ് ട്വീറ്റ് ചെയ്തത്: 'Yeah @Idea. It's time we made it official. https://www.vodafoneidea.com/ 

ആദ്യം ട്വീറ്റു ചെയ്തത് ഐഡിയയായിരുന്നു: 'Hey, @VodafoneIN you know they're all talking about us.'  (അവരെല്ലാം നമ്മളെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാണ് വോഡഫോണിനുള്ള ട്വീറ്റില്‍ അവര്‍ പറഞ്ഞത്.

കമ്പനികളുടെ ട്വിറ്ററിലെ 'ചിലയ്ക്കല്‍' കഴിഞ്ഞപ്പോള്‍ ഈ കമ്പനികളുടെ ആരാധകര്‍ അതേറ്റെടുത്തു. തുടക്കത്തില്‍ ഐഡിയയയ്ക്ക് 207 റീട്വീറ്റുകളും 800 ലൈക്കുകളും ലഭിച്ചു. വോഡഫോണിനാകട്ടെ, 580 റീട്വീറ്റുകളും, 800 ലൈക്കുകളും ലഭിച്ചു. എന്നാല്‍, ജിയോയ്ക്ക് 5100 റീട്വീറ്റുകളും, 9500 ലൈക്കുകളും കിട്ടി.

വോഡാഫോണ്‍-ഐഡിയ ലയനത്തിന് അടുത്തകാലത്താണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പച്ചക്കൊടി കാണിച്ചത്. ലയനത്തിനു ശേഷം ഇനി മൂന്നു വലിയ സേവനദാദാക്കളായിരിക്കും അവശേഷിക്കുക- എയര്‍ടെല്‍, ജിയോ ഇന്‍ഫോകോം, വോഡഫോണ്‍-ഐഡിയ. 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജിയോ ഇന്ത്യന്‍ ടെലികോം മേഖലയെ മാറ്റിമറിക്കുകയായിരുന്നല്ലൊ.