Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്‌സ്ബുക്കിനെതിരെ രോഷം; അക്കൗണ്ട് ഡിലീറ്റുചെയ്യൽ തുടരുന്നു

facebook-1

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമ സര്‍വീസായ ഫെയ്‌സ്ബുക്കിന് വമ്പന്‍ തിരിച്ചടി നല്‍കി മൂന്നിലൊന്നോളം അമേരിക്കന്‍ പൗരന്മാര്‍ അക്കൗണ്ട് ഡിലീറ്റു ചെയ്തതായി സര്‍വെ (Pew survey) വെളിപ്പെടുത്തല്‍.

സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്‌സ്ബുക്കിനെ കാര്യമായി ബാധിച്ചു എന്നു തന്നെയാണ് റിപ്പോര്‍ട്ട് പറയുന്നത്. രാഷ്ട്രീയ മുതലെടുപ്പ്, വെബ്‌സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ പറയുന്നത്. ഞങ്ങള്‍ നിങ്ങള്‍ക്കു സൗജന്യ സേവനം നല്‍കുന്നു, നിങ്ങളുടെ ചെയ്തികള്‍ അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട് എന്ന ഫെയ്‌സ്ബുക്കിന്റെ സമീപനത്തിന് ഏറ്റ തിരിച്ചടിയാണിതെന്നും ചിലര്‍ പറയുന്നു. വിദ്വേഷവും, പകയും, വിവാദങ്ങളും, വ്യാജവാര്‍ത്തകളു പരത്താനും ഫെയ്‌സ്ബുക്കിനെ പലരും ഉപയോഗിക്കുന്നു. ഇതൊന്നും തടയാനും കമ്പനിക്കായിട്ടില്ല. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ വിദേശ ശക്തികളെ അനുവദിച്ചു എന്നതും ജനരോഷത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്.

ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലേറ്റ അടി മറ്റു രാജ്യങ്ങളിലേക്കും പകരുമോ എന്നാണ് കമ്പനിയുടെ പേടി. സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും താഴെ പറയുന്ന മാറ്റങ്ങളില്‍ ഒന്നെങ്കിലും വരുത്തിയിട്ടുണ്ട്:

സ്വകാര്യതാ സെറ്റിങ്‌സില്‍ മാറ്റം വരുത്തി

താത്കാലികമായി ഫെയ്ബുക്കില്‍ നിന്നു പിന്മാറി

പൂര്‍ണമായും ഡിലീറ്റു ചെയ്തു

നാലിലൊന്നിലേറെ ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്ക് പാടെ ഡീലീറ്റു ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്‌സില്‍ ബലപ്പെടുത്തല്‍ നടത്തി. 42 ശതമാനം പേര്‍ ആപ് ഉപയോഗം താത്കാലികമായി നിറുത്തി.

18നും 29നുമിടയില്‍ പ്രായമുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ 64 ശതമാനം പേരും പ്രൈവസി സെറ്റിങ്‌സ് അഡ്ജസ്റ്റു ചെയ്‌തെങ്കില്‍, 65 വയസിലേറെ പ്രായമുള്ളവരില്‍ 33 ശതമാനം പേരാണ് സ്വകാര്യതാ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയത്. ഇത് ഫെയ്‌സ്ബുക്കിന്റെ ഡീഫോള്‍ട്ട് സെറ്റിങ്‌സിനെ എത്രമാത്രം ആളുകള്‍ അവിശ്വസിക്കുന്നുവെന്ന് കാണിക്കുന്നു. ഫെയ്‌സ്ബുക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞത് തങ്ങളുടെ സ്വകാര്യതാ സെറ്റിങ്‌സ് കൂടുതല്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന രീതിയിലാക്കിയെന്നാണ്. ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡേറ്റയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുമെന്നാണ് അവര്‍ വാദിക്കുന്നത്.

എന്നാല്‍, ഫെയ്‌സ്ബുക്കിനെ ഏറ്റവും ഭയപ്പെടുത്തുന്നത് അക്കൗണ്ട് ഡിലീറ്റു ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനയാണ്. പുതിയ ആളുകള്‍ സൈനപ്പ് ചെയ്യുന്നതും വല്ലാതെ കുറഞ്ഞിരിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ തങ്ങള്‍ക്ക് ഉണര്‍വുതന്നെയാണോ തരുന്നതെന്ന് പലരും ചോദിച്ചു തുടങ്ങിയിരിക്കുന്നതായി ഒരു വിശകലനവിദഗ്ദ്ധന്‍ പറഞ്ഞു. തങ്ങളുടെ സമയനഷ്ടം സാധൂകരിക്കുന്നുണ്ടോ? ആവേശത്തോടെ നടത്തുന്ന പോസ്റ്റുകള്‍ ഭാവിയില്‍ തിരിഞ്ഞു കൊത്തുന്ന അനുഭവങ്ങളും പലര്‍ക്കുമുണ്ട്. ഫെയ്‌സ്ബുക്കില്‍നിന്നുള്ള കൊഴിഞ്ഞു പോക്കു ശരിവയ്ക്കുന്ന മറ്റു റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ഇല്ല എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തിമ തീരുമാനമെടുക്കാന്‍ പുതിയ ഗവേഷണ ഫലങ്ങള്‍ക്കായി കാത്തിരിക്കുയാണ് പലരും.