Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിയമം തെറ്റിച്ചാല്‍ അമേരിക്കൻ മേധാവി ട്രംപിനെയും പുറത്താക്കും’

Donald Trump

ട്വിറ്ററില്‍ അതിരുവിട്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായാലും പണികിട്ടുമെന്ന് വ്യക്തമാക്കി ട്വിറ്റര്‍. വാര്‍ത്താപ്രാധാന്യമുള്ള രാഷ്ട്രമേധാവികള്‍ അടക്കമുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സവിശേഷമായാണ് കണക്കാക്കുന്നത്. എന്നാല്‍ അതിനര്‍ഥം പ്രഖ്യാപിത നിയമാവലി ഇവര്‍ക്ക് ബാധകമല്ലെന്നല്ല. ട്വിറ്ററിന്റെ ലീഗല്‍ ആന്റ് പോളിസി മേധാവി വിജയ ഗാഡെ പൊളിറ്റിക്കോയോട് വ്യക്തമാക്കി. 

5.42 കോടി പേരാണ് ട്വിറ്ററില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോളോ ചെയ്യുന്നത്. ട്രംപിന്റെ വിവാദമായ പല പ്രഖ്യാപനങ്ങളും ട്വീറ്റിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറ്. ഒരു വര്‍ഷം മുൻപാണ് ഉത്തരകൊറിയക്കെതിരെ ട്വിറ്ററിലൂടെ ട്രംപ് പരസ്യമായ വെല്ലുവിളി നടത്തിയത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി യുഎന്നില്‍ പ്രസംഗിക്കുന്നതിന് മുൻപായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഉത്തരകൊറിയയുടെ ചെറിയ റോക്കറ്റ് മനുഷ്യന്റെ ചിന്തകളാണ് യുഎന്നിലും അവര്‍ പങ്കുവെക്കുന്നതെങ്കില്‍ അധികകാലത്തേക്ക് അവരുണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി. 

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിക്കെതിരെയായിരുന്നു ജൂലൈയില്‍ ട്രംപ് ആഞ്ഞടിച്ചത്. ഒരിക്കല്‍ കൂടി അമേരിക്കക്കെതിരെ ഭീഷണിയുമായി വന്നാല്‍ ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. 

വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കപ്പെട്ട ജീവനക്കാരി ഒമറോസക്കെതിരെയും അധിക്ഷേപത്തിന്റെ ഭാഷയിലായിരുന്നു ട്രംപ് പ്രതികരിച്ചത്. ഭ്രാന്തിയെന്നും പട്ടിയെന്നും വരെ ട്രംപ് അവരെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചു. ട്രംപും ഭാര്യ മെലാനിയയും വൈകാതെ വിവാഹമോചിതരാകുമെന്നതടക്കമുള്ള വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടുള്ള ഒമറോസയുടെ പുസ്തകം വിവാദമായിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. 

ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ പലരില്‍ നിന്നും ട്വിറ്റര്‍ സെന്‍സറിങ് നടത്തുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആരുടേയും പക്ഷം പിടിക്കുന്ന നിലപാടല്ല ട്വിറ്ററിനെന്ന് സിഇഒ ജാക്ക് ഡോര്‍സി വ്യക്തമാക്കി രംഗത്തെത്തിയത്. അധിക്ഷേപം തുടര്‍ന്നാല്‍ അത് അമേരിക്കന്‍ പ്രസിഡന്റായാലും നടപടി നേരിടേണ്ടി വരുമെന്നാണ് ട്വിറ്റര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.