Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ ബാറ്ററിയെ രക്ഷിക്കാൻ വാട്സാപ്; രാത്രി ചാറ്റിന് സൗകര്യം

whatsapp

രാത്രി വരെ നീളുന്ന ചാറ്റല്‍ ഉപയോക്താവിന്റെ കണ്ണു ഫ്യൂസായി പോകുന്നതിന്റെ സാധ്യത കുറയ്ക്കാനും ഫോണിന്റെ ബാറ്ററിലൈഫ് വര്‍ധിപ്പിക്കാനും ഉതകുന്ന രീതിയിലായിരിക്കും വാട്‌സാപ്പിന്റെ അടുത്ത പതിപ്പ്. ഡാര്‍ക് മോഡ് എന്നാണ് പുതിയ സെറ്റിങ്‌സിന് പേരിട്ടിരിക്കുന്നത്. ഈ മോഡ് ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാല്‍ വാട്‌സാപ്പിന്റെ ഐക്കണുകളും മെന്യുവും ബാക്ഗ്രൗണ്ടുമെല്ലാം ഇരുണ്ട നിറങ്ങളാല്‍ നിറയും. കൂരിരുട്ടില്‍ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു നടത്തുന്ന ചാറ്റ് സെഷനുകളില്‍ ഫോണിന്റെ സ്‌ക്രീന്‍ കണ്ണഞ്ചിക്കുന്ന രീതിയിലാണ് പ്രകാശിക്കുന്നത്. അമിതമായി ഇരുട്ടില്‍ നടത്തുന്ന ചാറ്റുകള്‍ അന്ധതയിലേക്കുള്ള പ്രയാണമായിരിക്കാം.

ഉപയോക്താക്കളുടെ രീതികള്‍ വ്യക്തമായി അറിയാവുന്ന വാട്‌സാപ് പുതിയ ഇന്റര്‍ഫെയ്‌സിലൂടെ ഉപയോക്താക്കളെ ചെറുതായി സഹായിക്കാന്‍ ശ്രമിക്കുകയാണ്. ഫോണിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കുന്നതു കൊണ്ട് ഈ നീക്കത്തിന്റെ ഉപോല്‍പന്നമായി ബാറ്ററി ലൈഫ് നീണ്ടും കിട്ടും.

വാട്‌സാപ് മാത്രമല്ല ഈ മോഡ് നല്‍കുന്നത്. യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ ആപ്പുകളും ഫീച്ചര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ബീറ്റാ വേര്‍ഷനില്‍ എത്തിയ ഡാര്‍ക് മോഡ് അടുത്ത വാട്‌സാപ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ലോകവ്യാപകമായി ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ് കരുതുന്നത്.

ഫോണുകളുടെയും മറ്റും സ്‌ക്രീനുകളില്‍ നിന്നുവരുന്ന നീല വെളിച്ചം ഉറക്കത്തെയും ബാധിക്കുന്നു. ഈ വെളിച്ചം മനുഷ്യരുടെ ജൈവ ഘടികാരത്തെ തെറ്റിധരിപ്പിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനാല്‍, രാത്രിയില്‍ ദീര്‍ഘനേരം ഇത്തരം സ്‌ക്രീനുകളുടെ വെളിച്ചം വേണ്ടെന്നാണ് അവര്‍ പറയുന്നത്.

ഡാര്‍ക് മോഡ് അല്ലെങ്കില്‍ നൈറ്റ് മോഡ് സ്‌ക്രീനുകളുടെ കളര്‍സ്‌കീമിനു മാറ്റം വരുത്തുന്നു. ഇതിലൂടെ കണ്ണിനും മൊത്തം ശരീരത്തിനും ചെറിയ ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. ഓലെഡ് സ്‌ക്രീനുകളുള്ള സ്മാര്‍ട് ഫോണുകളില്‍ ഇത് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും കരുതുന്നു.

നീല വെളിച്ചമടിച്ചിരിക്കുന്നത് കാപ്പി കുടിക്കുന്നതിനു തുല്യമോ?

സ്മാര്‍ട് ഫോണ്‍ സ്‌ക്രീനുകളുടെയും മറ്റും നീലവെളിച്ചമടിച്ചിരിക്കുന്നത് ജൈവഘടികാരത്തെ തെറ്റിധരിപ്പിക്കുകയും, ഉറക്കത്തെ ബാധിക്കുകയും, ഇത് പിന്നീട് ശരീരത്തിനു മൊത്തം പ്രശ്‌നങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു എന്നാണല്ലോ കണ്ടെത്തല്‍. ഉറങ്ങാന്‍ പോകുന്നതിനു മുൻപ് ഈ വെളിച്ചമടിക്കുന്നതിലൂടെ ഉറക്കത്തില്‍ നിന്നു ലഭിക്കേണ്ട സ്വാസ്ഥ്യം ഇല്ലാതാക്കുന്നു. ശരീരത്തിലുള്ള മെലാട്ടോണിന്‍ (melatonin) എന്ന രാസവസ്തുവിന്റെ പ്രവൃത്തി തടയുന്നു. മെലാടോണിന്‍ ആണ് ജൈവഘടികാരത്തെ നിയന്ത്രിക്കുന്നത്.

എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം ഇതിന് ചില ഗുണങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശരിയായ സമയത്ത് ഉപയോഗിച്ചാല്‍ നീലവെളിച്ചം തലച്ചോറിന് കൂടുതല്‍ ജാഗ്രത നല്‍കുമെന്നാണ് പറയുന്നത്. മിഡ് സ്വീഡന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവഷകരുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ കാപ്പിയില്‍ നിന്നു ലഭിക്കുന്ന കഫീനിന്റെ (caffeine) പ്രവര്‍ത്തനം തലച്ചോറിനെ ബാധിക്കുന്ന രീതിയിലാണ് നീല വെളിച്ചവും പ്രവര്‍ത്തിക്കുന്നത്.

നീലവെളിച്ചമടിച്ചിരുന്നവര്‍ പല ബ്രെയ്ന്‍ ടെസ്റ്റുകളിലും മികച്ച പ്രകടനം നടത്തി എന്നതാണ് ഗവേഷകരെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. എന്നാല്‍, നീല വെളിച്ചം അസമയത്തടിച്ചാല്‍ അത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

എന്തായാലും, നീലവെളിച്ചം കുറയ്ക്കാനുള്ള ശ്രമത്തിനു കൈയ്യടി കിട്ടുമ്പോള്‍ പോലും വാട്‌സാപ്പിനു വിമര്‍ശകരുമുണ്ട്. തങ്ങളുടെ ഉപോയ്ക്തക്കളെ കൊണ്ട് കൂടുതല്‍ പണിയെടുപ്പിച്ച് വെറുതെയിരുന്ന കാശുണ്ടാക്കാനുള്ള നീക്കമാണ് അവര്‍ നടത്തുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

related stories