Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കള്ളൻ കപ്പലിൽ തന്നെയോ’? ആക്രമിച്ചതാരെന്ന് പറയില്ല: സക്കർബർഗ്

zuckerberg

ഫെയ്സ്ബുക്കിനു നേരെ നടന്ന ഹാക്കര്‍മാരുടെ ആക്രമണത്തിന് പുറകില്‍ ആരെന്ന് വെളിപ്പെടുത്തില്ലെന്ന് കമ്പനി മേധാവി സക്കർബർഗ് അറിയിച്ചു. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം നടക്കുന്നതിനാലാണ് ഫെയ്സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ ചോര്‍ച്ചയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാത്തത്. എഫ്ബിഐയുടെ തന്നെ നിര്‍ദ്ദേശത്തിലാണ് ഫെസ്ബുക് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സൂചനയുണ്ട്. എന്നാൽ കള്ളൻ കപ്പലിൽ തന്നെയാണെന്നും ഇതിനാലാണ് ആക്രമിച്ചതാരെന്ന് വെളിപ്പെടുത്താൻ സക്കർബർഗ് മടിക്കുന്നതെന്നും സോഷ്യൽമീഡിയ ഉപയോക്താക്കൾ ആരോപിച്ചു. 

അതേസമയം, തങ്ങള്‍ക്കുനേരെ സൈബര്‍ ആക്രമണം നടത്തിയത് ആരാണെന്നതിനെക്കുറിച്ച് വ്യക്തതയോ സൂചനയോ ഫെയ്സ്ബുക്കിനുണ്ടെന്നും കരുതപ്പെടുന്നുണ്ട്. രണ്ട് ആഴ്ചകള്‍ക്ക് മുൻപാണ് അഞ്ച് കോടിയോളം ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നെന്ന് കമ്പനി അറിയിച്ചത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ 2.9 കോടി അക്കൗണ്ടു വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വ്യക്തമായി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരിയില്‍ മൂന്നു ശതമാനത്തോളം ഇടിവുണ്ടായി. 

പുറത്തായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ഫെയ്സ്ബുക്കിന് വ്യക്തതയില്ല. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളേയോ ഫേസ്ബുക്കിന്റെ തന്നെ വാട്‌സാപ്പിനേയോ ഇന്‍സ്റ്റഗ്രാമിനേയോ സൈബര്‍ ആക്രമണം ബാധിച്ചിട്ടില്ലെന്നും ഫെയ്സ്ബുക് അറിയിച്ചിരുന്നു. 

ഫെയ്സ്ബുക് ഉപയോക്താക്കളുടെ പേര്, ഇമെയില്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് പ്രധാനമായും ചോര്‍ത്തപ്പെട്ടത്. 2.9 കോടി ഫെയ്സ്ബുക് അക്കൗണ്ടുകളില്‍ നിന്നും ഈ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. 1.4 കോടി അക്കൗണ്ടുകളില്‍ നിന്നും ജനനതീയതി, അവസാനം സന്ദര്‍ശിച്ച 10 സ്ഥലങ്ങള്‍ 15 അവസാന സെര്‍ച്ച് വിവരങ്ങള്‍ എന്നിവയും മോഷ്ടിക്കപ്പെട്ടു. ഹാക്കര്‍മാരുടെ ആക്രമണത്തിനിരയായ അക്കൗണ്ടുകളിലേക്ക് ഫെയ്സ്ബുക്ക് സന്ദേശം അയക്കുന്നുണ്ട്.

related stories