Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക ചൂഷണം, ലഹരി, സെക്സ് റാക്കറ്റ്; ടെക് കമ്പനികൾക്ക് വേണ്ടത് പണവും...

Representational image

നിങ്ങള്‍ക്ക് സോഷ്യൽമീഡിയ ആസക്തിയുണ്ടോ? നിങ്ങളുടെ വീട്ടില്‍ കുട്ടികളുണ്ടോ? എങ്കില്‍ ഈ ലേഖനം വായിച്ചിരിക്കണം. പടിഞ്ഞാറന്‍ നാടുകള്‍പോലും സാങ്കേതികവിദ്യയുടെ അഡിക്‌ഷന്‍ സമൂഹത്തിലും വ്യക്തകിളിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞു വരുന്നതെയുള്ളു. വ്യക്തിയിലും, കുടുംബങ്ങളിലും, കുട്ടികളിലും, സമൂഹങ്ങളിലും അവ വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്?

സമൂഹമാധ്യമങ്ങളിലൂടെ അവരുടെ സ്വരവും ഏതെങ്കിലും വിധത്തില്‍ കേള്‍പ്പിക്കാനാകുമെന്ന കാര്യം പല സാധാരണക്കാരും ആഹ്ലാദത്തോടെയാണ് കണ്ടിരുന്നത്. നിയന്ത്രണങ്ങളില്ലാതെ സംവാദിക്കാനാകുക എന്നത് ചിലര്‍ക്കെങ്കിലും സ്വാതന്ത്ര്യം ലഭിച്ച തോന്നല്‍ നല്‍കി. എന്നാല്‍, ഇതിനൊരു മറുപുറവും ഉണ്ട്. ആരെക്കുറിച്ചു വേണമെങ്കിലും ഇല്ലാത്ത കാര്യങ്ങള്‍ പടച്ചുവിടാവുന്ന സ്ഥലവും കൂടിയായി തീര്‍ന്നു സാമൂഹ്യമാധ്യമങ്ങളെന്നു കാണാം. മോശം പോസ്റ്റുകളും, ചിത്രങ്ങളും ആരെക്കുറിച്ചും ഏതു സമയത്തും ഉണ്ടാകാം. ഇതാകട്ടെ മാനഹാനിയും സമയനഷ്ടവുമൊക്കെ വരുത്തുകയും ചെയ്യും. 

കുട്ടികളിലും, അധികം മനക്കട്ടിയില്ലാത്ത ആളുകളിലും ഇതിന്റെ ആഘാതം ചെറുതായിരിക്കില്ലെന്നു പറയേണ്ട കാര്യമില്ലല്ലോ. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളിലെ ഭീതിയും ആശങ്കയും ഇന്റര്‍നെറ്റ് ക്രിമിനലുകളുടെ ആക്രമണത്തെത്തുടര്‍ന്നായിരിക്കാം. ഈ സാധ്യത എപ്പോഴും മനസില്‍ വയ്ക്കണം. ഒപ്പം, വ്യാജവാര്‍ത്തകളുടെ സൃഷ്ടിയും യഥേഷ്ടം നടക്കുന്നുണ്ടല്ലോ. ഇതാകട്ടെ, തിരഞ്ഞെടുപ്പുകളെ പോലും ബാധിക്കുമെന്നും കണ്ടുകഴിഞ്ഞു. ഇതിനെതിരെ ചില രാജ്യങ്ങളെങ്കിലും ഉണര്‍ന്നു തുടങ്ങി എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഇത്തരം ആക്രമണങ്ങള്‍ക്കൊക്കെ നിലമൊരുക്കിക്കൊടുത്ത്, തങ്ങളൊന്നുമറിഞ്ഞില്ല എന്ന രീതിയില്‍ തുടര്‍ന്നുവന്ന മൂന്ന് ഇന്റര്‍നെറ്റ് ഭീമന്മാരെ ബ്രിട്ടനിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റി വിളിച്ചുവരുത്തി താക്കീതു നല്‍കി. ഫെയ്‌സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളെയാണ് വിളിച്ചുവരുത്തിയത്. അവരെക്കൊണ്ട് 30 ദശലക്ഷം നിയമവിരുദ്ധവും കുറ്റകരവുമായ പോസ്റ്റുകളാണ് നീക്കം ചെയ്യിപ്പിച്ചത്. ഇവയില്‍ 20 ദശലക്ഷം പോസ്റ്റുകളും നഗ്ന ചിത്രങ്ങളായിരുന്നു. നിങ്ങള്‍ എങ്ങനെയാണ് ഈ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നാണ് അവരോട് ബ്രിട്ടിഷ് എംപിമാരടക്കമുള്ള കമ്മിറ്റി ചോദിച്ചത്. അശ്ലീലത, വ്യാജവാര്‍ത്ത, ലഹരി കച്ചവടം, സെക്സ് റാക്കറ്റ്, വെറുപ്പു പരത്തുന്ന പോസ്റ്റുകള്‍, ഭീകരവാദം പോഷിപ്പിക്കുന്ന സന്ദേശങ്ങള്‍ ഇവയടക്കമുള്ള കാര്യങ്ങള്‍ വരുതിയില്‍ കൊണ്ടുവരാന്‍ എന്തെല്ലാം നടപടികളാണ് കൊണ്ടുവരാന്‍ പോകുന്നതെന്നാണ് കമ്മിറ്റിക്ക് അറിയേണ്ടിയിരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി സോഷ്യൽമീഡിയ വഴി നടക്കുന്ന, സ്വകാര്യ ലഹരി കച്ചവടവും സെക്സ് റാക്കറ്റ് ലോബികളും വ്യാപകമായിട്ടുണ്ട്.

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തില്‍ മാത്രമായി 20 ദശലക്ഷം നഗ്ന ചിത്രങ്ങള്‍ തങ്ങള്‍ നീക്കം ചെയ്തതായി ഫെയ്‌സ്ബുക്കിന്റെ ബ്രിട്ടനിലെ പബ്‌ളിക് പോളിസി മാനേജര്‍ കരിം പാലന്റ് സമ്മതിച്ചു. വെറുപ്പു പരത്തുന്ന മൂന്നു ദശലക്ഷം പോസ്റ്റുകളും നീക്കം ചെയ്തുവെന്നും അദ്ദേഹം സമ്മതിച്ചു. ഇതാകട്ടെ, തൊട്ടു മുൻപത്തെ മൂന്നു മാസകാലയളവിനെ അപേക്ഷിച്ച് 500,000 എണ്ണം കൂടുതലായിരുന്നുവത്രെ. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലും ആളുകള്‍ സ്മാര്‍ട് ഫോണുകളും ഇന്റര്‍നെറ്റ് കണക്‌ഷനുമൊക്കെയി 'ശാക്തീകരിക്കപ്പെടുമ്പോള്‍' ഇത്തരം സംഭവങ്ങളുടെ എണ്ണം വര്‍ധിക്കും. ഇത്തരം ആക്രമണങ്ങളെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഉപോല്‍പ്പന്നമായും കാണാം. ദുരുപോയഗം ചെയ്യുന്നവരുടെ എണ്ണവും ആനുപാതികമായി കൂടുന്നതാണ് കാരണം.

ദുരുപയോഗത്തിനെതിരെയുള്ള അങ്കത്തിനായി തങ്ങള്‍ ആഗോളതലത്തില്‍ 20,000 ജോലിക്കാരെ ഈ വര്‍ഷം തീരുന്നതിനു മുൻപായി നിയമിക്കുമെന്നും ഫെയ്‌സ്ബുക് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ഭീതി ഇല്ലാത്തവരായിരുന്നെങ്കില്‍ തങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്ക് എത്തില്ലായിരുന്നുവെന്നും പാലന്റ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ധാരാളം കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും, ഭീകരവാദത്തിനും മുന്‍ഗണന നല്‍കി ഇതിനെ ചെറുക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഇവ കൂടാതെ വ്യക്തികളില്‍ പ്രത്യാഘാതമുണ്ടാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. നിയമപരമല്ലാത്ത ഉള്ളടക്കം, ശല്യം ചെയ്യലും, വെറുപ്പു പ്രചരിപ്പിക്കലുമൊക്കെ നടക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. 

ട്വിറ്റര്‍ വൈസ്-പ്രസിഡന്റ് സിനീഡ് മക്‌സ്വീനി പറഞ്ഞത് പ്രശ്‌നക്കാരയ ഒരു ദശലക്ഷം അക്കൗണ്ടുകള്‍ 2015 നു ശേഷം ഡിലീറ്റു ചെയ്യേണ്ടതായി വന്നുവെന്നാണ്. ഇവയില്‍ 275,000 എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാമത്തെ പകുതിയിലാണ്. വെബ്‌സൈറ്റുകള്‍ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറരുതെന്നത് ഒരു കാര്യം. എന്നാല്‍, മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെമേല്‍ ഒരു കണ്ണുവയ്ക്കണമെന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. കുട്ടകള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ നോക്കണം. ഞങ്ങള്‍ നേരത്തെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന കുറ്റമേല്‍ക്കുന്നു. എന്നാല്‍, അടുത്തകാലത്തായി ആളുകളുടെ സുരക്ഷയ്ക്കു വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മക്‌സ്വീനി പറഞ്ഞു.

ഫെയ്‌സ്ബുക് ഉപയോഗ ദൂഷ്യങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്ക് എന്തു പറയാനുണ്ട്?

ഫെയ്‌സബുക്, ഗൂഗിൾ കമ്പനികളിൽ നിന്നും ജോലിവിട്ട ഒരുപറ്റം മുന്‍ ജോലിക്കാര്‍ അവർ ജോലിയെടുത്തിരുന്ന സ്ഥാപനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. ഫെയ്‌സ്ബുക് പോലെയുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലൂടെ സംഭവിക്കാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കാനാണ് അവരുടെ ഉദ്ദേശം. ടെക്‌നോളജിയുടെ ഉപയോഗം, വ്യക്തികളിലും, പ്രത്യേകിച്ച് കുട്ടികളിലും ചെറുപ്പക്കാരിലും, അതോടൊപ്പം മുഴുവന്‍ സൂഹത്തിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഘാതത്തെക്കുറിച്ചാണ് അവര്‍ വാചാലരാകുന്നത്. 

ഗൂഗിളിന്റെ നൈതികതാ (ethicist) വിഭാഗത്തില്‍ ജോലിയെടുത്തിരുന്ന ട്രിസ്റ്റന്‍ ഹാരിസാണ് 'സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ടെക്‌നോളജി' എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ധനസമ്പാദനം ലക്ഷ്യമല്ലാത്ത 'കോമണ്‍ സെന്‍സ് മീഡിയ'യുമായി ചേര്‍ന്ന് അവര്‍ അമേരിക്കന്‍ സർക്കാരിനുമേല്‍ ടെക് അഡിക്‌ഷനെതിരായി സമ്മര്‍ദ്ദം ചെലുത്താന്‍ ഒരുങ്ങുകയാണവര്‍.

അമേരിക്കയിലെ 55,000 സ്‌കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മറ്റും അവബോധം വളര്‍ത്താനുള്ള ശ്രമമാണ് അവരുടെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്ന്. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗത്തിലൂടെ ഉണ്ടാകാവുന്ന മാനസികപ്രശ്‌നങ്ങളാണ് അവര്‍ പറഞ്ഞു കൊടുക്കുക. ദി ട്രൂത് എബൗട് ടെക് എന്ന പേരില്‍ നടക്കുന്ന ഈ പ്രചാരണ പരിപാടി എങ്ങനെ കുടുംബ ബന്ധങ്ങളെയും രാഷ്ട്രീയ വിശ്വാസങ്ങളെയും വരെ താറുമാറാക്കുന്നുവെന്ന് കാണിച്ചു കൊടുക്കുന്നു. സാങ്കേതികവിദ്യ നല്‍കുന്ന കമ്പനികളുടെ ഉള്‍വിചാരങ്ങള്‍ തങ്ങള്‍ക്കറിയാമെന്നാണ് അവര്‍ പറയുന്നത്. 

ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും കമ്പനികള്‍ക്കുള്ളിലാണുള്ളത്. അവയാകട്ടെ ആളുകളുടെ, വിശേഷിച്ചും കുട്ടികളുടെ തലച്ചോറിനെ ലക്ഷ്യമാക്കി വച്ചിരിക്കുകയാണ്. 'സമൂഹത്തെ വലിച്ചു കീറകുയാണ് സമൂഹമാധ്യമങ്ങള്‍,' എന്നാണ് മുന്‍ ഫെയ്‌സ്ബുക് എക്‌സിക്യൂട്ടീവ് ആയിരുന്ന ചാമത്ത് ( Chamath Palihapitiya ) പറയുന്നത്. 2007ല്‍ ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന അദ്ദേഹം ഇപ്പോള്‍ പറയുന്നത് തനിക്ക് ഫെയ്‌സ്ബുക് എങ്ങനെ ഉപയോക്താക്കളുടെ മേല്‍ നടത്തുന്ന കൗശലക്കളികളുടെ ഭാഗമാകേണ്ടിവന്നതില്‍ അത്യന്തം കുറ്റബോധം തോന്നുന്നതായി പറഞ്ഞു. ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് കുറച്ചു കാലത്തേക്കെങ്കിലും പൂര്‍ണ്ണമായും വിട്ടു നിന്ന് അത് തങ്ങള്‍ക്കു കൊണ്ടുവരുന്ന മാറ്റം അനുഭവിക്കണമെന്നാണ് അദ്ദേഹം നല്‍കുന്ന ഉപദേശം. തങ്ങള്‍ക്ക് മുന്നറിയിപ്പു നൽകാന്‍ മാത്രമെ സാധിക്കൂ എന്നും അദ്ദേഹം പറയുന്നു. കുട്ടികള്‍ക്ക് സ്മാര്‍ട് ഉപകരണങ്ങളും വാങ്ങി നല്‍കി അവരുടെ ബെഡ് റൂമിലേക്കു വിട്ടേക്കുകയാണെങ്കില്‍ പരിപാടി കഴിഞ്ഞു..., എന്നാണ് അദ്ദേഹം പറയുന്നത്.

യുട്യൂബിലൂടെ കുട്ടികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിലും അനുചിതമായ ഉള്ളടക്കമുണ്ട്. 7.7 ദശലക്ഷം വിഡിയോ യുട്യൂബ് അടുത്തകാലത്ത് നീക്കം ചെയ്തു. കൂടാതെ 10,000 മോഡറേറ്റര്‍മാരെയാണ് യുട്യൂബ് ഈ വര്‍ഷം തന്നെ നിയമിക്കാന്‍ ഒരുങ്ങുന്നത്. അതായത് അത്രമാത്രം മോശം ഉള്ളടകം ഈ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലുണ്ട്. ലൈംഗിക ഉള്ളടക്കവും, വിദ്വേഷം പരത്തുന്ന ഉള്ളടക്കവും സുലഭമാണ്. ഇതില്‍ വലിയൊരു ഭാഗം കുട്ടികള്‍ തന്നെ സൃഷ്ടിച്ച് അപ്‌ലോഡ് ചെയ്തിരിക്കുന്നതാണ് എന്നതാണ് മറ്റൊരു പേടിപ്പിക്കുന്ന കാര്യമത്രെ. വിശ്വാസ്യത ഇല്ലാത്ത കണ്ടെന്റ് സമൂഹത്തെ പൂര്‍ണ്ണമായും ദുഷിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

സാങ്കേതികവിദ്യ നല്‍കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പണം വാരുക എന്ന ഒരു ലക്ഷ്യം മാത്രമെയുള്ളൂ എന്നും അറിയുക. ഇതിനായി അവര്‍ ആസക്തി സൃഷ്ടിച്ച് നിങ്ങളെക്കൊണ്ടു പണിയെടുപ്പിച്ചു കാശുകാരാകുന്നു. സമൂഹമാധ്യമ ആസക്തിയുണ്ടെന്നു തോന്നുന്നുണ്ടെങ്കില്‍ കുറച്ചു കാലമെങ്കിലും അതില്‍നിന്ന് ഒന്നു മാറി നിന്നു നോക്കൂ. അതുപോലെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിങ്ങളുടെ മേല്‍നോട്ടത്തിലാകട്ടെ.

related stories