Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്‌സഭാ തിര: വോട്ടർമാരെ വഴിതെറ്റിക്കാൻ അനുവദിക്കില്ലെന്ന് ഫെയ്‌സ്ബുക്

EVM

സമീപകാലത്തു നടന്ന പല തിരിഞ്ഞെടുപ്പുകളിലും സോഷ്യൽമീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ കുറിക്കു കൊണ്ടുവെന്നും ഇതു തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ നേരിടുകയാണ് ഫെയ്സ്ബുക്. ഇത്തരം വ്യാജൻമാരെ പിടികൂടി പുറത്താക്കാൻ ഫെയ്സ്ബുക് ‘യുദ്ധമുറി’ തന്നെ തുറന്നിരിക്കുകയാണ്. 2019ലെ ഇന്ത്യന്‍ പൊതു തിരിഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത നല്‍കി വോട്ടര്‍മാരെ വഴിതെറ്റിക്കാനുള്ള ശ്രമം കുറയ്ക്കാന്‍ ശ്രമിക്കുമെന്നാണ് ഫെയ്‌സ്ബുക് അറിയിച്ചിരിക്കുന്നത്. 

ആഴ്ചകൾക്ക് മുൻപ് ഫെയ്‌സബുക് ഗ്ലോബല്‍ മാനേജര്‍ കാറ്റി ഹാര്‍ബത് ( Katie Harbath) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഓപി റാവത്തിനെ കണ്ടപ്പോള്‍ പറഞ്ഞതാണിത്. വ്യാജ പ്രചാരണങ്ങളും വ്യാജ വാര്‍ത്തയും ഫെയ്‌സ്ബുക് പോലെയൊരു മാധ്യമത്തിലൂടെ കത്തിപ്പടരാന്‍ എളുപ്പമാണ്. ഇതൊഴിവാക്കാനായി പോസ്റ്റു ചെയ്യപ്പെടുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വിലയിരുത്താനുള്ള സോഫ്റ്റ്‌വെയര്‍ വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പോസ്റ്റുകളുടെ നിജസ്ഥിതി ഫെയ്‌സ്ബുക് സ്വമേധയാ പരിശോധിക്കും. തെറ്റായ ഉള്ളടക്കമുള്ളവയും വളച്ചൊടിച്ചതെന്നു തോന്നിക്കുന്നതും ബ്ലോക്കു ചെയ്യാനാണ് ഫെയ്‌സ്ബുക് ഉദ്ദേശിക്കുന്നത്.

പ്രചിരിച്ച ഒരു വാര്‍ത്ത തെറ്റാണെന്നു പിന്നീടു തെളിഞ്ഞാലും ആ വാര്‍ത്ത പിഴുതു കളയാനും അതു വസ്തുതാ വിരുദ്ധമായിരുന്നു എന്ന് സന്ദേശം ലഭിച്ചവരെ അറിയിക്കാനുമാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് ഇലക്‌ഷന്‍ കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

കര്‍ണ്ണാടകത്തിലെ തിരഞ്ഞെടുപ്പു സമയത്തു തന്നെ ഇതു നിലവിലുണ്ടായിരുന്നുവെന്നും, വ്യാജ വാര്‍ത്ത തടയുന്നതില്‍ അതു വളരെ ഫലപ്രദമായിരുന്നുവെന്നും ഫെയ്സ്ബുക് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പു കമ്മിഷനും അതു ശരിവയ്ക്കുകയാണ്. അവര്‍ പറയുന്നത് വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട ഒറ്റ പരാതി പോലും കര്‍ണ്ണാടക ഇലക്‌ഷനുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കു ലഭിച്ചില്ലെന്നാണ്.

എന്നാല്‍, ഇലക്‌ഷന്‍ കമ്മിഷന്റെ ആഗ്രഹം ഇതേ തരത്തിലുള്ള നടപടികല്‍ ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പിലും സ്വീകരിക്കണമെന്നാണ്. വാട്‌സാപ്പിലുടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളും ഇല്ലാതാക്കണമെന്നാണ് കമ്മിഷന്‍ പറയുന്നത്. ഇതും വോട്ടര്‍മാരെ വഴിതെറ്റിക്കുന്നു. വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ എന്‍ക്രിപ്റ്റഡ് ആണെങ്കിലും ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഇതിന്റെ ആഘാതവും കുറയ്ക്കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.

ഇലക്‌ഷന്‍ കമ്മിഷന്‍ പറയുന്നത് അവര്‍ ട്വിറ്ററിനോടും വ്യജ പോസ്റ്റുകള്‍ തടയാനുള്ള നടപടികള്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യപ്പെടുന്നത് ദൈര്‍ഘ്യമുള്ള വാര്‍ത്തകളാണ്. അതുപോലെയല്ലാതെ, ചുരുക്ക സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ട്വിറ്ററിന് വ്യാജ വാര്‍ത്ത തടയല്‍ കൂടുതല്‍ എളുപ്പമായിരിക്കുമെന്നാണ് കമ്മിഷന്‍ പറയുന്നത്.