Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ പുതിയ ‘രഹസ്യ’ ഫീച്ചർ തലവേദനയാകും, സൂക്ഷിച്ചില്ലെങ്കിൽ!

whatsapp-message-

ഗ്രൂപ് ചാറ്റില്‍ വാട്‌സാപ് രഹസ്യ മെസേജ് ഫീച്ചര്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ഇത് മെസേജിങ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. റിപ്ലൈ പ്രൈവറ്റ്‌ലി (reply privately) എന്ന പേരിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. നിങ്ങള്‍ക്ക് ഇതുപയോഗിച്ച് ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ കാണാതെ ഒരംഗവുമായി ചാറ്റു ചെയ്യാന്‍ അനുവദിക്കാനാണ് ഇതു കൊണ്ടുവരുന്നത്. മറുപടിയും രഹസ്യമായി തന്നെ എത്തും. അങ്ങനെ ഇരുവര്‍ക്കും തമ്മില്‍ ഒരു രഹസ്യ ചാറ്റ് തുടങ്ങാമെന്നതാണ് ഇതിന്റെ മെച്ചം.

എന്നാല്‍, ഇത്തരം ഒന്നിലേറെ രഹസ്യ ചാറ്റ് വിന്‍ഡോ തുറന്നിരുന്നാല്‍ ഉപയോക്താക്കള്‍ ഗ്രൂപ്പിലെ മറ്റൊരാളെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയാല്‍ അത് ആളുമാറിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ഇതെക്കുറിച്ചു പഠിച്ച വാബീറ്റാഇന്‍ഫോ (WABetaInfo) പറയുന്നത്. ഗ്രൂപ്പിന്റെ പൊതു സംവാദം അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് ഒന്നോ ഒന്നിലേറെയോ ആളുകളുമായി രഹസ്യ ചാറ്റ് തുടങ്ങുന്നതാണ് പുതിയ ഫീച്ചര്‍. ഇത് അടുത്ത വാട്‌സാപ് അപ്‌ഡേറ്റില്‍ തന്നെ എത്തിയേക്കുമെന്നാണ് പറയുന്നത്.

ഗ്രൂപ്പിലെ ഒരു മെമ്പര്‍ക്ക് രഹസ്യ മറുപടി നല്‍കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്. പക്ഷേ, പുതിയ ഫീച്ചര്‍ പ്രകാരം ഒന്നോ, ഒന്നിലേറെയോ ആളുകളുമായി ഗ്രൂപ്പിനുള്ളില്‍ രഹസ്യ ചാറ്റുകള്‍ തന്നെ തുടങ്ങാനുള്ള സാധ്യതയാണ് വരുന്നത്. ഗ്രൂപ് ഡിസ്‌കഷന്‍ പഴയതുപടി തുടരുകയും ചെയ്യും.

എന്നാല്‍, ഓരോ തവണയും തുറന്നിരിക്കുന്ന വിന്‍ഡോ കൃത്യമായി മനസിലാക്കി മറുപടി നല്‍കിയില്ലെങ്കില്‍ അത് മറ്റാര്‍ക്കെങ്കിലുമായിരിക്കും കിട്ടുന്നത് എന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നമായി വാബീറ്റാഇന്‍ഫോ പറയുന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആര്‍ക്കാണോ മെസേജ് അയക്കേണ്ടത് അയാളുടെ സന്ദേശത്തില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ റിപ്ലൈ പ്രൈവറ്റ്‌ലി ഓപ്ഷന്‍ തെളിയും. അങ്ങനെ ഇരുവര്‍ക്കും തമ്മില്‍ ഒരു രഹസ്യ സംഭാഷണം തുടങ്ങാം. അഡ്മിനിസ്‌ട്രേറ്റര്‍ക്കു മാത്രം സന്ദേശങ്ങള്‍ അയക്കാന്‍ അനുവാദമുള്ള ഗ്രൂപ്പുകളില്‍ ഇനിമേല്‍ സന്ദേശം ലഭിക്കുന്നയാള്‍ക്ക് മറ്റാരും കാണാതെ അഡ്മിന് മറുപടി അയക്കാം. ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ 2.18.335 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്. ഇത് വെബ് വേര്‍ഷനിലോ, ഐഒഎസിലോ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍, ഈ ബീറ്റാ വേര്‍ഷന്‍ ഒട്ടും സ്‌റ്റേബിള്‍ അല്ലെന്നും ബീറ്റാ ടെസ്റ്റു ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും പറയുന്നു.

വാബീറ്റാഇന്‍ഫോയ്ക്കു പിന്നില്‍ വാട്‌സാപ്പിന്റെ ബീറ്റാ കോഡിനെക്കുറിച്ചു പഠിക്കുന്നവരാണ്. പുതിയതായി വരുന്ന ഫീച്ചറുകളെക്കുറിച്ച് അവര്‍ ഉപയോക്താക്കള്‍ക്ക് നേരത്തെ അറിവു നല്‍കുന്നു. വാട്‌സാപ്പിന്റെ സ്റ്റാറ്റസ് സെക്‌ഷനില്‍ പരസ്യം വരുമെന്നും, അടുത്ത വര്‍ഷം മുതല്‍ കാശുകൊടുത്താല്‍ മാത്രം കിട്ടുന്ന ഉള്ളടകം വാട്‌സാപ്പില്‍ ലഭ്യമാക്കുമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ അവര്‍ കണ്ടെത്തിയതാണ്. ലോക വ്യാപകമായി വാട്‌സാപ്പിന് 1.5 ബില്ല്യന്‍ ഉപയോക്താക്കളാണ് ഉള്ളത്.

related stories