Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിൽ കുട്ടികളുടെ പോൺ വിഡിയോ ഷെയർ ചെയ്യുന്നവർക്ക് ജയിൽ, ജാമ്യമില്ല!

sex-whatsapp

രാജ്യത്തെ സോഷ്യൽമീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരാൻ പോകുകയാണ്. വാട്സാപ്, ഫെയ്സ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്ര‌ സർക്കാർ നിലപാട്. വാട്സാപ് വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങി.

കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാര്‍ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസില്‍ പിഴയും നൽകേണ്ടിവരും.

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ കിട്ടും.

അബദ്ധത്തിൽ ആരുടെങ്കിലും വാട്സാപ്പിലേക്ക് ഇത്തരം പോൺ വിഡിയോകൾ വന്നാൽ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോർട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴ നൽകണം, തെറ്റ് ആവർത്തിച്ചാല്‍ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും.