Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളുടെ അശ്ലീല വിഡിയോ കുത്തിനിറച്ച് ചൈനീസ് ക്വായ്, സൂക്ഷിക്കുക!

kwai-app-abuse

ഇന്ത്യയിൽ സമീപകാലത്തായി സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയ ശാഖയാണ് വിഡിയോ ആപ്ലിക്കേഷനുകളുടേത്. യുട്യൂബ് പോലത്തെ ഈ രംഗത്തെ അതികായരെ കുറിച്ചല്ല പറയുന്നത്. മറിച്ച് ദൈർഘ്യം കുറഞ്ഞ വിഡിയോ ക്ലിപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ആപ്ലിക്കേഷനുകളിലാണ് കാഴ്ചക്കാരുടെ തിരയിളക്കം പ്രകടമാകുന്നത്. ഇത്തരം ആപ്ലിക്കേഷനുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും പോണോഗ്രാഫിയിലേക്ക് പെൺകുട്ടികളെ എത്തിക്കാനുള്ള ചവിട്ടുപടിയായി കുട്ടികളോടു ലൈംഗികാസക്തി പ്രകടമാക്കുന്നവർ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർ‌ട്ട്.

ചൈനയിലെ ഇന്‍റർനെറ്റ് അതികായൻമാരായ ടെൻസെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ക്വായ് എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തില്‍ മുന്നിട്ടു നിൽക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കേവലം 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോകളാണ് ഇവിടെ അപ്‍ലോഡു ചെയ്യാൻ സാധിക്കുക. ടിക് ടോക്, മ്യൂസിക്കലി തുടങ്ങിയ ചൈനീസ് ആപ്ലിക്കേഷനുകളുടെ സമാന പ്രവർത്തനമാണ് ക്വായുടേതും. ഇഷ്ടപ്പെട്ട പാട്ടുകൾ സ്വയമോ അല്ലെങ്കിൽ പരിചയമില്ലാത്ത ഒരാളുമായോ ഒത്തു പാടാനുള്ള അവസരമാണ് ഈ ആപ് ഒരുക്കുന്നത്.

കൗമാരക്കാർ മാത്രമല്ല ക്വായ് ഉപയോഗിക്കുന്നത്. 300 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ആഗോളതലത്തിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളിൽ നല്ലൊരു പങ്കും പെൺകുട്ടികളെ ഉയർത്തിക്കാട്ടുവാൻ താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്നും റിപ്പോർട്ട് പറയുന്നു. ഗ്രാമത്തിലെ പെൺകുട്ടികൾ എന്നർഥം വരുന്ന ഗ്രാമോം കി ബച്ചിയ എന്ന ഗ്രൂപ്പാണ് ഇതിനൊരു ഉദാഹരണമായി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 98,000 ഫോളവേഴ്സുള്ള ഈ അക്കൗണ്ടിലെ ഭൂരിഭാഗം പോസ്റ്റുകളും 12 വയസിനു താഴെയുള്ള പെൺകുട്ടികളുടേതാണ്. വീട്ടിനുള്ളിൽ പെൺകുട്ടികൾ നടക്കുന്നതു മുതൽ പാട്ടുപാടുന്നതിന്‍റെയും നൃത്തം ചെയ്യുന്നതിന്‍റെയും വരെ കാഴ്ചകളാണ് ഈ കൊച്ചു വിഡിയോകളിലുള്ളത്.

കൂട്ടികളെ ലൈംഗികതയിലേക്കു നയിക്കാനുള്ള ഉപകരണമായി ഇത്തരം വിഡിയോ ആപ്ലിക്കേഷനുകൾ മാറിയിട്ടുണ്ടെന്നാണ് പരാതി. ക്വായിൽ ഇരയെ കണ്ടെത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ ഒരു വർഷത്തിനിടെ തങ്ങൾക്കു നേരിടേണ്ടിവന്നിട്ടുണ്ടെന്ന് സൈബർ പീസ് ഫൗണ്ടേഷന്‍റെ പ്രൊജക്റ്റ് മാനേജർ നിധീഷ് ചന്ദ്രൻ പറയുന്നു. ചെറിയ പെൺക്കുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോകളിൽ കമന്‍റ് ചെയ്തവരിൽ ഭൂരിഭാഗവും പ്രായമേറിയ ആളുകളുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ദേഹം, നൃത്തത്തിലെ സ്റ്റെപ്പുകൾ എന്നിവയെ കുറിച്ചുള്ള കമന്‍റുകൾക്കു പുറമെ കൂടുതൽ ശരീര പ്രദർശനത്തിനു പ്രേരിപ്പിക്കുന്ന കമന്‍റുകളും കാണാം.

കുട്ടികളെ ലൈംഗിതയിലേക്ക് സജ്ജരാക്കാനുള്ള നീക്കമായാണ് ആക്റ്റിവിസ്റ്റുകൾ ഇതിനെ കാണുന്നത്. നിർദോഷമെന്നു തോന്നിക്കുന്ന ഇത്തരം കമന്‍റുകളിലൂടെ കൂടുതൽ വഴങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. സാധാരണ ഘട്ടത്തിൽ സംശയത്തോടെ ഒഴിഞ്ഞുമാറാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ പോലും മറിച്ചു ചിന്തിക്കാൻ ഇതു കുട്ടികളെ പ്രേരിപ്പിക്കുന്നു. മധ്യവർഗ കൗമാരക്കാരെ ലക്ഷ്യമിടുന്നതാണ് ഇത്തരം വിഡിയോ ആപ്ലിക്കേഷനുകളെങ്കിലും ഇന്ത്യയിൽ സ്ഥിതി മറിച്ചാണ്. മൊബൈൽ യുഗം പിറന്നതോടെ ഗ്രാമങ്ങളിൽപ്പോലും ക്വായ്ക്കും മ്യൂസിക്കലിക്കുമെല്ലാം ആരാധകർ ഏറെയാണ്. ചൈന കഴിഞ്ഞാൽ തങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്നാണ് ക്വായ് പറയുന്നത്.

സ്വയമേവ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ നിരീക്ഷണ സംവിധാനങ്ങൾ തങ്ങൾക്കുണ്ടെന്നും അനുയോജ്യമല്ലാത്ത വിഡിയോകൾ തള്ളിക്കളയാറുണ്ടെന്നും ക്വായ് ഇന്ത്യ മേധാവി ഗൻട മുരളി അറിയിച്ചു. ക്വായ് ഉപയോഗിച്ചു പണം നേടാമെന്നതാണ് ചൂഷണത്തിനുള്ള മറ്റൊരു മേഖലയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിലെ ചില ഹാൻഡിലുകൾ പ്രതിമാസം 28,000 രൂപയിലേറെ സമ്പാദിക്കുന്നുണ്ടെന്നു ഗൻട മുരളി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റു ഹാൻഡിലുകൾ ചൂണ്ടിക്കാട്ടി അതുപോലെ പണമുണ്ടാക്കാമെന്നു വ്യാമോഹിപ്പിക്കുമ്പോൾ കുട്ടികൾ ആ വലയിൽ വീഴാൻ എളുപ്പമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

related stories