Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക് ടോകിൽ ‘നഗ്ന ഫോട്ടോ’ വേട്ട; കുട്ടികൾക്ക് വൻ ഭീഷണി, വൈറൽ തലവേദനയാകുമോ?

tik-tok

ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നാണ് ചൈനീസ് വിഡിയോ ആപ് ആയ ടിക്ടോക്. കഴിഞ്ഞ ഒരുമാസമായി പ്ലേസ്റ്റോറിലെ ട്രന്റിങ് ലിസ്റ്റിൽ ടിക് ടോക് ഒന്നാം സ്ഥാനത്തുമാണ്. ടിക് ടോകിന്റെ ലൈറ്റ് വേർഷൻ വരെ ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്നു. പ്ലേസ്റ്റോറിലെ 2018 ആപ്പ് അവാർഡും ടിക് ടോകിനെ തേടിയെത്തി. എന്നാൽ ടിക് ടോകിനെ കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോൾ പുറത്തുവരുന്നത്.

മറ്റു സമൂഹമാധ്യമങ്ങളുയർത്തുന്ന ഭീഷണികളില്ലാത്ത താരതമ്യേന സുരക്ഷിതമായ ആപ്ലിക്കേഷനെന്ന ഖ്യാതി ആദ്യമെ ടിക് ടോക്കിന് സ്വന്തമാക്കാൻ സാധിച്ചു. ഏക നല്ല ആപ് എന്ന വിശേഷണമാണ് ന്യൂയോർക്ക് ടൈംസ് അടുത്തിടെ ഈ വിഡിയോ ആപ്ലിക്കേഷനു നൽകിയത്. യുഎസിൽ മാത്രം ദശലക്ഷകണക്കിനു ആളുകളാണ് ടിക്ടോക്ക് ഉപയോഗിക്കുന്നത്. യുവാക്കളും കുട്ടികളുമാണ് ഇതിൽ ഭൂരിഭാഗവും. യുവാക്കളും കുട്ടികളുമാണ്. രാജ്യാന്തര മാധ്യമങ്ങളിൽ ടിക് ടോകിന്റെ മുന്നേറ്റത്തെ വാർത്തയാക്കിയതോടെ ഡൗൺലോഡിങ് കുത്തനെ കൂടി. ചൈനീസ് ആപ് ആയിരുന്നിട്ടു പോലും അമേരിക്കൻ യുവജനത ടിക് ടോകിലേക്ക് ഒഴുകി.

എന്നാൽ സുരക്ഷിതമെന്ന ലേബലുണ്ടെങ്കിലും ടിക്ടോക്കിൽ സെക്സ്, നഗ്ന ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെടുന്നവരുടെ സംഖ്യ വർധിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ. ടിക്ടോക്കിന്‍റെ സ്ഥിരം ഉപയോക്താക്കളായ കുട്ടികൾ തന്നെ ഈ പരാതിയുമായി പരസ്യമായി രംഗതെത്തിയിട്ടുണ്ട്. കുട്ടികൾ പോസ്റ്റു ചെയ്ത വിഡിയോകൾക്കു താഴെ കമന്‍റായും നഗ്ന ഫോട്ടോ ആവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഡിയോകളും നഗ്ന ഫോട്ടോകളും അന്വേഷിക്കുന്ന വ്യക്തിയെന്ന വിശേഷണത്തോടു കൂടിയ പ്രൊഫൈൽ വരെ ടിക്ടോക്കിൽ കാണാം. 13 വയസിനു താഴെയുള്ള കുട്ടികളുടെ പോസ്റ്റുകൾക്കു താഴെവരെ നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത. 13 വയസിനു താഴെ പ്രായമുള്ളവർക്കു ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നതാണ് ചട്ടം. 

നഗ്ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകൾ ഉപയോഗിച്ചുള്ള സേർച്ചിൽ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകൾ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്ന ഫോട്ടോകൾ വ്യാപകമായി ഷെയർ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്. കമന്‍റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാൽ ഇരയെ ആകർഷിക്കാനായി മറ്റുവഴികൾ തേടുന്നവരും നിരവധിയാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടർന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകൾ വഴിയാക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകൾ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാൽ ഒരു അക്കൗണ്ട് ഉടമയുടെ യഥാർഥ പ്രായം മനസ്സിലാക്കാനുള്ള സംവിധാനം നിലവിലില്ല.  

ഇത്തരം പ്രവർത്തനങ്ങള്‍ ദുരുപയോഗത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഇതു തങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും ടിക്ടോക് വക്താവ് പറഞ്ഞു. വ്യവസ്ഥകൾ ലംഘിക്കുന്ന പ്രൊഫൈലുകൾ റിപ്പോർട്ടു ചെയ്യാനും മറ്റൊരു ഉപയോക്താവിനെ ബ്ലോക് ചെയ്യാനും നിലവിൽ സൗകര്യമുണ്ടെന്നും പരിധി ലംഘിച്ചുള്ള പോസ്റ്റുകൾ തങ്ങളുടെ തന്നെ നിരീക്ഷണ സംഘം നീക്കം ചെയ്യാറുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

related stories