Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ–മോദി പദ്ധതി പാളിയത് ഇങ്ങനെ; ചില സോഷ്യൽ തിരിച്ചറിവുകൾ

amit-sha-modi

രാജ്യം ഉറ്റുനോക്കിയ നിർണായകമായ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ പോലെ വൻ വിജയം നേടാനാകുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം പരാജയപ്പെട്ടു. ബിജെപിയും മുഖ്യ തിരഞ്ഞെടുപ്പ് ആയുധമായിരുന്നു സോഷ്യൽമീഡിയ, സെർച്ച് എൻജിനുകൾ, സ്മാർട് ഫോൺ ആപ്പുകൾ. എന്നാൽ ഈ വഴികളിലൂടെയെല്ലാം ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് സൂചന.

സോഷ്യല്‍മീഡിയ ക്യാംപെയിൻ പരാജയപ്പെട്ടു?

സോഷ്യല്‍മീഡിയകളിൽ പ്രധാനപ്പെട്ട സര്‍വീസുകളായ ഫെയ്സ്ബുക്, വാട്സാപ്, ട്വിറ്റർ എന്നിവ കഴിഞ്ഞ ഒരു വർഷത്തിനിടെ വൻ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകൾ. ഓരോ പാർട്ടിയും എന്തെല്ലാം നീക്കങ്ങളാണ് ഫെയ്സ്ബുക്കിൽ നടത്തുന്നതെന്ന് നിരീക്ഷിക്കാൻ പ്രത്യേകം വാർ റൂം തന്നെ സക്കർബർഗിന്റെ കമ്പനി തുടങ്ങിയിട്ടുണ്ട്. വരും തിരഞ്ഞെടുപ്പുകളിൽ ഫെയ്സ്ബുക് വഴിയുള്ള അനധികൃത തിരഞ്ഞെടുപ്പ് പ്രചാരണം അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം നടപ്പിലാക്കാൻ ഫെയ്സ്ബുക്കും രംഗത്തിറങ്ങി. ഇതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ബിജെപിയാണ്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ പാർട്ടി ബിജെപിയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പുറത്തുനിന്നുള്ള കമ്പനികളിൽ നിന്നു ഡേറ്റ വരെ ബിജെപിയും മറ്റു ചില പാർട്ടികളും വാങ്ങിയിരുന്നു. എന്നാൽ ഡേറ്റാ ചോർത്തൽ‍ വൻ വിവാദമായതോടെ ഫെയ്സ്ബുക് എല്ലാ വ്യാജ നീക്കങ്ങളും തടയുകയായിരുന്നു.

ഫെയ്സ്ബുക് പോസ്റ്റുകൾക്ക് നിയന്ത്രണം

കഴിഞ്ഞ ഒരു വര്‍ഷമായി ഫെയ്സ്ബുക് ഫീഡിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഫെയ്സ്ബുക്കിലെ വൈറൽ പോസ്റ്റുകൾ നിരീക്ഷിച്ച് നിയന്ത്രിക്കാൻ തുടങ്ങിയത് ഭരിക്കുന്ന പാർട്ടികൾക്ക് വൻ തിരിച്ചടിയായി. ഫെയ്സ്ബുക് പേജുകളിലെ പോസ്റ്റുകൾ കൂടുതൽ പേരിലേക്ക് എത്തുന്നത് കുറഞ്ഞു. പോസ്റ്റുകളുടെ ‘റീച്ച്’ കുറഞ്ഞതോടെ, അല്ലെങ്കിൽ ഫെയ്സ്ബുക് തന്നെ കുറച്ചതോടെ ഭരണ നേട്ടങ്ങൾ യുവജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിച്ചില്ല. ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഫെയ്സ്ബുക് പേജുകളും ഗ്രൂപ്പുകളും സജീവമാക്കിയെങ്കിലും പോസ്റ്റുകളൊന്നും വേണ്ടത്ര വിജയിച്ചില്ല. ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളിൽ നിന്നുള്ള പോസ്റ്റുകൾക്ക് പോലും ഒരു വർഷം മുൻപ് ലഭിച്ചിരുന്ന ലൈക്കുകളോ, ഷെയറോ, കമന്റുകളോ ലഭിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ ഫെയ്സ്ബുക് ക്യാംപയിൻ പരാജയപ്പെട്ടിരിക്കുന്നു.

വാട്സാപ് നിയന്ത്രണം ശക്തം

ഒരു വർഷം മുൻപ് വാട്സാപ്പിലൂടെ എന്തും പോസ്റ്റ് ചെയ്തു പ്രചരിപ്പിക്കാമായിരുന്നു. ഒരു ക്ലിക്കില്‍ തന്നെ എത്ര ഗ്രൂപ്പുകളിലേക്കും പോസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ ഇതിന് നിയന്ത്രണം വന്നതോടെ ഒരു ക്ലിക്കിൽ അഞ്ചു പോസ്റ്റുകളാക്കി ചുരുക്കി. ഇത് ഏറ്റവും വലിയ തിരച്ചടി നേരിട്ടത് ബിജെപി പോലുള്ള ദേശീയ പാർട്ടികൾക്ക് തന്നെയാണ്. ബിജെപി അധ്യക്ഷൻ അമിത് ഷാ അണികൾക്ക് നൽകിയിരുന്ന നിർദേശം ഓരോ മണ്ഡലങ്ങളിലും അല്ലെങ്കിൽ വാർഡ് തലത്തിൽ വരെ വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങണമെന്നാണ്. എന്നാൽ ഗ്രൂപ്പുകളിലെ പോസ്റ്റുകൾക്കെല്ലാം നിയന്ത്രണം വന്നതോടെ പാർട്ടികൾ വെട്ടിലായി.

പരാജയപ്പെട്ടത് അമിത് ഷായുടെ ‘ടാർഗറ്റ്’‌

അഞ്ചു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് തുടങ്ങും മുൻപ് ബിജെപി എംപിമാർക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും ഒരു ‘ടാർഗറ്റ്’ വച്ചിരുന്നു. എല്ലാ എംപിമാർക്കും ഫെയ്സ്ബുക്കിൽ പേജ് വേണം. ചുരുങ്ങിയതു മൂന്നു ലക്ഷം ‘ശുദ്ധ’ ലൈക്ക് വേണം. ഈ ലക്ഷ്യം നേടിയാൽ എംപിമാരുടെ മണ്ഡലത്തിലെ പ്രവർത്തകരെ മോദി വിഡിയോ കോളിൽ അഭിസംബോധന ചെയ്യുമെന്നും പറഞ്ഞിരുന്നു. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എല്ലാവരിലുമെത്തണം. പ്രതിപക്ഷത്തിന്റെ ‘വ്യാജ പ്രചാരണങ്ങളെ’ തകർക്കണം. ഇതിനുതകുന്നതു സമൂഹമാധ്യമങ്ങൾ ആണെന്നായിരുന്നു എംപിമാരോടു മോദി പറഞ്ഞത്. എന്നാൽ ഈ പദ്ധതി പരാജയപ്പെട്ടിരിക്കുന്നു.

കര്‍ണാടകയിലെ വാട്സാപ് തന്ത്രം ആവർത്തിച്ചില്ല

കർണാടകയിൽ പാർട്ടി മുന്നേറ്റം നടത്തിയപ്പോൾ വിദേശ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ഇന്ത്യയിലെ ആദ്യ 'വാട്സാപ്പ് തിരഞ്ഞെടുപ്പിൽ' ബിജെപി വിജയിച്ചുവെന്നാണ്. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ക്യാംപെയിനുകളിലും വാട്സാപ് തന്ത്രം ഏശിയില്ല. ഗ്രാമങ്ങളിലെ മുക്കിലും മൂലയിലും ഇന്റർനെറ്റും സ്മാർട് ഫോണുകളും എത്തിയെങ്കിലും ക്യാംപെയിൻ പോസ്റ്റുകൾ അവരിലേക്ക് എത്തിയില്ല.

കർണാടകയിൽ ഒരു ലക്ഷത്തോളം വാട്സാപ് ഗ്രൂപ്പുകളാണ് തിരഞ്ഞെടുപ്പിനായി കോൺഗ്രസ്സും ബിജെപിയും ഉപയോഗപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് പോലും നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലാണ് വാട്സാപ്പ് വഴി പോസ്റ്റുകളും വിഡിയോകളും പ്രചരിച്ചത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചു.

related stories