sections
MORE

കുട്ടികളുടെ പോൺ, 13,000 അക്കൗണ്ടുകൾക്കു പൂട്ടിട്ടു വാട്സാപ്

sex-whatsapp
SHARE

ഇന്ത്യയിലും ലോകമെമ്പാടും സ്വകാര്യ ചാറ്റ് ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്ന കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്സാപ്പില്‍ ഒരു മഹാവിപത്തായി പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാട്സാപ്പും ഇതിനെതിരെയുള്ള പോരാട്ടത്തിലാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ 130,000 ലേറെ വാട്സാപ് അക്കൗണ്ടുകളാണ് കമ്പനി ബ്ലോക്ക് ചെയ്തത്. എഐ ടൂളുകളുടെ സഹായത്തോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കരുതുന്ന അക്കൗണ്ടുകള്‍ കമ്പനി കണ്ടെത്തി നീക്കം ചെയ്തത്. ബ്ലോക്ക് ചെയ്തതിന് പുറമേ, ബ്ലോക്കുചെയ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ യുഎസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ മിസിംഗ് ആന്‍ഡ്‌ എക്സ്പ്ലോയ്‌റ്റഡ് ചില്‍ഡ്രനും കമ്പനി കൈമാറിയിട്ടുണ്ട്. അതുകൊണ്ട്, ചൈല്‍ഡ് പോണോഗ്രാഫിയെക്കുറിച്ച് അന്വേഷിക്കുന്ന നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമാണെങ്കില്‍ ഈ വിവരങ്ങള്‍ ലഭിക്കും.

വാട്സാപ്പ് മെസേജുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്, അതായത് ആളുകള്‍ ഷെയര്‍ ചെയ്യുന്നത് കമ്പനി നോക്കുകയില്ല. എന്നാല്‍ അതിന്റെ കൃത്രിമ ബുദ്ധി (എഐ) അടിസ്ഥാനമാക്കിയ എന്‍ജിനീയറിങ് ആപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്യപ്പെടാത്ത വിവരങ്ങളായ പ്രൊഫൈല്‍ ഫോട്ടോകള്‍, ഗ്രൂപ്പ് പ്രൊഫൈല്‍ ഫോട്ടോകള്‍, ഗ്രൂപ്പ് ഇന്‍ഫര്‍മേഷന്‍ തുടങ്ങിവ പരിശോധിക്കും. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണിത്. കൂടാതെ കുട്ടികളുടെ അശ്ലീലം ഷെയര്‍ ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പുകളെയും വ്യക്തികളെയും തിരിച്ചറിയുന്നതിനായി അശ്ലീല-ആഭാസ ചിത്രങ്ങങ്ങള്‍ തിരിച്ചറിയാന്‍ ഫേസ്ബുക്കിനെപ്പോലെ ഫോട്ടോ ഡിഎന്‍എ എന്ന സാങ്കേതികവിദ്യം വാട്സാപ്പും ഉപയോഗപ്പെടുത്തുന്നുണ്ട്.

കുട്ടികളുടെ അശ്ലീലത പങ്കുവയ്ക്കുന്ന ഉപയോക്താക്കളോടും ഗ്രൂപ്പുകളോടും വിട്ടുവീഴ്ചയില്ലാത്ത നയമാണ് വാട്സാപ് സ്വീകരിക്കുന്നതെന്ന് ഒരു വാട്സാപ് വക്താവ് പറഞ്ഞു. പ്രൊഫൈല്‍ ഫോട്ടോകള്‍ സ്കാന്‍ ചെയ്യുന്നതിന് കൃത്രിമ ബുദ്ധി അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ വിന്യസിക്കുകയും ഇത്തരം നികൃഷ്ടമായ ഉള്ളടക്കം പങ്കുവയ്ക്കുന്ന അക്കൌണ്ടുകള്‍ ഉടനടി നിരോധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ അഭ്യര്‍ത്ഥനകളോട് ഞങ്ങള്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. മോശം ഉള്ളടക്കം പ്രചരിപ്പിക്കാന്‍ ആപ്പ് സ്റ്റോറുകളും ആശയവിനിമയ സേവനങ്ങളും ദുരുപയോഗം ചെയ്യുന്നതിനാല്‍, സാങ്കേതികവിദ്യാ കമ്പനികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും വാട്സാപ്പ് വക്താവ് പറയുന്നു.

കുട്ടികളുടെ അശ്ലീലം കണ്ടെത്താന്‍ വാട്സാപ് യൂസര്‍മാര്‍ ഗ്രൂപ്പുകള്‍ സേര്‍ച്ച്‌ ചെയ്യുന്നതിന് അനുവദിക്കുന്ന തേഡ്-പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വാട്സാപ് അത്തരമൊരു ഗ്രൂപ്പ് തിരയല്‍ ഫീച്ചര്‍ നല്‍കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ വേണ്ടിയുള്ള ഒരു തെരച്ചില്‍ ഫീച്ചര്‍ വാട്സാപ് നല്‍കുന്നില്ല. സ്വകാര്യ ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ പ്രസിദ്ധീകരിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.  കൂടാതെ, ഐഒഎസ് പ്ലേ സ്റ്റോറുകളില്‍ വാട്സാപ്പിലേക്ക് ഇടപെടുന്ന അല്ലെങ്കില്‍ ലിങ്കുകള്‍ പങ്കുവയ്ക്കുന്ന തേഡ്-പാര്‍ട്ടി ആപ്പുകള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ ആപ്പിളും ഗൂഗിളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമാണ്‌ വാട്സാപ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA