sections
MORE

പോൺ, സെക്സ് ഡാൻസ്... ടിക്‌ടോക് ഏതു നിമിഷവും പൊട്ടാവുന്ന ‘ചൈനീസ് ബോംബ്’

naira-tiktok
SHARE

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിൽ കണ്ടൊരു വാചകം ഇങ്ങനെ... ‘ടിക്ടോക് പാവങ്ങളുടെ പോൺ ആപ്’. കേവലം 15 സെക്കൻഡ് വിഡിയോകളിൽ ഭൂരിഭാഗവും ആഭാസങ്ങളും സെക്സി ഡാൻസുകളും ഉൾക്കൊള്ളുന്നതാണെന്നാണ് മിക്കവരുടെയും അഭിപ്രായം. ടിക്ടോക് തുറന്നാൽ അർദ്ധ നഗ്ന വിഡിയോകളുടെ പ്രളയമാണ്. പോൺ വെബ്സൈറ്റുകളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ ആനന്ദം ടിക്ടോക് ആപ് വിഡിയോകളിൽ നിന്നു ലഭിക്കുന്നുണ്ടെന്നാണ് മിക്ക ഉപയോക്താക്കളും പറയുന്നത്.

ടിക്ടോക്കിന്റെത് അസൂയപ്പെടുത്തും കുതിപ്പ്

വന്‍കിട ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളായ ഷവോമിയും വാവെയുമൊക്കെ വന്‍ ലാഭമുണ്ടാക്കിത്തുടങ്ങണമെങ്കില്‍ ഇനി എത്ര വര്‍ഷം കാത്തിരിക്കണമെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍, ചൈനയില്‍ നിന്നുള്ള ഒരു സമൂഹമാധ്യമ ആപ്പായ ടിക്‌ടോക് ലോകമെമ്പാടും ആരാധകരെ നേടി, നടത്തുന്നത് അവിശ്വസനീയമായ ഒരു ആപ് അശ്വമേധമാണ്. ടിക്‌ടോക് അവതരിപ്പിച്ച കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ (ByteDance) ഇപ്പോഴത്തെ മൂല്യം 7500 കോടി ഡോളറാണത്രെ. കേവലം ഒരു ആപ്പും അത്ര പുതുമയില്ലാത്ത ഒരാശയവുമാണ് (പ്രശസ്തമായ വൈന്‍ (Vine) ആപ്പുമായുള്ള സമാനതകള്‍ ഒളിക്കാനാവില്ല) ഈ വിജയത്തിനു പിന്നില്‍ എന്നോര്‍ക്കുക. 2017 സെപ്റ്റംബറില്‍ അമേരിക്കയില്‍ ഡൗണ്‍ലോഡിന്റെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിനെയും, ഇന്‍സ്റ്റാഗ്രാമിനെയും യുട്യൂബിനെയും സ്‌നാപ്ചാറ്റിനെയും ടിക്‌ടോക് പിന്തള്ളി എന്നത് അതിശയത്തോടെയാണ് ടെക് പ്രേമികള്‍ കേട്ടത്.

ഗൂഗിള്‍ പ്ലേ അവാഡ്‌സില്‍, 2018ലെ ഏറ്റവുമധികം വിനോദം നൽകുന്ന ആപ്പുകളുടെ പട്ടികയില്‍ ടിക്‌ടോക് ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇത്രകാലം കണ്ടു വിജയിച്ച മിക്ക ആപ്പുകളുടെയും പിന്നിൽ പടിഞ്ഞാറു നിന്നുള്ള ആശയങ്ങളാണ്. എന്നാല്‍ വിജയത്തിനിടയിലും ഈ ആപ് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റൊരു സംസ്‌കാരം പ്രചരിപ്പിക്കുമോ എന്ന ഭയമാണ് ഒരു കൂട്ടം ആളുകള്‍ പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലും നിരവധിപ്പേര്‍ ഈ ആപ്പിനെ ഭയക്കുന്നു.

എന്താണ് ടിക്‌ടോക്കില്‍ നടക്കുന്നത്?

പതിനഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പുകള്‍ ഫോണിലും മറ്റും സൃഷ്ടിച്ച് അപ്‌ലോഡു ചെയ്യുകയാണ് ടിക്‌ടോക് ഉപയോക്താക്കള്‍ ചെയ്യുന്നത്. ലൈവ് ബ്രോഡ്കാസ്റ്റിങും നടക്കും. ഇത്തരം മുറി വിഡിയോകള്‍ നിര്‍മിക്കുകയും അപ്‌ലോഡു ചെയ്യുകയും കാണുകയുമാണ് ടിക്‌ടോക് ആപ് ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. ഇതിലെന്താണ് പേടിക്കാനിരിക്കുന്നത്? കോമാളിത്തരങ്ങൾ എന്ന ലേബലില്‍ പോൺ വിഡിയോകളും നഗ്നതാ പ്രദര്‍ശനവുമൊക്കെ യഥേഷ്ടം കൈമാറപ്പെടുമെന്നതാണ് പലരെയും ഭയപ്പെടുത്തുന്ന കാര്യം.

നൈറയുടെ (Naira) കാര്യമെടുക്കാം. കഴിഞ്ഞ മാസം ഒരു ഫോട്ടോഷൂട്ട് കഴിഞ്ഞെത്തിയ 20 കാരിയായ നൈറ രാത്രി മൂന്നു മണിക്ക് വെള്ള വസ്ത്രമണിഞ്ഞ്, 1990കളിലെ ഒരു ബോളിവുഡ് പാട്ടിനൊപ്പം ചുവടുവച്ച് വിഡിയോ അപ്‌ലോഡു ചെയ്തു കിടന്നു. അതു മാത്രമേ താന്‍ ചെയ്തുള്ളുവെന്ന് നൈറ പറയുന്നു. പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യമാണ്. ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ കണ്ടവരുടെ എണ്ണം 37 ലക്ഷമാണ്! ടിക്‌ടോകില്‍ താന്‍ ആരെയും ഫോളോ ചെയ്യുന്നില്ലെന്നും നൈറ പറയുന്നു. തന്റെ പ്രകോപനപരമായ വിഡിയോകള്‍ കണ്ട് അമ്മ പ്രശ്‌നമുണ്ടാക്കിയെന്നും എന്നാല്‍ താനൊരു മോഡലാണെന്നും, അത്തരം വസ്ത്രങ്ങൾ തന്റെ ജോലിയുടെ ഭാഗമാണെന്നും പറഞ്ഞ് അമ്മയുടെ രോഷം തണുപ്പിച്ചുവെന്നും നൈറ വ്യക്തമാക്കുന്നു.

ആരെയാണ് ടിക്‌ടോക് ആകര്‍ഷിക്കുന്നത്?

പെട്ടെന്നുള്ള പ്രശസ്തി ആഗ്രഹിക്കുന്നവരാണ് ടിക്‌ടോകില്‍ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തുന്നവരില്‍ മുന്നില്‍. 'നിങ്ങള്‍ കാണാന്‍ വളരെ മോശമായിരിക്കാം. നിങ്ങളോട് ഇടപെടാന്‍ പോലും പലരും വൈമുഖ്യം കാണിക്കുന്നുണ്ടാകാം. അതൊന്നും നിങ്ങളെ ഒരു ടിക്‌ടോക് സ്റ്റാറാകുന്നതിന് വിഘ്‌നം സൃഷ്ടിക്കില്ല,' നൈറ പറയുന്നു. തനിക്ക് ടിക്‌ടോകില്‍ നിരവധി ഫാന്‍സ് ഉണ്ടെന്നും നൈറ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ താരമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ടിക്ടോക്ക് കുറുക്കുവഴിയാണ്. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ ധാരാളം ഫാന്‍സിനെ കിട്ടുക എന്നത് അത്യധ്വാനം ചെയ്താലേ സാധിക്കൂ. ഫോളോവേഴ്‌സും ലൈക്‌സും സുപ്രധാനമായ കാര്യമായി കരുതി ജീവിക്കുന്നവരെ ഒരു സുപ്രഭാതത്തില്‍ പ്രശസ്തരാക്കാന്‍ ടിക്‌ടോകിനു കഴിയും എന്നതാണ് മറ്റൊരു ആകര്‍ഷകമായ ഘടകം. കാണിക്കുന്ന എന്താണ് സ്വീകരിക്കപ്പെടുന്നതെന്ന് പ്രവചിക്കാനാവില്ല.

ആപ് സ്വീകരിക്കപ്പെടുന്നത്

ഇതൊക്കെയാണെങ്കിലും പുതിയ സമൂഹമാധ്യമ ട്രെന്‍ഡായ ടിക്‌ടോക് എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്? ഡെല്ലിയില്‍ ഐടി മേഖലയില്‍ ജോലിയെടുക്കുന്ന അന്‍ജന്‍ താന്‍ ജോലിചെയ്യുന്ന ഓഫിസിലെത്തുന്നു. താന്‍ തലേന്നു പരിചയപ്പെട്ട ടിക്‌ടോക് കണ്ടിട്ടുണ്ടോ എന്ന് കൂട്ടുകാരോട് ചോദിക്കുന്നു. തുടര്‍ന്ന് തന്റെ ഇഷ്ടപ്പെട്ട ടിക്‌ടോക് വിഡിയോകള്‍ വാട്‌സാപ്പിലൂടെ കൂട്ടുകാര്‍ക്ക് അയയ്ക്കുന്നു. അതില്‍ നൈറയുടെ വെള്ള വസ്ത്രത്തിലുള്ള പ്രകടനവും ഉള്‍പ്പെടും. അന്‍ജന്റെ കൂട്ടുകാര്‍ തുറിച്ചു വിഡിയോകളിലേക്ക് നോക്കിയിരുന്ന് കുലുങ്ങിച്ചിരിച്ചു. അവരും ക്ഷണത്തില്‍ ടിക്‌ടോക് ആരാധകരായി!

പ്രശ്‌നം

ടിക്‌ടോകിന് ആളുകള്‍ക്കിടയില്‍, പ്രത്യേകിച്ചും യുവതീയുവാക്കള്‍ക്കിടയില്‍ അഭൂതപൂര്‍വമായ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമാപ്പാട്ടിന്റെ ട്യൂണിനൊപ്പം ചുവടുവയ്ക്കുന്നവരെയും എന്തെങ്കിലുമൊക്കെ പറഞ്ഞും ചെയ്തും ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവരെയുമാണ് നമ്മള്‍ കാണുക. ഇവ ചിലപ്പോള്‍ വിചിത്രമെന്നും രസകരമെന്നും തോന്നാം. എന്നാല്‍ അതിലെ ഒളിഞ്ഞു നോട്ട അനുഭൂതിയാണ് പ്രധാനമായും പ്രശ്‌നമായേക്കാമെന്ന് പറയുന്ന ഘടകം. ഫെയ്‌സ്ബുക്കും ട്വിറ്ററും പോലെയുള്ള മാധ്യമങ്ങള്‍ അവിടെ പ്രസിദ്ധീകരിക്കുന്ന കണ്ടന്റ് പരിശോധിക്കാന്‍ ആളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിക്‌ടോകിന് അത്തരം മോഡറേറ്റര്‍മാരുടെ ഇടപെടലില്ല. യാതൊരു സെന്‍സറിങും ഇല്ലാതെ കോപ്രായങ്ങളും തോന്ന്യാസങ്ങളുമെല്ലാം പ്രചരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇക്കിളിപ്പെടുത്തുന്ന വിഡിയോകളും ലൈംഗികച്ചുവയുള്ളവയും പച്ചയായ ആഭാസവുമൊക്കെ പ്രചരിക്കുന്നത് എത്രയും വേഗം തടയണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും പരാതിയുമായി എത്തുന്നില്ലെന്നത് അധികാരികളെയും കുഴക്കുന്നു. വരും തലമുറ ടിക്‌ടോക് അഡിക്ടറ്റുകളായി വളര്‍ന്നു വന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ സമൂഹത്തില്‍ വരാവുന്ന മാറ്റം ഞെട്ടിപ്പിക്കുന്നതായിരിക്കാം എന്നാണ് മുന്നറിയിപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA