sections
MORE

ടിക് ടോക്കിലെ ‘സതീശന്‍റെ മോനും’ ചില ആധുനിക ചിന്തകളും

sabarinadhan-mla
SHARE

ഒരു വിയോജനക്കുറിപ്പോടെ തുടങ്ങട്ടെ . ഓൺലൈൻ വായനക്കു നല്ലപോലെ സമയം കണ്ടെത്തുകയും ഇഷ്ട സീരിയലുകൾ നെറ്റ്ഫ്ലിക്സിലോ ആമസോണിലോ കാണാനുള്ള ഒരവസരം പോലും നഷ്ടപ്പെടുത്താതിരിക്കുകയും സ്ഥിരമായി എക്സെൽ ഷീറ്റുകളുമായി മൽപ്പിടുത്തം നടത്തുകയും ചെയ്യുന്ന പുതുതലമുറയിലെ ഒരു രാഷ്ട്രീയപ്രവർത്തകനായാണ് ഞാൻ എന്നെ സ്വയം വിലയിരുത്തുന്നത്. ഔദ്യോഗിക തലത്തിലാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഫെയ്സ്ബുക്കും വാട്ട്സാപ്പും പോലെയുള്ള ഉപാധികൾ വഴി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി അടുത്തിടപഴകുന്നത് ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമാണ്.

സോഷ്യൽ മീഡിയയുടെ കടന്നുവരവ് അധികാര കേന്ദ്രങ്ങളിലേക്കുള്ള ദൂരം കുറച്ചിട്ടുണ്ടെന്നു മാത്രമല്ല ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായ ഒരു ആശയവിനിമയത്തിനുള്ള സാധ്യത തുറന്നിടുക കൂടി ചെയ്തിട്ടുണ്ട്. ഇവ രണ്ടും തീർച്ചയായും വലിയ നേട്ടങ്ങൾ തന്നെയാണ്. എന്‍റെ നിയോജകമണ്ഡലത്തിലെ ഉൾനാടൻ ഗ്രാമപ്രേദേശമായ ആര്യനാടിനെക്കുറിച്ചുള്ള സേർച്ചിൽ ഇൻസ്റ്റാഗ്രാമിൽ സജീവമായ നൂറുകണക്കിനു പേരെ കണ്ടെത്തനായാത് എന്നെ തീർത്തും അത്ഭുതപ്പെടുത്തിയെന്നതും ഞാൻ തുറന്നു സമ്മതിക്കുന്നു, സോഷ്യൽ മീഡിയയിലെ എന്‍റെ അറിവും സാന്നിധ്യവും നിങ്ങൾക്കു കൂടുതൽ അളക്കണമെന്നുണ്ടെങ്കിൽ ഒരു കാര്യം കൂടി ശ്രദ്ധയിൽപ്പെടുത്താം. ഒരു നിമിഷം കൊണ്ടു പ്രശസ്തി സമ്മാനിക്കുന്ന, ഓൺലൈൻ ലോകത്തെ പുതിയ ആകർഷണമായ ടിക്ടോക്, സ്മ്യൂൾ, മ്യൂസിക്കലി തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം അകലെയാണ്. സോഷ്യൽ മീഡിയ ആവശ്യപ്പെടുന്ന സാങ്കൽപ്പിക മാനദണ്ഡങ്ങളിൽ ഞാൻ ഇപ്പോഴും പുറകിലാണെന്നു ചുരുക്കം. 

tik-tok0musically

സൈബർ ഇടത്തെ സംബന്ധിച്ചിടത്തോളം സംഭവഭഹുലമായ മാസമായിരുന്നു ഡിസംബർ 2018. ശബരിമല യുവതി പ്രവേശനം. വനിത മതിൽ, റഫാൽ ഉടമ്പടി തുടങ്ങിയ വിഷയങ്ങളിൽ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങൾ നടന്നു. കാര്യങ്ങളെക്കുറിച്ചു സമസ്ത മേഖലയിലുമുള്ളവരുടെ വിശദമായ അഭിപ്രായങ്ങൾ അറിയാൻ ഇതു സഹായിച്ചെങ്കിലും മികച്ച അഭിപ്രായപ്രകടനങ്ങൾക്കൊപ്പം തന്നെ ഒട്ടും ശുഭകരമല്ലാത്ത ചില പ്രതികരണങ്ങളും കണ്ടു. പൊതു ഇടങ്ങളിൽ സ്വീകാര്യമായതും അല്ലാത്തതുമായ അഭിപ്രായ പ്രകടനങ്ങളുടെ കാര്യത്തിൽ ഒരു അതിർവരമ്പ് ഇനിയും അകലെയാണെന്നാണ് എനിക്കു തോന്നിയത്. 

ഒരു ദിവസം ബ്രൗസിങ് നടത്തുന്നതിനിടെയാണ് പിന്നീട് മലയാള ഇന്‍റർനെറ്റ് ലോകത്തു തരംഗമായി മാറിയ ഒരു വിഡിയോ ആകസ്മികമായി ഞാൻ കാണാനിടയായത്. ഒരു മുൻ കാമുകനോടുള്ള അമർഷം ഏതാനും സ്കൂൾ വിദ്യാർഥിനികൾ അസഭ്യം കലർന്ന വാക്കുകളിലൂടെ പ്രകടമാക്കുന്നതായിരുന്നു ആ ടിക് ടോക് വിഡിയോ. സതീശന്‍റെ മോൻ എന്ന നിലയിൽ വൈറലായ ആ വിഡിയോയ്ക്കു മറുപടിയായി ആരോപണവിധേയൻ രംഗതെത്തി. മറുപടിയിലെ ഭാഷയും ഒട്ടും ആശ്വാസകരമുള്ളതായിരുന്നില്ല.  ഒരു സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്തപ്പോഴുണ്ടായ അസുഖകരമായ നിലപാടുകൾക്കെതിരെ ഒരു സംഘം പെൺകുട്ടികൾ നടത്തിയ പ്രതികരണവും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും വളരെ പെട്ടെന്നു പ്രശസ്തരായ ഈ പെൺകുട്ടികൾക്കെതിരെ വിവിധ തരത്തിലുള്ള ഭീഷണികൾ പല കോണുകളിൽ നിന്നുയർന്നതും നാം കണ്ടതാണ്. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും തനത് സ്ഥാനമുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. എന്നാൽ പ്രതികരിക്കാൻ നിർബന്ധിതമാകുന്ന അവസരങ്ങളിൽ  വിവേചന ബുദ്ധിയോടെ പെരുമാറാനുള്ള അവസരം ഇത്തരം പ്ലാറ്റ്ഫോമുകൾ നൽകുന്നില്ലെന്നതാണ് സത്യം. മനസിലെ വികാരങ്ങളെ പ്രത്യേകിച്ചൊരു അർഥവുമില്ലാതെ പുറത്തുവിടുന്ന അവസരങ്ങളിലാണെങ്കിൽ പോലും.

പൊതുജനങ്ങളുമായി പിന്നീടുള്ള ദിവസങ്ങളിൽ ഇടപഴകുമ്പോഴും ഈ വിഡിയോകൾ എന്‍റെ മനസിലുണ്ടായിരുന്നു. ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം ടെക്നോളിയിൽ മിടുക്കരായ ഏതാനും ചില മലയാളികൾ മാത്രമാണോ അതോ വലിയൊരു കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ സമൂഹത്തെ തന്നെ മാറ്റിമറിക്കാനുള്ള സ്വാധീനമുണ്ടോയെന്നറിയാനുള്ള ആകാംക്ഷ എന്നിൽ വളർന്നു. ക്രിസ്മസ് അവധിക്കാലത്ത് നാഷണൽ സർവീസ് സ്കീമുമായി ബന്ധപ്പെട്ടു വിദ്യാർഥികളുമായി ആശയവിനിമയം നടത്താൻ ലഭിക്കുന്ന അവസരങ്ങളിൽ ഇതു പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. എന്‍റെ നിയോജകമണ്ഡലത്തിലെ ഏതാനും മികച്ച വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ടിക്ടോകിന്‍റെ കാര്യം ഞാനെടുത്തിട്ടു. ടിക്ടോക് എന്ന പദം വീണതോടെ കുട്ടികള്‍ കൂടുതൽ ഊർജ്ജത്തോടെ ശ്രദ്ധ കൂർപ്പിച്ചിരുന്നു. പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടമായി 'സതീശന്‍റെ മോൻ' എന്ന 'വിശുദ്ധ പദം' ഞാൻ പറഞ്ഞതോടെ ഉണ്ടായ പ്രതികരണം വളരെ വലുതായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ആ സദസ് വിവിധ തരത്തിലാണ് അതിനോടു പ്രതികരിച്ചത്. ചില അത്ഭുതം പ്രകടിപ്പിച്ചപ്പോൾ ചിലർ ദീര്‍ഘ നിശ്വാസം പുറപ്പെടുവിച്ചു. മറ്റു ചിലർ ഒച്ചവച്ചു. ആ പ്രതികരണങ്ങളിൽ നിന്നും എനിക്കൊരു കാര്യം വ്യക്തമായി – ഗ്രാമീണ മേഖലയിലെ വിദ്യാർഥികളടങ്ങുന്ന ആ സംഘത്തിലെ ഏറ്റവും നാണം കുണുങ്ങിയായ വിദ്യാർഥി പോലും ആ വിഡിയോ കാണുകയോ അതേക്കുറിച്ചു കേൾക്കുകയോ ചെയ്തിട്ടുണ്ട്. രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിന്‍റെ പ്രതികരണവും രസകരമായിരുന്നു. തങ്ങളുടെ അറിവിലോ ശ്രദ്ധിയിലോപ്പെടാത്ത ഏതോ ഒരു അജ്ഞാത ഭാഷയിൽ കുട്ടികളും നിയമസഭാംഗവും തമ്മിൽ ആശയവിനിമയം നടത്തുന്നുവെന്ന ഭാവമായിരുന്നു അവർക്ക്. 

satheeshettante-mon

നിയമനിർമാതാക്കളും അധ്യാപകരും രക്ഷിതാക്കളും സാമൂഹിക സേവകരും എല്ലാം അടങ്ങുന്ന നമ്മളിൽ ഭൂരിഭാഗം പേരും ഈ തലമുറയെ ശരിയായ രീതിയിൽ വായിക്കുന്നില്ലെന്ന വിലയിരുത്തലാണ് എനിക്കുള്ളത്. അവരെല്ലാം തന്നെ അവരവരുടേതായ ചെറിയ ലോകത്താണ്. അതോടൊപ്പം തന്നെ നമ്മുടെയെല്ലാം ഭാവനയ്ക്കപ്പുറത്തു പരസ്പരം ബന്ധിതരും. നമ്മൾക്കു പരിചിതമല്ലാത്ത വഴികളിലൂടെയാണ് അവരുടെ സഞ്ചാരം. മൊബൈൽ ഫോണിലേക്കു കണ്ണും നട്ട് കാതിലൊരു ഇയർഫോണുമായി സ്വയംമറന്നിരിക്കുന്നവരാണവർ. അതേസമയം തന്നെ പ്രളയം പോലെയുള്ള കെടുതികൾ വരുമ്പോൾ ദുരിതാശ്വാസ സാമഗ്രികൾ തങ്ങളുടെ ചുമലിലേറ്റി സ്വയം സമർപ്പണത്തിന്‍റെ പാതയിൽ അവർ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരു അംഗീകാരത്തിനും കാത്തുനിൽക്കാതെയാണ് അവർ ഇത്തരത്തിൽ സേവനത്തിൽ മുഴുകുന്നത്. ഏതൊരു പ്രവർത്തിക്കും അംഗീകാരം ആഗ്രഹിച്ചിരുന്ന മുൻഗാമികളിൽ നിന്നും തീർത്തും വിഭിന്നവരാണവർ.

ഊർജ്ജസ്വലരായ ഒരു യുവനിരയാണ് മത്സരരംഗത്തു ഇന്ത്യക്കു മുൻതൂക്കം നൽകാൻ ഒരുങ്ങി നിൽക്കുന്നത്. സമൂഹത്തിന്‍റെ നന്മക്കായി ഇവരുടെ കഴിവുകളെ നാം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു എന്നത് നാം മറന്നു കൂടാ. ഒരു ചുവടു പിന്നോട്ട് അല്ലെങ്കിൽ ഒരു ചുവടു മുന്നോട്ടുവച്ചു അവരെ മനസിലാക്കാൻ ( മനസിലാക്കാൻ ശ്രമിക്കാനെങ്കിലും) നാം തയാറാകണം. പരമ്പരാഗത പഠന സാമഗ്രികള്‍ കൂടുതൽ പ്രസക്തമായ സാങ്കേതിക വിദ്യകള്‍ക്കു വഴിമാറണം. വിദ്യാഭ്യാസ സംബന്ധമായ ചിരപരിചിത അടിസ്ഥാനസാമഗ്രികൾക്കു പകരം സമൂഹത്തിനു ഗുണകരമാകുന്ന, തിളങ്ങുന്ന കണ്ടെത്തലുകൾക്കു സങ്കേതിക വിദ്യയുടെ സഹായം ലഭിക്കുന്ന, ക്രിയാത്മകമായ പഠന ഇടങ്ങളിലാണ് സാമാജികനെന്ന നിലയിൽ മുതൽമുടക്കേണ്ടതെന്നു ഞാൻ തിരിച്ചറിയുന്നു. ക്രിയാത്മകവും പരിധികളില്ലാത്തതുമായ ഈ ഊർജ്ജം ശരിയായ മേഖലകളിലേക്കു എത്തുന്നുണ്ടെന്നു ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞാൽ നമ്മുടെ രാഷ്ട്രത്തിന്‍റെ ഭാവിയെ സംബന്ധിച്ചിടത്തോളം അതുണ്ടാക്കാൻ പോകുന്ന ചലനങ്ങൾ ചില്ലറയല്ല. അതിനായി നാം കൂടുതൽ സജ്ജരാകേണ്ടിയിരിക്കുന്നു. 

kilinakode-moral-policing

സതീശന്‍റെ മോൻ എന്ന വൈറലായ വിഡിയോയെ അടിസ്ഥാനമാക്കി നിരർഥകമായ പദങ്ങൾ ആധുനിക കാലത്തെ പ്രതികരണത്തിനുള്ള അംഗീകൃത മാർഗമോ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്റൂമിൽ ഒരു തുറന്ന ചർച്ചയായാലോ? പങ്കെടുക്കുന്നവരിൽ അതൊരു വലിയ ഉണർവുണ്ടാക്കുമെന്നുറപ്പ് – നാളെയുടെ ലോകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA