sections
MORE

'10 വര്‍ഷ വെല്ലുവിളി' അത്ര നിഷ്‌കളങ്കമല്ല? പിന്നിലൊരു ചതി, സൂക്ഷിക്കണം ഓരോ ചുവടും

10yearchallenge10
SHARE

സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ് ആണ്, ഇപ്പോഴത്തെയും പത്തു വര്‍ഷം മുൻപുമുള്ള ഫോട്ടോകള്‍ ഒരുമിച്ചു പോസ്റ്റു ചെയ്യുന്നത്. ഒരു പതിറ്റാണ്ടു മുൻപ് താന്‍ കൂടുതല്‍ സുന്ദരനോ, സുന്ദരിയോ, ക്യൂട്ടോ ഒക്കെയായിരുന്നുവെന്ന് ലോകത്തിനു മുന്നില്‍ സ്ഥാപിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യവുമായിരിക്കും. പക്ഷേ, ഇങ്ങനെ ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു വളരാനുള്ള ഡേറ്റ നല്‍കുകയാണോ നമ്മള്‍ ചെയ്യുന്നത്? എഐക്ക് വളരണമെങ്കില്‍ ഡേറ്റ കൂടിയേ കഴിയൂ. അതും മനുഷ്യരുടെ ഡേറ്റ. അപ്പോള്‍ ഫെയ്‌സ്ബുക്കിലെ 10 വര്‍ഷ വെല്ലുവിളിപോലെ ('10 Year Challenge') നിഷ്‌കളങ്കമെന്നു തോന്നുന്ന പലതും ആവിര്‍ഭവിക്കും. 

ഇതിലേക്കു ഡേറ്റ നല്‍കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നവരും ഉണ്ടാകാം. പക്ഷേ, അങ്ങനെ ചെയ്യുന്നെങ്കില്‍ കൂടി, അതു ബോധപൂര്‍വ്വമായിരിക്കണം എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് റിച്ചഡ് സ്‌റ്റോള്‍മാന്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോള്‍ നല്‍കിയ മുന്നറിയിപ്പും മനസ്സില്‍ വയ്ക്കണം.

പത്തുവര്‍ഷ വെല്ലുവിളി സ്വയം ഏറ്റെടുക്കാതെ, അതിന്റെ വരുംവരായ്കകളെക്കുറിച്ച് സൈബര്‍വിദഗ്ധയായ കെയ്റ്റ് ഒനീല്‍ നടത്തിയ ട്വീറ്റ്  ഓണ്‍ലൈന്‍ ലോകം ഏറ്റെടുക്കുകയായിരുന്നു. പത്തു വര്‍ഷം ഇടവിട്ടുള്ള ഫോട്ടോ പോസ്റ്റു ചെയ്യുമ്പോള്‍ അത് ഫേഷ്യല്‍ റെക്കഗ്നിഷന്‍ അല്‍ഗോറിതങ്ങള്‍ക്ക് പ്രായമാകലിനെക്കുറിച്ചും മുഖം തിരിച്ചറിയലിനു വേണ്ടിയുമുള്ള ഡേറ്റ നല്‍കുകയായിരിക്കാം നമ്മള്‍ ചെയ്യുന്നതെന്നാണ് അവര്‍ വാദിക്കുന്നത്.

ഇതിനെതിരെ വാദിക്കുന്നവര്‍ പറയുന്നത് പത്തു വര്‍ഷത്തെ പ്രൊഫൈല്‍ ഫോട്ടോയും ഫെയ്‌സ്ബുക്കിന്റെ കയ്യില്‍ തന്നെയുണ്ടല്ലോ. പിന്നെ അതു പോസ്റ്റു ചെയ്യാന്‍ എന്തിനു പേടിക്കണമെന്നാണ്. അതിനു മറുപടിയായി കെയ്റ്റ് പറയുന്നത് പ്രായമാകലുമായി ബന്ധപ്പെട്ട സവിശേഷതകള്‍, അല്ലെങ്കില്‍ പ്രായമാകലിലൂടെ വന്നിരിക്കുന്ന മറ്റങ്ങള്‍ എന്നിവയെക്കുറിച്ചു പഠിക്കാന്‍ കൃത്യതയുള്ള ധാരാളം ഡേറ്റാ സെറ്റുകള്‍ വേണം. ഒരാള്‍ക്കു പ്രായമാകുമ്പോള്‍ അയാള്‍ക്കു വരാവുന്ന മാറ്റം എന്താണെന്നു മനസ്സിലാക്കാന്‍ ശരിയായ ഡേറ്റ തന്നെ വേണം. നേരത്തെ അപ്‌ലോഡു ചെയ്ത ചിത്രങ്ങള്‍ കൈവശമുണ്ടെങ്കിലും അത് എന്നെടുത്തതാണ് എന്നൊക്കെ അറിയാനുള്ള എക്‌സിഫ് ഡേറ്റയൊക്കെ ഇല്ലാത്ത ചിത്രങ്ങളായിരിക്കാം ഉള്ളത്.

shilpa-shetty

അപ്പോള്‍, ഉപയോക്താവു തന്നെ പത്തു വര്‍ഷം വ്യത്യാസത്തിലെടുത്ത ചിത്രങ്ങള്‍ നല്‍കുമ്പോള്‍, അതു കൃത്യതയുള്ള സാംപിളായി തീരുന്നു. പത്തു വര്‍ഷം മുൻപ് താന്‍ നല്‍കിയിരുന്നത് സ്വന്തം ചിത്രമല്ല, എന്തോ പാറ്റേണിന്റെ ചിത്രമാണ്, അല്ലെങ്കില്‍ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രമാണ് എന്നൊക്കെ പറഞ്ഞ് അത്തരമൊരു ചിത്രം അപ്‌ലോഡു ചെയ്താല്‍ അതു സ്വീകരിക്കുകയുമില്ല. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത് വ്യക്തമായ ഡേറ്റ നല്‍കലായിരിക്കാം. പലരും ചെയ്യുന്നത് 2008ല്‍ ഞാന്‍ ഇന്ന പോസ്റ്റില്‍ ഇരുന്നപ്പോള്‍, ഇന്ന സ്ഥലത്തു വച്ച് എടുത്ത ഫോട്ടോ, എന്നൊക്കെ പറഞ്ഞ് ആധികാരികമായി തന്നെയായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു വളരാനുള്ള വളരെ വിശ്വസിനീയമായ ഡേറ്റ നല്‍കലായിരിക്കാം ഈ വെല്ലുവിളി ഏറ്റെടുത്തവര്‍ ചെയ്തത്. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിരന്തരം പരിശീലിപ്പിച്ചാല്‍, അധികം താമസിയാതെ ഒരാളുടെ ഫോട്ടോ കിട്ടിയാല്‍, വരും വര്‍ഷങ്ങളില്‍ അയാള്‍ക്കു വരാവുന്ന മാറ്റം പോലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മുന്‍കൂട്ടിക്കാണാനുമാകും. ഇതെല്ലാം എത്രമാത്രം ആശാസ്യമാണ് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

എന്നാല്‍, തങ്ങള്‍ക്ക് 10 വര്‍ഷ വെല്ലുവിളിയുമായി യാതൊരു ബന്ധവുമില്ലെന്നു പറഞ്ഞ് ഫെയ്‌സ്ബുക് രംഗത്തുവരികയും ചെയ്തു. പക്ഷേ, ഈ പ്രത്യേക വെല്ലുവിളി ഫെയ്‌സ്ബുക് സൂത്രത്തില്‍ ആളുകളെ പറ്റിക്കുന്നതല്ലെങ്കില്‍ പോലും ഇത്തരം പണികളിലൂടെ ആളുകളുടെ ഡേറ്റ ശേഖരിക്കാന്‍ പതുങ്ങിയിരിക്കുന്നവര്‍ ലോകത്തെമ്പാടുമുണ്ട്. ഫെയ്‌സ്ബുക്കില്‍ പതിപ്പിച്ച 10 വര്‍ഷ വെല്ലുവിളിയുടെ ഫോട്ടോസ് തങ്ങളുടെ അല്‍ഗോറിതങ്ങള്‍ക്കു വേണ്ടെന്നു ഫെയ്‌സ്ബുക്കിനു തോന്നാന്‍ വഴിയുണ്ടെന്നും കരുതാന്‍ വയ്യ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മാണം ഗൗരവത്തിലെടുത്തിട്ടുള്ള കമ്പനികളിലൊന്നാണ് ഫെയ്‌സ്ബുക്. കേംബ്രിജ് അനലിറ്റിക്കാ വിവാദമടക്കം നിരവധി വിഷയങ്ങളില്‍ ഫെയ്‌സ്ബുക്കിനെ ആര്‍ക്കും മുഖവിലയ്‌ക്കെടുക്കാനാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫേഷ്യല്‍ റെക്കഗ്നിഷന് അതിന്റെ  ചില ഗുണങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം മുഖം തിരിച്ചറിയല്‍ ഉപയോഗിച്ച് 3000 കുട്ടികളെ കണ്ടെത്താനായി എന്ന് ന്യൂഡൽഹി പൊലീസ് പറയുന്നു. ഇത്തരം കാര്യങ്ങളില്‍ പ്രായമാകലിനെക്കുറിച്ചുള്ള പഠനങ്ങളും ഉപകാരപ്രദമാകാം. എന്നാല്‍ മുഖം തിരിച്ചറിയല്‍ പിന്‍സീറ്റിലേക്കു മാറുകയും പ്രായം തിരിച്ചറിയല്‍ ഡ്രൈവറുടെ സീറ്റിലേക്കു വരികയും ഇത് പരസ്യക്കാര്‍ക്കും മറ്റും വളരെ ഉപകാരപ്രദമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലൊക്കേഷന്‍ ട്രാക്കിങ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെടുത്തി ഒരാളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം സൃഷ്ടിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്കാകും.

ഇത്തരം നീക്കങ്ങളുടെ പരിണതഫലങ്ങള്‍ പല വിധത്തില്‍ ആളുകളെ ബാധിക്കാം. ഒരാള്‍, അയാളുടെ സമപ്രായക്കാരെക്കാള്‍ വളരെ വേഗം പ്രായമാകുന്നുവെന്നു കണ്ടെത്താനായി എന്നിരിക്കട്ടെ. ഇയാള്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ചെല്ലുന്നു. ഇന്‍ഷുറന്‍സ് കമ്പനി ഇയാളുടെ ഡേറ്റ വാങ്ങി പരിശോധിക്കുകയും ആരോഗ്യപാലന ഇന്‍ഷുറന്‍സ് നല്‍കാതിരിക്കുകയും ചെയ്യാം. സ്വകാര്യ കമ്പനികളുടെ കയ്യിലേക്ക് ഡേറ്റ എത്തിച്ചു നല്‍കുമ്പോള്‍ ഇത്തരം പല പ്രശ്‌നങ്ങളും നേരിടാം. സ്വന്തം ജീവിതം എങ്ങനെ നയിക്കണമെന്ന് അവര്‍ പറഞ്ഞു തരുന്ന ഒരു അവസ്ഥ മുന്നിലുണ്ടായിരിക്കാം എന്നാണ് മുന്നറിയിപ്പ്.

ആമസോണ്‍ കമ്പനി തത്സമയ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സര്‍വീസ് 2016ല്‍ ആണ് തുടങ്ങിയത്. ഈ ഡേറ്റ പിന്നീട് പൊലീസുനു നല്‍കിയതായും പരാതിയുണ്ടായി. കുറ്റവാളികളെ കണ്ടെത്താന്‍ മാത്രമല്ല, കുറ്റവാളികളല്ലാത്തവരുടെ ചെയ്തികള്‍ വീക്ഷിക്കാനും ഇത്തരം ഡേറ്റ ഉപയോഗിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പിന്നീട് ആമസോമിനോട് ഇത്തരം ഡേറ്റ വില്‍പ്പന നിർത്താന്‍ ആവശ്യപ്പെട്ടു. ആമസോണിന്റെ ഓഹരിയുടമകളും ഇതു നിർത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

beepashabasu

വരും വര്‍ഷങ്ങളില്‍ ടെക്‌നോളജി പ്രകമ്പനത്തോടെതന്നെ സാധാരണക്കാരുടെ പോലും ദൈനംദിന ജീവിതത്തെ ബാധിക്കാന്‍ പോകുകയാണ്. സ്വകാര്യ കമ്പനികളുടെയും മറ്റും അല്‍ഗോറിതങ്ങളുടെ വലയിലേക്കാണ് ആളുകള്‍ അറിയാതെ പോയിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കമെന്നു തോന്നാവുന്ന പലതും നയിക്കുന്നത് വിപത്തിലേക്കായിരിക്കാം. ഫെയ്‌സ്ബുക് പോലെയുള്ള കമ്പനികള്‍ കാശുണ്ടാക്കുന്നത് സാധാരണക്കാരെക്കൊണ്ട് അധ്വാനിപ്പിച്ചിട്ടാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഇനി നല്‍കുന്ന ഡേറ്റ തിരിഞ്ഞു കൊത്തുകയും ചെയ്യാം. ഇത്തരം ചലഞ്ചുകളില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യം വ്യക്തികള്‍ക്കു തീരുമാനിക്കാം. പക്ഷേ, എടുക്കുന്ന തീരുമാനങ്ങള്‍ പരിണിതഫലങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടു കൂടെയായിരിക്കണമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA