ADVERTISEMENT

ഒരു വര്‍ഷം മുൻപ് ഗൂഗിള്‍ പ്ലേസ്റ്റോറിലെ ആദ്യ നൂറില്‍ 18 ആപ്പുകള്‍ മാത്രമായിരുന്നു ചൈനയില്‍ നിന്നുള്ളവ. ആദ്യ പത്തില്‍ രണ്ടെണ്ണവും. ഇപ്പോള്‍ ആ സംഖ്യ ഇരട്ടിയായിരിക്കുന്നു. ഇതില്‍ മുഖ്യ സ്ഥാനത്ത് ടിക്‌ടോക് തന്നെയാണ്. അവരുടെ 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഈ ചെറു വിഡിയോ ക്ലിപ് ആപ്പിനെ ആവേശത്തോടെ സ്വീകരിച്ച ഇന്ത്യക്കാരാണ്. ഈ ആപ് ഇന്ത്യയില്‍ യുട്യൂബിനെ പോലും തോല്‍പ്പിച്ചേക്കാമെന്ന വാദവുമുണ്ട്. ലൈക് (LIKE), ക്വായി (Kwai), ലൈവ്മീ (LiveMe) ബിഗോലൈവ് (BigoLive) എന്നിവയും ഇന്ത്യയിലെ പ്രധാന വിഡിയോ ആപ്പായി തീരാനുള്ള സാധ്യതയുള്ളവയാണെന്നു വിലയിരുത്തപ്പെടുന്നു. ഓ, മൊബൈല്‍ ആപ്പുകള്‍, ഇതിലൊക്കെ എന്തു കാര്യമിരിക്കുന്നു എന്നാണോ ചിന്ത? എങ്കില്‍ ഇതു പരിശോധിക്കുന്നത് നല്ലതാണ്.

ചൈനക്കാരുടെ ലക്ഷ്യം വേറെയാണ്. അവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം കുതിച്ചെത്തി ലോകത്തെ പ്രധാന ശക്തിയാകണം. ഇതുവരെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ ശാലയായിരുന്നു ചൈനയെങ്കില്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന സ്മാര്‍ട് മെഷീനുകളെ തേടിയെത്തുന്നവരുടെ നാടാകണം തങ്ങളുടേതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മനുഷ്യന്റെ ചിന്തയെ അനുകരിക്കുകയാണ് സ്മാര്‍ട് മെഷീനുകളിലെ എഐ ചെയ്യുക. ഇതിന് കുന്നുകണക്കിന് ഡേറ്റ വേണം. അപ്പോള്‍ മാത്രമെ എഐക്ക് ആഴത്തിലും വേഗത്തിലും കാര്യങ്ങള്‍ ഗ്രഹിക്കാനാകൂ. നേരിട്ടു കിട്ടുന്ന ഡേറ്റയാണ് എഐയുടെ പൂട്ടു തുറക്കാനുള്ള രഹസ്യത്താക്കോല്‍.

ഒരു ശബ്ദവും ബഹളവുമില്ലാതെ, എന്നാല്‍ ഉറച്ച കാല്‍വയ്പ്പുകളോടെ, ചൈനയുടെ ആപ് നിര്‍മാതാക്കള്‍ ഇന്ത്യയെ കീഴടക്കുന്ന രംഗമാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അധികം താമസിയാതെ ഈ ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യക്കാരെക്കുറിച്ചുള്ള ഡേറ്റ മറ്റാരെക്കാളുമേറെ ലഭിക്കും. ഡേറ്റാ ചോർത്തുന്നവരാണെന്ന ആരോപണമുള്ള ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും പോലും വെല്ലുന്ന രീതിയില്‍ ഇന്ത്യക്കാരുടെ മനസാക്ഷി ചൈനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്ത്യക്കാര്‍ കൈമെയ് മറന്നു കെട്ടിക്കിടക്കുന്ന ടിക്‌ടോക്, ബിഗോലൈവ് തുടങ്ങിയ ആപ്പുകള്‍ ദശലക്ഷക്കണക്കിനു ഡേറ്റാ സെറ്റുകളാണ് ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു ചവച്ചിറക്കി വളരാനായി ഇവിടെനിന്നു സമ്പാദിച്ചയക്കുന്നത്. ലോകത്തെ ഓരോ പ്രമുഖ കമ്പനിക്കും അടുത്ത ഒരു ബില്ല്യന്‍ യൂസര്‍മാരെ ലഭിക്കണമെങ്കില്‍ ഇന്ത്യ അതി പ്രാധാന്യമുള്ള ഇടമാണ്. (ഇവിടമിപ്പോള്‍ ചൈനീസ് അല്ലെങ്കില്‍ അമേരിക്കന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ മേല്‍ക്കോയ്മയ്ക്കു വേണ്ടി മത്സരിക്കുന്ന പോര്‍ക്കളമായി തീര്‍ന്നിരിക്കുകയുമാണ്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്ന ഒരാളുടെ സാമ്പത്തിക സ്ഥിതിയും വാസസ്ഥലവും ഏറക്കുറെ കൃത്യമായി അറിയാവുന്ന സുപ്രധാന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ആമസോണും വാള്‍മാര്‍ട്ടും (ഫ്ലിപ്കാര്‍ട്ട്) അമേരിക്കന്‍ കമ്പനികളാണെന്നും ഓര്‍ക്കുക.) 

ചൈനീസ് ആപ് നിര്‍മാതാക്കളെ അടുത്തു പഠിക്കുമ്പോള്‍ കാണാനാകുന്നത് അവര്‍ കൃത്യമായി ഗൃഹപാഠം ചെയ്തു തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത് എന്നാതാണ്. അവരുടെ ആപ്പുകളെല്ലാം തന്നെ വേണ്ടത്ര സാങ്കേതികമായി പരിഷ്‌കൃതവും ആകര്‍ഷകവുമാണ്. ഇവ എല്ലാ സീമകളും തകര്‍ത്തെറിഞ്ഞാണ് മുന്നേറുന്നത്. പ്രാദേശിക ഭാഷകളിലേക്കും അവര്‍ നുഴഞ്ഞു കയറുകയാണ്. പോസ്റ്റുകള്‍ വൈറലാക്കാനാണ് ശ്രമം. തീക്ഷ്ണമല്ലാത്ത അശ്ലീലത പോലും ഇതിന് ആയുധമാക്കിയാണ് അവരുടെ പടയോട്ടമെന്നു കാണാം. ക്വായ് ആപ്പിന്റെ കാര്യമെടുത്താല്‍ അവര്‍ കുട്ടികളുടെ ലൈംഗികത പോലും മുതലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഈ ആപ് കുട്ടികളോട്, പ്രധാനമായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടു അശ്ലീല ആംഗ്യങ്ങള്‍ കാണിക്കലും അശ്ലീലദ്യോതകമായ പാട്ടുകള്‍ക്കൊപ്പം ചുണ്ടനക്കലും അടക്കുമുളള രീതികള്‍ പ്രോത്സാഹിപ്പിക്കുന്നു.

എന്നാല്‍, ചൈനീസ് ആപ്പകുള്‍ അശ്ലീലത്തിലൂന്നിയുള്ള തങ്ങളുടെ മുന്നേറ്റത്തിന്റെ അപകടവും മനസ്സിലാക്കി തുടങ്ങി. ലോസ് ആഞ്ചൽസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്11 ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോള്‍, 13 വയസില്‍ താഴെയുള്ള 600,000 അക്കൗണ്ടുകള്‍ ലൈവ്മീക്ക് ഡിലീറ്റു ചെയ്യേണ്ടതായി വന്നു. പീഡിയോഫൈലുകൾക്ക് കുട്ടികളെ വീഴ്ത്താന്‍ ഇത്തരം ആപ്പുകള്‍ ഉപകാരപ്പെടുമെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.

ടിക്‌ടോക് ഇറക്കിയ, ബൈറ്റ് ഡാന്‍സിന്റെ ഹലോ (Helo) ആപ്പിന്റെ കാര്യമെടുക്കുക. പ്രാദേശികമായ നുഴഞ്ഞുകയറ്റമാണ് ഇതിന്റെ ലക്ഷ്യമെന്നു കാണാം. മലയാളവും ഹിന്ദിയും മറാത്തിയുമൊക്കെയടക്കം 14 ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ആപ്പിനെപ്പറ്റി കേട്ടിട്ടില്ലെങ്കില്‍ മനസ്സിലാക്കേണ്ടത് ഇത് ഉള്‍നാടന്‍ പട്ടണങ്ങളെ ലക്ഷ്യമിട്ട് ഇറക്കിയിരിക്കുന്നതാണ് എന്നതാണ്. എന്റര്‍റ്റെയിൻമെന്റ് ഉള്ളടക്കത്തിലൂടെയുള്ള പ്രചാരമാണ് ഉദ്ദേശിക്കുന്നത്. ഇത്തരം ചില ആപ്പുകള്‍ക്ക് ഇന്ത്യ മാത്രമാണ് ലക്ഷ്യം പോലും.

ഇന്ത്യയില്‍ നിന്നിറങ്ങിയ ആപ്പുകളില്‍ പച്ചപിടിച്ചവയില്‍ ഷെയര്‍ചാറ്റും ഉണ്ട്. 2015ല്‍ ഇറക്കിയ ഈ ആപ്പിന് അഞ്ചു കോടി ഡൗണ്‍ലോഡുകള്‍ ഉണ്ടായി. പ്രാദേശിക ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് എങ്ങനെ കടന്നു കയറണമെന്നു കാണിച്ചുതന്ന ഒരു ആപ് ഇതാണ്. ഷെയര്‍ചാറ്റിന്റെ സമീപനം ഹലോയുടെ സൃഷ്ടിയില്‍ ബൈറ്റ്ഡാന്‍സ് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഈ ആപ്പുകള്‍ക്ക് എങ്ങനെ സ്വാകര്യ ഡേറ്റ ഖനനം ചെയ്യാനാകുമെന്നും മറ്റും ശരാശരി ടെക്‌നോളജി അവബോധമുള്ളവരെ പോലും ബോധവല്‍ക്കിരിക്കുക എളുപ്പമല്ല എന്നിരിക്കെ തീര്‍ത്തും വിദ്യാഭ്യാസമില്ലാത്തവരെ പറഞ്ഞു മനസ്സിലാക്കാനാകും? ശക്തമായ നയരൂപീകരണം മാത്രമെ ഡേറ്റ അതിര്‍ത്തി കടക്കുന്നതു തടയാനാകൂ.

അമേരിക്ക ചൈനീസ് ടെക്‌നോളജി കമ്പനികള്‍ക്കെതിരെ പ്രതിരോധ മതില്‍ ഉയര്‍ത്തുകയാണ്. സിലിക്കന്‍ വാലിയില്‍ ചൈനീസ് കമ്പനികളുടെ നിക്ഷേപത്തിനു തടയിടുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. ഇന്ത്യയും അത്തരം നീക്കങ്ങള്‍ നടത്തേണ്ട സമയം കഴിഞ്ഞു എന്നാണ് ചിലര്‍ വാദിക്കുന്നത്. 2017ല്‍ ചൈനീസ് സ്റ്റര്‍ട്ട്-അപ് കമ്പനികള്‍ 200 കോടി ഡോളര്‍ ഇന്ത്യയില്‍ മാത്രം നിക്ഷേപിച്ചു കഴിഞ്ഞു. എന്നാല്‍, താമസിയാതെ ഇന്ത്യയിലും മാറ്റങ്ങള്‍ വന്നേക്കാമെന്നാണ് പറയുന്നത്. അടുത്തത് സാമ്പത്തിക ദേശീയത (economic nationalism) ആയിരിക്കാം ഇന്ത്യയില്‍ വളരുക എന്നവര്‍ വിശ്വസിക്കുന്നു. എന്തായാലും, കേവലം വിനോദത്തിനെന്നും, നിരുപദ്രവകാരി എന്നു കരുതി ഉപയോഗിക്കുന്ന പല ആപ്പുകളും സ്വകാര്യ ഡേറ്റ നിര്‍ബാധം കടത്തി ഉപയോക്താവിനെ മുതലെടുക്കുന്നുണ്ടെന്ന് മനസ്സില്‍ വയ്ക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com