ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാർട്ടികളുടെ നേതാക്കൾ സംസ്ഥാനങ്ങൾ സന്ദർശിച്ച് റാലി നടത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് നരേന്ദ്ര മോദി ബംഗാളിൽ നടത്തിയ റാലിയാണ് ഇപ്പോൾ ചർച്ചാ വിഷയം. മമതാ ബാനർജിയുടെ പ്രതിരോധത്തെ മറികടന്ന് നടത്തിയ റാലി വൻ വിജയമായിരുന്നുവെന്ന് തെളിയിക്കാനും വാദിക്കാനുമായി പാർട്ടി അണികൾ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ വിവാദമായിരിക്കുകയാണ്.

ദേശീയ വെബ്സൈറ്റുകളും ടെക് വിദഗ്ധരും നടത്തിയ അന്വേഷണത്തിൽ ബംഗാളിലെ ബിജെപി റാലി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം അമേരിക്കയിൽ നടന്ന മറ്റൊരു റാലിയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോദി ബംഗാളിലെത്തിയപ്പോൾ തടിച്ചുകൂടിയ ജനാവലി എന്ന പേരിൽ ഫോട്ടോഷോപ്പ് ചെയ്തിട്ടുള്ള ചിത്രം ലക്ഷങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി രണ്ടിനാണ് ബംഗാളിലെ പർഗനാസ് ജില്ലയിൽ പ്രധാനമന്ത്രി റാലി നടത്തിയത്. ഇതേ ചിത്രം ഉപയോഗിച്ച് മുന്‍നിര ദേശീയ മാധ്യമങ്ങൾ വാർത്ത വരെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ മറ്റു ചിലർ നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രത്തിന് ഏറെ പഴക്കമുണ്ടെന്നും ഇന്ത്യയിലെ ചിത്രമല്ലെന്നും കണ്ടെത്തിയത്.

rally-modi

ഗോധി വിജയ് എന്ന പാർട്ടി വക്താവിന്റെ ട്വിറ്ററിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ജനാവലി കാരണം മോദിക്ക് പലപ്പോഴും പ്രസംഗം നിർത്തിവെക്കേണ്ടിവന്നുവെന്ന് വരെയാണ് ട്വീറ്റ് ചെയ്തത്. പിന്നീട് ഈ ചിത്രമാണ് പാർട്ടി അണികൾ വൈറലാക്കിയത്. അദ്ദേഹം പോസ്റ്റു ചെയ്ത ആദ്യ ചിത്രം പുറത്തുവന്നിട്ടുള്ളത് 2015 ഫെബ്രുവരി അഞ്ചിനാണ്. അദ്ദേഹം രണ്ടാമതായി പോസ്റ്റുചെയ്ത ചിത്രം 2013 നവംബർ 17ലെ ചിത്രമാണ്. മൂന്നാം ചിത്രം മോദിയുടെ വെബ്സൈറ്റില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ചിത്രങ്ങൾക്കൊന്നും മോദി റാലിയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കാൻ ടെക് വിദഗ്ധർക്ക് ഏറെ സമയം വേണ്ടിവന്നില്ല. ഗൂഗിൾ റിവേഴ്സ് സെർച്ചിൽ ഇതെല്ലാം പെട്ടെന്ന് കണ്ടെത്താനായി.

ഇതോടൊപ്പം പ്രചരിച്ച മറ്റൊരു ചിത്രം സർജിക്കൽ സ്ട്രൈക്ക് ബൈ മോദി എന്നതായിരുന്നു. ലാഫിങ് കളേഴ്സ് എന്ന ഫെയ്സ്ബുക് പേജിലാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ഈ ചിത്രം 2018 മാർച്ച് 24 ന് വാഷിങ്ടണിൽ നിന്നു പകർത്തിയതാണെന്നും കണ്ടെത്തി. 2018ൽ അന്ന് ഈ ചിത്രം ഉൾപ്പെടുത്തി നിരവധി മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com