ADVERTISEMENT

ഫെയ്‌സ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമ വെബ്‌സൈറ്റുകളില്‍ അക്കൗണ്ടില്ലാത്തവരുടെ സ്വകാര്യ വിവരങ്ങള്‍ പോലും അവര്‍ അറിയുന്നുവെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. പലപ്പോഴും ഞെട്ടിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ അക്കൗണ്ടില്ലാത്തവരെക്കുറിച്ചു പോലും ശേഖരിക്കുന്നുവെന്നാണ് വെര്‍മണ്‍ട് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. നിങ്ങളുടെ എട്ടോളം കൂട്ടുകാര്‍ക്ക് ഈ വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അവരില്‍ നിന്ന് നിങ്ങളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളും ഖനനം ചെയ്യാമെന്നാണ് അവരുടെ കണ്ടെത്തല്‍.

ഓരോ രാജ്യത്തെയും സ്വകാര്യത നിയമങ്ങള്‍ ലംഘിച്ച്, സിലിക്കന്‍ വാലി ടെക് ഭീമന്മാരുടെ ഡേറ്റാ കളക്‌ഷനെക്കുറിച്ചുള്ള ചര്‍ച്ചയും അന്വേഷണവും നടക്കുന്ന സമയത്താണ് പുതിയ കണ്ടെത്തലും വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഡേറ്റയുടെമേല്‍ എത്ര അവകാശമുണ്ട് എന്നതിനെപ്പറ്റിയുള്ള നിയമങ്ങള്‍ എഴുതാന്‍ ഒരുങ്ങുകയാണ് പല രാജ്യങ്ങളും.

14,000 ട്വിറ്റര്‍ ഉപയോക്താക്കളുടെ പരസ്യ ട്വീറ്റുകളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഓരോ ഉപയോക്താവും അടുത്തതായി ടൈപ് ചെയ്യാന്‍ പോകുന്നത് ഏതു വാക്കാണെന്നു വരെ മെഷീന്‍ ലേണിങിന് 65 ശതമാനം കൃത്യതയോടെ പറയാനാകുമെന്നാണ് അവര്‍ പറയുന്നത്. കൂട്ടുകാരുടെ ട്വീറ്റുകള്‍ അവലോകനം ചെയ്യുകയാണെങ്കില്‍ പ്രവചനം ശരിയാകല്‍ 61 ശതമാനമായി കുറയും. അക്കൗണ്ടില്ലാത്ത ഒരാളുടെ പേര് എട്ടോ, ഒൻപതോ അക്കൗണ്ടുള്ളവരുടെ കോണ്ടാക്ട്‌സ് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് വേണ്ടത്ര വിവരം ശേഖരിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

ഈ പഠനം ട്വിറ്ററിനെ കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും ഫെയ്‌സ്ബുക് അടക്കമുള്ള മറ്റു സമൂഹമാധ്യമ വെബ്‌സൈറ്റുകള്‍ക്കും ഇതു സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സാമുഹ്യമാധ്യമങ്ങളില്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കുന്നതെന്നാണ് ഗവേഷകരില്‍ ഒരാളായ ജിം ബാഗ്രോ പറഞ്ഞത്. 'നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിച്ചു സൂക്ഷിക്കാം,' അദ്ദേഹം പറയുന്നു. ബാഗ്രോയും അദ്ദേഹത്തിന്റെ ടീമും 14,000 ഉപയോക്താക്കള്‍ നടത്തിയ 30 ദശലക്ഷം ട്വീറ്റുകള്‍ പഠിച്ച ശേഷമാണ് തങ്ങളുടെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. അനുദിനം അല്‍ഗോറിതങ്ങളുടെ ശക്തി വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ലോകത്ത് ഒളിയിടങ്ങള്‍ ഇല്ലാതാകുകയാണെന്നു പറയുന്നു. ഒരാളെക്കുറിച്ച്, അയാളുടെ ഡേറ്റ ഇല്ലെങ്കില്‍ പോലും 95 ശതമാനം വരെ കൃത്യതയോടെ, പറയാനാകുമെന്ന് പറയാന്‍ ഇന്ന് അല്‍ഗോറിതങ്ങള്‍ക്കു സാധിക്കുമെന്ന് അവര്‍ പറയുന്നു. പകരം എട്ടോ, ഒന്‍പതോ കൂട്ടുകാരുടെ ഡേറ്റ പഠിച്ചാല്‍ മതി.

സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒളിച്ചിരിക്കാനാവില്ലെന്ന് ഈ പഠനത്തിന്റെ സഹരചയിതാവായ ലൂയിസ് മിച്ചലും പറയുന്നു. രാഷ്ട്രീയ ചായ്‌വ്, എന്തെല്ലാം തരം സാധനങ്ങളാണ് വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്, പ്രിയപ്പെട്ട ടിവി സീരിയല്‍, ഒണ്‍ലൈനിലെ കൂട്ടുകാരുമായി പങ്കുവച്ച ഡേറ്റ എന്നിവയെല്ലാം അറിഞ്ഞ്, ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കുമെന്നും ബാഗ്രോ പറയുന്നു. തത്വത്തില്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്ന ഡേറ്റ മാത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാത്തവരെക്കുറിച്ചും അറിയാനുള്ള കെല്‍പ്പുള്ളവരായി തീര്‍ന്നിരിക്കുന്നു ടെക് ഭീമന്മാര്‍ എന്നാണ് പഠനം പറയുന്നത്.

ഈ വര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചു. എന്നാല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രിസിനു മുൻപാകെ അവര്‍ ഉപയോക്താക്കളുടെ മൗലികാവകാശമാണ് സ്വകാര്യത എന്നു സമ്മതിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ ഫെയ്‌സ്ബുക് ഉപയോഗിക്കാത്തവരുടെ പ്രൊഫൈലുകള്‍ സൃഷ്ടിക്കാറില്ല എന്നാണ് പ്രതികരിച്ചത്. എന്നാല്‍ അവരുടെ ഡേറ്റാ ശേഖരണവും വളരെ കുപ്രസിദ്ധമാണ് എന്നാണ് പറയുന്നത്. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡേറ്റ പുറത്തായ കേംബ്രിജ് അനലിറ്റിക്കാ വിവാദത്തിനു ശേഷം ഫെയ്‌സ്ബുക്കിനോടുള്ള പ്രിയം കുറഞ്ഞിട്ടുണ്ടെന്നും കാണാം.

ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡേറ്റ എടുത്തു പരിശോധിക്കാം. നിങ്ങളയച്ച ടെക്‌സ്റ്റ് മെസേജസും വിളിച്ച കോളുകളെക്കുറിച്ചുള്ള വിവരങ്ങളും കോണ്‍ടാട്ക്‌സുകളെക്കുറിച്ചുള്ള വിവരവും ടൈംലൈന്‍ പോസ്റ്റുകളുമടക്കം അപ്രതീക്ഷിത ഡേറ്റാ ശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com