sections
MORE

കേന്ദ്ര നിയമം നടപ്പിലാക്കിയാൽ വാട്‌സാപ് ഇന്ത്യ വിടും, ഏതു നിമിഷവും അതു സംഭവിക്കാം!

whatsapp
SHARE

വാട്‌സാപ് പ്രേമികള്‍ക്ക് ഞെട്ടിക്കുന്ന വാര്‍ത്തയാണിത്. കേന്ദ്ര സർക്കാർ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സേവനമായ വാട്‌സാപ്പിന്റെ നിലനില്‍പ്പിനെ നേരിട്ടു ബാധിക്കുമെന്നും അതുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്.

ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകര്യമല്ല. പക്ഷേ, ഒരു നിബന്ധന അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ല. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സർക്കാർ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് (Carl Woog) പറയുന്നത്. വാട്‌സാപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചര്‍ ഇല്ലെങ്കില്‍ വാട്‌സാപ് പൂര്‍ണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു.

കൊണ്ടുവരാനിരിക്കുന്ന ഈ നിയമം വല്ലാത്തൊരു കടന്നുകയറ്റമാണ്. കൂടാതെ അത് ലോകവ്യാപകമായി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന സ്വകാര്യതയുടെ ലംഘനവുമാണെന്നും വൂഗ് പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വൂഗ്. പുതിയ നിബന്ധനകള്‍ വന്നാല്‍ ഞങ്ങള്‍ക്ക് വാട്‌സാപ് പുതിയതായി രൂപകല്‍പ്പന ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നു പറഞ്ഞാല്‍ ഇന്നത്തെ വാട്‌സാപ് ആയിരിക്കില്ല പിന്നെ നിലവില്‍ വരിക. ഇത്തരം നിബന്ധനകള്‍ നിലവില്‍ വന്നാല്‍ ഇന്ത്യ വിടില്ലെന്നു പറയാന്‍ അദ്ദേഹം തയാറായില്ല. പക്ഷേ, എന്താണു സംഭവിക്കുക എന്നു പറയാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വ്യാജവാര്‍ത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സർക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി വാട്‌സാപ് പോലെയുള്ള ഓരോ സര്‍വീസ് പ്രൊവൈഡറും വാര്‍ത്ത ആദ്യം നല്‍കിയ ആളെ ചൂണ്ടിക്കാണിക്കേണ്ടിവരും. ഇന്ത്യയില്‍ നടന്ന പല ജനക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്‌സാപ് ആണെന്നു സർക്കാരും ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നതെന്തിനെന്ന് കമ്പനിയും പ്രതികരിച്ചിട്ടുമുണ്ട്. എന്നാല്‍ സർക്കാർ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്‌സാപ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ ഒരു മേധാവിയെയും വച്ചിരുന്നു.

തങ്ങള്‍ മാസാസമാസം ഏകദേശം 20 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാന്‍ ചെയ്യുന്നു. അവയില്‍ 20 ശതമാനം, അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബാന്‍ ചെയ്യുന്നു. ആളുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെ തന്നെ 70 ശതമാനത്തോളം സ്പാം അക്കൗണ്ടുകളും തങ്ങള്‍ നേരിട്ടു പൂട്ടിക്കുന്നുവെന്നാണ് വാട്‌സാപ് അധികാരികള്‍ പറയുന്നത്.

ഇലക്ഷന്‍ സമയത്ത് ഇത് പരമപ്രധാനമാണെന്നും വൂഗ് പറഞ്ഞു. ചില ഗ്രൂപ്പുകള്‍ അത്രയധികം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്ത പരത്തുന്നുണ്ടോ എന്ന് അറിയാനായി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍ വിദഗ്ധരെ ജോലിക്കെടുക്കാന്‍ തങ്ങള്‍ തയാറാണെന്നും കമ്പനി പറയുന്നു. ഇന്ത്യക്കായി എന്‍ക്രിപ്ഷന്‍ ഇല്ലാത്ത ഒരു വാട്‌സാപ് തുടങ്ങുക എന്നതായിരിക്കും വാട്‌സാപിന്റെ സാധ്യതകളിലൊന്ന്. അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. ചൈനാ സർക്കാർ പറയുന്ന രീതിയിലുള്ള സേര്‍ച് എൻജിൻ തയാറാക്കുന്ന ഗൂഗിളിന്റെ രീതി പിന്‍തുടരാന്‍ വാട്‌സാപ് തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വാട്‌സാപ് തുടരും. പക്ഷേ, അയയ്ക്കുന്നതും സ്വീകരിക്കുന്നതുമായ സന്ദേശങ്ങള്‍ പരിശോധിക്കപ്പെട്ടേക്കാം.

വാട്‌സാപ് ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍

തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാന്‍ വാട്‌സാപ് തയാറായില്ലെങ്കിലും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ മെസേജിങ് സേവനം ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതെന്നു കമ്പനി പറഞ്ഞു. കൃത്യമായി എന്താണ് അവര്‍ ചെയ്യുന്നത് എന്നു വെളിപ്പെടുത്താനും കമ്പനി തയാറായില്ല. ഓട്ടോമേറ്റു ചെയ്ത ടൂളുകള്‍ ഉപയോഗിച്ച് മെസേജുകള്‍ അയയ്ക്കുന്നതും, വ്യാജ വാര്‍ത്തകള്‍ പരത്തി വോട്ടര്‍മാരെ സ്വാധീനിക്കലുമാണ് നടത്തുന്നതെന്നാണ് ഊഹിക്കുന്നത്.

തെറ്റായ വാര്‍ത്തകളും, വളച്ചൊടിച്ച വാദഗതികളും യഥേഷ്ടം പ്രചിരിപ്പിക്കാന്‍ ഏറ്റവും എളുപ്പം വാട്‌സാപ് ആണെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നുവെന്നാണ് വാട്‌സാപ് മനസ്സിലാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA