sections
MORE

വിദേശ കമ്പനികൾക്കെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ച് ഇന്ത്യ, ട്വിറ്റര്‍ മേധാവിക്ക് സമണ്‍സ്

jack-dorsey
SHARE

ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മറ്റിക്കു മുന്നിലെത്താന്‍ വിസമ്മതിച്ച ട്വിറ്റര്‍ മേധാവിയോട് ഫെബ്രുവരി 25നു മുൻപ് എത്തിയിരിക്കണമെന്ന് സമൺസ്. ഇന്ത്യ നല്‍കുന്ന ഊ സന്ദേശത്തിന് വ്യക്തമായ പല മാനങ്ങളുണ്ടാവാമെന്നും വിദഗ്ധർ പറയുന്നു. അദ്ദേഹത്തിനു ശേഷം ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മേധാവികളെ വിളിച്ചുവരുത്താനും ഉദ്ദേശമുണ്ടെന്നാണ് പറയുന്നത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പാര്‍ലമെന്ററി കമ്മറ്റിയാണ് ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സിയോടും കമ്പനിയുടെ മുഖ്യ ഉദ്യോഗസ്ഥരോടും തങ്ങള്‍ക്കു മുന്നില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പൗരാവകാശം സംരക്ഷിക്കപ്പെടാനാണ് സമൂഹമാധ്യമങ്ങളുമായി സംസാരിക്കുന്നത് എന്നാണ് പറയുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളോടും സംസാരിക്കുമെന്നും പറയുന്നതില്‍ നിന്ന് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാകും.

പാര്‍ലമെന്ററി കമ്മറ്റി ഡോര്‍സിയോട് തങ്ങള്‍ക്കു മുൻപിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹമോ മുഖ്യ ഉദ്യോഗസ്ഥരില്‍ ആരെങ്കിലുമോ എത്തിയില്ല. പകരം ട്വിറ്ററിന്റെ ഇന്ത്യാ മേധാവിയാണ് എത്തിയത്. ഇതാണ് കമ്മറ്റിയെ ചൊടിപ്പിച്ചത്. ഇന്‍ഡ്യയിലുള്ള ട്വിറ്റര്‍ ഉദ്യോഗസ്ഥരാരും കമ്പനിക്കു വേണ്ടി തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ളവരല്ലെന്നു പറയുന്ന, ട്വിറ്ററില്‍ നിന്നു ലഭിച്ച കത്തു വായിച്ച് കമ്മറ്റിയുടെ തലവന്‍ അനുരാഗ് താക്കൂര്‍ അവരെ പറഞ്ഞയക്കുകയായിരുന്നു. അത്തരം ഉദ്യോഗസ്ഥരോടു സംസാരിച്ച് സമയം കളയേണ്ട കാര്യമില്ലെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്.

കുറച്ചു സമയത്തിനുള്ളില്‍ എത്തിച്ചേരാനാകില്ലെന്ന വാദമാണ് ഡോര്‍സിയ്ക്കു മുന്നില്‍ വച്ചത്. ഇപ്പോള്‍ കമ്മറ്റി കുറച്ചധികം സമയം നല്‍കയിട്ടുണ്ടെന്നും കാണാം. ഇന്ത്യന്‍ പാര്‍ലമെന്റിനെ അനുസരിക്കാനാവില്ലെന്ന ഡോര്‍സിയുടെ നിലപാട് അംഗീകരിക്കാനാവില്ല എന്നാണ് കമ്മറ്റിയിലെ മറ്റംഗങ്ങളും എടുത്തത്. ട്വിറ്റര്‍ പറയുന്നത് കമ്മറ്റിയുടെ കത്ത് തങ്ങള്‍ക്കു ലഭിക്കുന്നത് ഫെബ്രുവരി 1നാണ്. ഏഴാം തിയതി കമ്പനിയുടെ മേധാവിയോ അദ്ദേഹത്തിനു തൊട്ടുതാഴെയുള്ളയാളോ കമ്മറ്റിക്കു മുമ്പിലെത്തണം എന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ തങ്ങള്‍ ട്വിറ്ററിനെ മാത്രമല്ല ഉന്നം വയ്ക്കുന്നതെന്നു കാണിക്കാനാണ് ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഉദ്യോഗസ്ഥരെയും കമ്മറ്റി വിളിച്ചുവരുത്തുമെന്നു പറയുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. സമൂഹമാധ്യമങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്ന് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ചോദിച്ചതായും വാര്‍ത്തയുണ്ട്. കമ്മറ്റിയിലെ അംഗങ്ങള്‍ പറയുന്നത് ട്വിറ്ററിനെതിരെ വേര്‍തിരിവുണ്ടാവില്ല. എല്ലാ സമൂഹമാധ്യമങ്ങളെയും തങ്ങള്‍ക്കു മുന്നില്‍ വിളിച്ചുവരുത്തുമെന്നാണ്.

കമ്മറ്റി അംഗങ്ങള്‍ മുഖ്യമായി അറിയാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്

സമൂഹമാധ്യമങ്ങള്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളാണോ, മാധ്യമങ്ങളാണോ? ഇത്തരം കമ്പനികള്‍ക്ക് ഏതു കണ്ടെന്റിന് പ്രാധാന്യം നല്‍കണമെന്നു തീരുമാനിക്കാവുന്നതു കൊണ്ട് അവയെ അല്‍ഗോറതിമിക് എഡിറ്റര്‍ എന്നു വിളിക്കാമെന്ന് ചില കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. അതുകൊണ്ട് അവയെ മാധ്യമങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്തുകയും മാധ്യമങ്ങള്‍ക്കായി രാജ്യത്തു നിലവിലുള്ള നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരികയും വേണമെന്നാണ് പല കമ്മറ്റി അംഗങ്ങളും ആവശ്യപ്പെടുന്നത്.

ട്വിറ്ററില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്ന മറ്റൊന്ന്, ബോട്ട് (bot- ആളുകളല്ലാതെ യന്ത്രങ്ങളെക്കൊണ്ട് കൈകാര്യം ചെയ്യിക്കുന്ന) അക്കൗണ്ടുകള്‍ എന്ന പേരില്‍ മരവിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചാണ്. സസ്‌പെന്‍ഡു ചെയ്യപ്പെട്ട അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും ഉണ്ട്. അവയെ എന്തു ചെയ്യുമെന്നും പാര്‍ലമെന്ററി കമ്മറ്റിക്ക് അറിയാന്‍ ആഗ്രഹമുണ്ട്.

രാഷ്ട്രീയക്കാരും സമൂഹമാധ്യമങ്ങളും

എന്നാല്‍ വിദേശ സമൂഹ്യമാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ മറ്റെന്തോ കൂടെ ഇല്ലേ എന്ന ചോദ്യവും ഉയരുന്നു. മുന്‍വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അഴിഞ്ഞാടിയുരുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തവണ പിടിവീണു എന്നതൊരു വാര്‍ത്തയാണ്. എല്ലാ രാജ്യങ്ങളിലും രാഷ്ട്രീയക്കാരുടെ പരസ്യങ്ങളും മറ്റും പരസ്യങ്ങളാണ് എന്നുപറഞ്ഞു കാണിക്കാന്‍ തന്നെയാണ് ഫെയ്‌സ്ബുക്കും മറ്റും തീരുമാനിച്ചിരിക്കുന്നത്. വാട്‌സാപ്പിലും ഇതേ തരത്തിലുള്ള മാറ്റങ്ങള്‍ കാണാം. ട്വിറ്ററും വ്യാജ അക്കൗണ്ടുകളെയും മറ്റും മരവിപ്പിക്കുകയും മറ്റും ചെയ്തു. എല്ലാ രാജ്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ സമൂഹമാധ്യമങ്ങള്‍ ശുദ്ധികലശം തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളെ തങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ഉപയോഗിക്കാനാവുന്നില്ല എന്നത് ചില രാഷ്ട്രീയ പാര്‍ട്ടികളെ പ്രകോപിതരാക്കിയിട്ടുണ്ടെന്നും പറയുന്നു.

ഡേറ്റാ, ഡേറ്റാ, ഡേറ്റാ

മറ്റൊന്ന് ഡേറ്റയാണ്. ഇന്ത്യക്കാരുടെ ഡേറ്റ എല്ലാം ഇപ്പോള്‍ വിദേശ കമ്പനികളാണ് കൊണ്ടുപോകുന്നത്. ഡേറ്റ പലരീതിയിലും ഉപയോഗിക്കാമെന്നും കാശാക്കി മാറ്റാമെന്നും ഇന്ന് എല്ലാവര്‍ക്കും തന്നെ അറിയാം. വിദേശത്തേക്കുള്ള ഡേറ്റാ കടത്തലിന് തടയിടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയര്‍ന്നുവന്നിട്ടുള്ള കാര്യമാണ്. ഇന്ത്യയിലെ ചില സ്വകാര്യ കമ്പനികള്‍ പോലും ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചൈന വിദേശ മാധ്യമങ്ങള്‍ക്ക് തടയിട്ടിട്ടുണ്ടെന്നും ഓര്‍ക്കുക. ഫെയ്‌സ്ബുക്, ഗൂഗിള്‍ സേര്‍ച് ഒന്നും ചൈനയില്‍ ലഭ്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA