ADVERTISEMENT

ഇനിയൊരു തിരഞ്ഞെടുപ്പിലും ഫെയ്സ്ബുക്ക് തോൽപിച്ചു എന്നോ ജയിപ്പിച്ചു എന്നോ ഉള്ള പഴി കേൾക്കരുതെന്ന് അന്നേ തീരുമാനിച്ചതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും നിലവിൽ വരും മുൻപേ, വ്യാജവാർത്തകൾക്കു തടയിടാനും കുപ്രചരണങ്ങൾക്കു കൂച്ചുവിലങ്ങിടാനും കർശന പെരുമാറ്റച്ചട്ടവുമായി ഫെയ്സ്ബുക് ഇന്ത്യ രംഗത്തെത്തി. 

യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വിവാദത്തിൽ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഫെയ്സ്ബുക്ക് പിന്നീടു ലോകത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം അതീവശ്രദ്ധയും സൂക്ഷ്മതയും പുലർത്തിയിട്ടുണ്ട്. വ്യാജവാർത്തകൾ വലിയ ദുരന്തങ്ങൾക്കു കാരണമാകുന്ന ഇന്ത്യയിൽ സാമൂഹികവിരുദ്ധരും രാഷ്ട്രീയ പാർട്ടികളും ഫെയ്സ്ബുക്ക് സംവിധാനം ദുരുപയോ​ഗിക്കാതിരിക്കാൻ വലിയ മുൻകരുതലുകളാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ ന്യൂസ് പാർട്നർഷിപ് തലവൻ മനീഷ് ഖണ്ഡൂരി പറഞ്ഞു. 

ഫെയ്സ്ബുക്ക് ഫീഡിൽ വ്യാജവാർത്തകൾ കടന്നുകൂടാതിരിക്കാൻ വാർത്താലിങ്കുകൾ പരിശോധിച്ച് സത്യമാണെന്ന് ഉറപ്പുവരുത്തുന്ന ഫാക്ട് ചെക്കിങ് സേവനം ഫെയ്സ്ബുക് മലയാളം ഉൾപ്പെടെ 6 ഭാഷകളിലേക്കു വ്യാപിപ്പിച്ചു. കൂടുതൽ വാർത്താ വെബ്സൈറ്റുകളെ പദ്ധതിയിൽ പങ്കാളികളാക്കി സേവനം വിപുലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ഫെയ്സ്ബുക്ക് പരസ്യങ്ങൾക്കുമുണ്ട് പെരുമാറ്റച്ചട്ടം. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ രാഷ്ട്രീയപരസ്യനയത്തിലാണ് പുതിയ പെരുമാറ്റച്ചട്ടമുള്ളത്. സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന നീക്കമാണിത്. പഴയതുപോലെ  ആർക്കും തോന്നുംപടി ഫെയ്സ്ബുക്കിൽ രാഷ്ട്രീയപരസ്യങ്ങൾ നൽകാനാവില്ല.

അംഗീകൃത ഏജൻസികൾക്കും വ്യക്തികൾക്കും മാത്രമേ പരസ്യം പ്രസിദ്ധീകരിക്കാനാവൂ. പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളുടെയും മുകളിലുള്ള ഡിസ്ക്ലെയ്മറിൽ പ്രസിദ്ധീകരിക്കുന്നത് ആരാണ് അല്ലെങ്കിൽ ആരു പണം നൽകിയിട്ടാണ് പ്രസിദ്ധീകരിക്കുന്നത് എന്നും കൊടുത്തിരിക്കും. പരസ്യ ഏജൻസികൾക്ക് അവിടെ ഏജൻസിയുടെ പേരോ പണം നൽകിയ രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ പേരോ നൽകാം. അതിനുള്ള തെളിവുകൾ നൽകി ഫെയ്സ്ബുക്കിനെ ബോധ്യപ്പെടുത്തുകയും വേണം. പരസ്യം നൽകുന്നവരുടെ ഫെയ്സ്ബുക്ക് പേജുകളിൽ അവരുടെ രാജ്യവും വ്യക്തമാക്കും. വിദേശ ഇടപെടലിനെ സംബന്ധിച്ചുള്ള ആരോപണങ്ങൾക്കു തടയിടാനാണ് ഈ നീക്കം.

പരസ്യത്തിനു മുകളിലുള്ള ഡിസ്ക്ലെയ്മറിൽ ക്ലിക്ക് ചെയ്താൽ ഫെയ്സ്ബുക്ക് പരസ്യ ലൈബ്രറിയിലെത്തും. അവിടെ ഓരോ പരസ്യവും എന്നു മുതൽ എന്നു വരെ പ്രദർശിപ്പിക്കും, ഏതൊക്കെ പ്രായത്തിലുള്ള എത്ര പേർ പരസ്യം കണ്ടു തുടങ്ങിയ വിശദാംശങ്ങളും ലഭിക്കും. പുതിയ പരസ്യനയം 21 മുതലാണ് ഇന്ത്യയിൽ പ്രാബല്യത്തിൽ വരിക. ഇന്ത്യയിലെ തിരഞ്ഞെടുപ്പു പരസ്യങ്ങൾ മാർച്ച് മുതൽ പരസ്യ ലൈബ്രറിയിൽ ലഭിക്കും. പരസ്യ ലൈബ്രറി സന്ദർശിക്കാൻ ഫെയ്സ്ബുക് അക്കൗണ്ട് ആവശ്യമില്ല. വിലാസം: facebook.com/ads/archive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com