ADVERTISEMENT

ടിക്‌ടോക് പോലെയെുള്ള ബ്രോഡ്കാസ്റ്റ് ആന്‍ഡ് വിഡിയോ ആപ്പുകള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള അവസരമൊരുക്കുന്നുവെന്നാണ് പുതിയതായി ഉയര്‍ന്നിരിക്കുന്ന ആരോപണം. ബ്രിട്ടനിലെ ചില്‍ഡ്രന്‍സ് ചാരിറ്റി സംഘടനയായി ബര്‍ണാഡോസ് (Barnado's) ആണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിളഞ്ഞ വിത്തുകളായ കുട്ടിപിടിയന്മാര്‍ ടിക്‌ടോകിന്റെ തന്നെ ലൈവ് കമന്റ് ഫങ്ഷനുപയോഗിച്ച് നേരിട്ടെത്തി ലൈംഗിക ചേഷ്ടകളും മറ്റും കാണിക്കുന്നതു പ്രോത്സാഹിപ്പിച്ച് അവര്‍ക്ക് ലൈംഗിക പരിശീലനം നല്‍കുന്നുവെന്ന ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്.

ടിക്‌ടോക് മുതലായ വെബ്സൈറ്റുകള്‍ ഉപയോഗിക്കാന്‍ 13 വയസ് എന്ന നിയന്ത്രണം വച്ചിട്ടുണ്ട്. കൂടാതെ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മാര്‍ഗ്ഗോപദേശം തേടണമെന്നും നിബന്ധനയുണ്ട്. എന്നാൽ, ബ്രിട്ടനില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് പത്തു വയസു പോലും തികയാത്ത കുട്ടികള്‍ പോലും ലൈവ് സ്ട്രീമിങിന് ഇറങ്ങുന്നുണ്ടെന്നാണ്. ഇത്തരം ആപ്പുകളില്‍ പ്രകടനം നടത്തിയത് തങ്ങള്‍ക്കോ തങ്ങളുടെ കൂട്ടുകാര്‍ക്കോ വിനയായി എന്ന് പല കുട്ടികളും പിന്നീട് സമ്മതിച്ചുവെന്നും വാര്‍ത്തകള്‍ പറയുന്നു.

ബര്‍ണാഡോസിന്റെ കണ്ടെത്തല്‍ പ്രകാരം ഒരു പതിനാലു വയസ്സുകാരി സ്ട്രീമിങ് ആപ്പുകളില്‍ നിന്ന് ഡേറ്റിങ് ആപ്പുകളിലേക്ക് 'പ്രമോഷന്‍' വാങ്ങുകയും സ്വന്തം നഗ്ന ചിത്രവും മറ്റും അയച്ചു കൊടുത്തുവെന്നും ഓണ്‍ലൈനായി കണ്ടെത്തിയ ഒരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുമാണ്. ചെറു വിഡിയോ ക്ലിപ്പുകളാണ് ടിക്‌ടോകില്‍ പങ്കുവയ്ക്കുന്നത്. പലരും പ്രശസ്തമായ പാട്ടുകള്‍ക്കൊപ്പിച്ച് ചുണ്ടനക്കുകയൊ നൃത്തമാടുകയോ ഒക്കെയാണു ചെയ്യുന്നത്. പലപ്പോഴും പലതരം എഫെക്ടുകള്‍ വിഡിയോയില്‍ ചേര്‍ക്കാമെന്നതും ഇത് ആകര്‍ഷകമാക്കുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സേവനവും ലഭ്യമാക്കിയിട്ടുള്ള ആപ്പുകളുമുണ്ട്.

സുരക്ഷാ സെറ്റിങ്‌സ് ശരിയല്ലെങ്കില്‍ ബെഡ്‌റൂമിലിരുന്ന് വിഡിയോ നിര്‍മിക്കുന്ന കുട്ടിയെ പോലും ഓണ്‍ലൈന്‍ വീരന്മാര്‍ക്ക് വീഴ്ത്താന്‍ എളുപ്പമാണെന്ന് ബര്‍ണാഡോസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നു. തങ്ങളുടെ കുട്ടികള്‍ ഉപയോഗിക്കുന്ന ടെക്‌നോളജിയെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞേ പറ്റൂ എന്നും അദ്ദേഹം പറയുന്നു. ആപ്പില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാണം. നിയമപാലകരോടും ഇതില്‍ ഇടപെടണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

തമിഴ്‌നാടിന്റെ പാത

ടിക്‌ടോക് നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ പറഞ്ഞു. സംസ്‌കാരത്തെ മലിനീകരിക്കുന്നതു കൂടാതെ, അശ്ലീലം പ്രോത്സാഹിപ്പിക്കുകയും, നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകും ചെയ്യുന്നുവെന്നാണ് ഒരു എംഎല്‍എ പറഞ്ഞത്. പലരും ഈ മൊബൈല്‍ ആപ്പ് ബാന്‍ ചെയ്യണമെന്നു പറയുന്നു. ഉടനെ ടിക്‌ടോക് ബാന്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ബ്ലൂവെയില്‍ ഗെയിം ബാന്‍ ചെയ്തതു പോലെ ഇതും ബാന്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തങ്ങളുടെ ആപ്പിന് വേണ്ടത്ര സുരക്ഷാ നടപടികള്‍ ഉണ്ടെന്നാണ് ടിക്‌ടോക് പ്രതിനിധി ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചത്.

ഇന്ത്യയില്‍ ടിക്‌ടോകിന്റെ യുവ ഉപയോക്താക്കളെല്ലാം അതു വെറുമൊരു തമാശ ആപ് എന്ന നിലപാടുള്ളവരാണ്. പലര്‍ക്കും സിനിമയിലടക്കം അവരങ്ങള്‍ നേടിക്കൊടുത്തിരിക്കുന്ന ആപ്പിനെ തള്ളിപ്പറയാന്‍ അവര്‍ ഒരുക്കമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com