ADVERTISEMENT

കുട്ടികള്‍ സ്വതന്ത്രമായി ഇന്റര്‍നെറ്റില്‍ മേയുമ്പോള്‍ ചെന്നെത്താവുന്ന നിരവധി ചതിക്കുഴികളുണ്ട്. ഇന്‍സ്റ്റാഗ്രാം പോലെയുള്ള ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റുകള്‍ പോലും എങ്ങനെ അപകടകരമാകാം എന്നതിന്റെ തെളിവാണ് അടുത്തിടെ നടന്ന ബ്രിട്ടിനിലെ ടീനേജറായ മോളി റസലിന്റെ ആത്മഹത്യ. കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് മോളി ഇന്‍സ്റ്റഗ്രാമിലും പിന്റെറെസ്റ്റിലുമുള്ള സ്വയം പരിക്കേല്‍പ്പിക്കലുകളുടെയും ആത്മഹത്യയുടെയും ചിത്രങ്ങള്‍ കണ്ടാണ് മരിക്കാന്‍ തീരുമാനിച്ചതെന്നാണ്. 

ഇതേത്തുടര്‍ന്ന്, ഫെയ്‌സ്ബുക്കിന്റെ അധീനതിയിലുള്ള ഇസ്റ്റഗ്രാം ചില മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതില്‍ പ്രധാനമാണ് സെന്‍സിറ്റിവിറ്റി സ്‌ക്രീന്‍. ഇതിലൂടെ ഇളം പ്രായത്തിലുള്ളവര്‍ ഇത്തരം ചിത്രങ്ങള്‍ കാണാതിരുന്നേക്കാമെന്നാണ് കമ്പനി കരുതുന്നത്. ഇന്‍സ്റ്റഗ്രാമിന്റെ മേധാവി ആഡം മോസറി പറയുന്നത് ഇപ്പോള്‍ തന്നെ പല മുന്‍കരുതലുകളും വെബ്‌സൈറ്റില്‍ ഉണ്ടെന്നാണ്. ഉദാഹരണത്തിന് ഇത്തരം പോസ്റ്റുകള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ, ഇത്തരം പോസ്റ്റുകള്‍ കണ്ടു പിടിച്ചു നീക്കം ചെയ്യല്‍ എളുപ്പമല്ല. എന്നാല്‍, ഈ വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കാനും കമ്പനി ഉദ്ദേശിക്കുന്നില്ല. 

സര്‍ഗാത്മകമായ രീതിയിലുള്ള ചില ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതും അവ കാണുന്നതും നിയന്ത്രിക്കാന്‍ ഉദ്ദേശമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശരീരഭാഗങ്ങള്‍ മുറിക്കുന്നതു കാണിക്കുന്ന ചിത്രങ്ങള്‍ സേര്‍ച്ചിലോ, ഹാഷ്ടാഗിലോ, അക്കൗണ്ട് റെക്കമെന്‍ഡേഷനിലൂടെയൊ കണ്ടെത്തുന്നതു വിഷമകരമാക്കാനുളള ശ്രമവും നടക്കുന്നു.

സെന്‍സിറ്റിവിറ്റി സ്‌ക്രീന്‍

ആത്മഹത്യ, സ്വയം ക്ഷതമേല്‍പ്പിക്കല്‍ തുടങ്ങിയ ഉള്ളടക്കമുള്ള ചിത്രങ്ങളും മറ്റും വരുമ്പോള്‍ അത് മങ്ങിയ (blur) രീതിയിലായിരിക്കും കാണാനാകുക. ഉപയോക്താവ് തനിക്ക് അത് കാണണമെന്നു പറഞ്ഞാല്‍ മാത്രമാകും പൂര്‍ണ്ണമായും കാണാനാകൂ. കൊച്ചു കുട്ടികള്‍ക്ക് ഇതൊരു കവചമായി പ്രവര്‍ത്തിക്കുമെന്നാണ് ഫെയ്‌സ്ബുക് കരുതുന്നത്.

ഫെയ്‌സ്ബുക്കിനുള്ളതു പോലെ കണ്ടെന്റ് റിവ്യൂവര്‍മാരുടെ സേവനം കൊണ്ടുവരാനും ശ്രമമുണ്ട്. പെപ്പൈറസ്, സാമറിറ്റന്‍സ് തുടങ്ങിയ സംഘടനകളുടെ സേവനവും സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. പുതിയ നടപടികളെല്ലാം വരുന്നത് ബ്രിട്ടന്റെ ഹെല്‍ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ഫെയ്‌സ്ബുക്കിന് അന്ത്യശാസന നല്‍കിയതിനു ശേഷമാണ്. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്പിലും കുട്ടികള്‍ക്ക് വേണ്ടത്ര പ്രതിരോധമില്ലെങ്കില്‍ നിയമമുപയോഗിച്ച് വരിഞ്ഞുകെട്ടും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരം ചിത്രങ്ങളും മറ്റും എത്ര എളുപ്പത്തില്‍ കുട്ടികള്‍ക്കു വരെ കാണാമെന്നുള്ളത് നടുക്കുന്ന ഒരു കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും അടിയന്തര നടപടിയിലൂടെ ഇവ നീക്കം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആത്മഹത്യ പ്രോത്സാഹിപ്പിക്കുന്ന ചിത്രീകരണങ്ങള്‍ തനിക്ക് കഠിനമായ ഉത്കണ്ഠയുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനില്‍ ഇരുപതു വയസില്‍ താഴെയുള്ള ചെറുപ്പക്കാരുടെ പ്രധാന മരണകാരണം ഇപ്പോള്‍ ആത്മഹത്യയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മരിച്ച മോളി 14 വയസു പ്രായമുള്ള കുട്ടിയായിരുന്നു. തന്റെ മകള്‍ക്ക് അവളെക്കാള്‍ രണ്ടു വയസു കുറവാണ്. കൊച്ചുകുട്ടികള്‍ ഇത്തരം ചിത്രങ്ങളും മറ്റും കാണേണ്ടിവരുന്നത് അത്യന്തം ഉത്കണഠയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com