ADVERTISEMENT

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും കാലത്ത് കുട്ടികളുടെ ചിത്രം ഒണ്‍ലൈനില്‍ പോസ്റ്റു ചെയ്യാന്‍ കൈത്തരിപ്പ് ഉണ്ടായില്ലെങ്കിലെ അദ്ഭുതമുള്ളു. വീട്ടുവിശേഷങ്ങള്‍ക്കൊപ്പം ഒരുകൂട്ടം മാതാപിതാക്കള്‍ ഇതു ചെയ്യുന്നു. കൂടാതെ ചെറിയൊരു ശതമാനം പേർ കുട്ടികളുടെ വളര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ ചത്രങ്ങളിലൂടെയും വാക്കുകളിലൂടെയും വര്‍ണ്ണിച്ച് ബ്ലോഗുകളും മറ്റും എഴുതുകയും ചെയ്യുന്നു. ഇതൊക്കെ എത്രമാത്രം ആശാസ്യമാണ്? ഇത്തരം പോസ്റ്റുകള്‍ ഭാവിയില്‍ കുട്ടികൾക്ക് തലവേദനയാകുമോ?

ഷെയറെന്റിങ്

ബ്ലോഗെഴുത്തുകാര്‍ പ്രധാനമായും വിദേശത്താണ്. അത്തരമൊരു ബ്ലോഗറുടെ മകള്‍ തനിക്ക് തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇങ്ങനെ പോസ്റ്റു ചെയ്യുന്നതു കാണാന്‍ താത്പര്യമില്ലെന്നു പറഞ്ഞു. അമ്മ പറയുന്നത് താന്‍ എഴുത്തിലൂടെ തന്റെ മാതൃത്വത്തെ അറിയാന്‍ ശ്രമിക്കുകയാണ് എന്നാണ്. വീട്ടിലെ കൊച്ചു നാടകങ്ങള്‍ എഴുതി പൊതുജനത്തിനു കാണാന്‍ വയ്ക്കുന്നു. അതിനു താത്പര്യമില്ലാത്തവര്‍ കുട്ടികളുടെ വിഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നു. ഇതിനെയാണ് ഷെയറെന്റിങ് (sharenting) എന്നു വിളിക്കുന്നത്. (സമൂഹമാധ്യമങ്ങളുടെ വരവോടെ പ്രശസ്തമായ ഷെയര്‍ (share) എന്ന വാക്കും പാരെന്റിങ് (parenting) എന്ന വാക്കും യോജിപ്പിച്ചാണ് ഈ പുതിയ വാക്കു സൃഷ്ടിച്ചിരിക്കുന്നത്.

ഇത്തരം പ്രവണതകള്‍ അടക്കുമുള്ള കാര്യങ്ങള്‍ കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്നാണ് ഉയരുന്ന ചോദ്യം. മാതാപിതാക്കള്‍ തങ്ങളുടെ ആത്മരതിക്കു (narcissism) ശമനം വരുത്താനും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലഭിക്കാവുന്ന ചില കമന്റുകളിലൂടെയും ലൈക്കുകളിലൂടെയും തങ്ങള്‍ക്കു കിട്ടാവുന്ന അല്‍പം ശ്രദ്ധയ്ക്കു വേണ്ടി കുട്ടികളെ ബലിയാടാക്കുന്നു എന്നാണ് ഒരുകൂട്ടം ആളുകള്‍ പറയുന്നത്. പക്ഷേ, അതിലേറെ വലിയ പ്രശ്‌നമാണ് സമൂഹമാധ്യമങ്ങള്‍ ഉപയോക്താക്കളെ വിറ്റു കാശാക്കുന്നത് എന്നാണ് ചില ടെക് വിദഗ്ധര്‍ പറയുന്നത്. സമൂഹമാധ്യമങ്ങള്‍ കാശുണ്ടാക്കാന്‍ നടത്തുന്നവയാണെന്നും അവയെ അശേഷം വിശ്വസിക്കാനാവില്ല എന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെക്‌നോളജി വാര്‍ത്തകളിലൂടെ കണ്ണോടിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

ഷെയറെന്റിങ്ങില്‍ പുതുമയില്ല

ഓണ്‍ലൈനില്‍ ഷെയർ ചെയ്തില്ലെങ്കിലും ഷെയറെന്റിങ് നൂറ്റാണ്ടുകളായി നിലനിന്നിരുന്നതായി കാണാം. ആദ്യ കാലത്തൊക്കെ ഡയറിക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ പ്രവൃത്തികള്‍ രേഖപ്പെടുത്തിവച്ചിരുന്നത്. ബേബി ബുക്‌സ് എന്നും മറ്റും പറഞ്ഞ് ഇതിനായി ബുക്കുകള്‍ വിദേശ വിപണികളില്‍ ലഭ്യവുമായിരുന്നു. കൂടാതെ ഇടയ്ക്കിടയ്ക്ക് കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തു ഫാമിലി ആല്‍ബങ്ങള്‍ ഉണ്ടാക്കിയിരുന്ന കാലവും മിക്കവര്‍ക്കും ഓര്‍മയുണ്ടായിരിക്കും. എല്ലാവരും തന്നെ തങ്ങളുടെ ജീവിതത്തില്‍ പല റോളുകള്‍ അഭിനയിക്കേണ്ടതായി വരും. കുട്ടിയുടെ ജീവിതപങ്കാളിയായി, മാതാപിതാക്കളായി, സുഹൃത്തായി, സഹപ്രവര്‍ത്തകനായി അങ്ങനെ പല രീതിയില്‍ പകര്‍ന്നാടേണ്ടതായി വരും. ഈ വിവിധ തലങ്ങളിലേക്കു നോക്കിയാല്‍ തങ്ങളെക്കുറിച്ചുള്ള യുക്തിയുക്തമായ ഒരു ചിത്രം ഉണ്ടാക്കിയെടുക്കാമെന്ന് പലര്‍ക്കും അറിയാം. ഇതിലൂടെ പല ബന്ധങ്ങളും ഊട്ടിയുറപ്പിക്കാം. ഏകദേശം ഈ താത്പര്യങ്ങളാണ് ഫെയ്‌സ്ബുക്കിലും മറ്റും കുത്തിക്കുറിക്കുന്നവരിലും കാണാന്‍ പറ്റുക. തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുക വഴി മറ്റു മാതാപിതാക്കളിലേക്കും കണക്ടു ചെയ്യാമെന്നും അവര്‍ക്കറിയാം.

സമൂഹമാധ്യമങ്ങളും പ്രിന്റു ചെയ്ത ഫോട്ടോയും

പക്ഷേ, സമൂഹമാധ്യമ പോസ്റ്റുകള്‍, പുസ്തകവും കടലാസും പോലെയുള്ള ഒരു കളിയല്ലെന്ന് പലര്‍ക്കും മനസ്സിലാകുന്നില്ല എന്നതാണ് സുപ്രധാനമായ വിഷയം. കുടുംബങ്ങള്‍ പണ്ടു മുതല്‍ എടുത്തു സൂക്ഷിച്ച ഫോട്ടോകള്‍, അല്ലെങ്കില്‍ എഴുതിവെച്ച കുറിപ്പുകള്‍ ഇവയൊക്കെ താരതമ്യേന സ്വകാര്യമാണ്. പക്ഷേ, ഇന്‍സ്റ്റാഗ്രാമില്‍ ലൈക്കുകള്‍ക്കും കമന്റുകളും വാരാന്‍ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ ആര്‍ക്കും കാണാവുന്നവയാണ്. സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ പതിക്കുന്നതിനും തങ്ങളെക്കുറിച്ച് എഴുതുന്നതിനും കുട്ടികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ചെയ്യാവുന്നത് പഴയ കാലത്തേതു പോലെ വീട്ടില്‍ പുസ്തകങ്ങളില്‍ എഴുതിവയ്ക്കുകയോ, പ്രിന്റു ചെയ്ത ഫോട്ടോ ആല്‍ബങ്ങള്‍ വയ്ക്കുകയോ ആണെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. പിന്നെ കുട്ടികളെക്കുറിച്ച് എഴുതിയെ മതിയാകൂ എന്നാണെങ്കില്‍ അവരുടെ പേരു ഉപയോഗിക്കാതിരിക്കാം. അങ്ങനെ ചെയ്താല്‍ ഭാവിയില്‍ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ കുട്ടികള്‍ക്കു പറയാനാകും ഇതു തങ്ങളല്ലെന്ന്.

സമൂഹമാധ്യമങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ട കാര്യം

വീട്ടില്‍ ഡയറിയും ആല്‍ബവും ഉണ്ടാക്കിവച്ചാല്‍ അതു കുറച്ചു പേരെ കാണൂ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്താല്‍ അത് കൂടുതല്‍ പേരിലെക്ക് എത്തും. ശരി പക്ഷേ, നിങ്ങള്‍ പോസ്റ്റു ചെയ്യുന്ന ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം ചിത്രങ്ങളും യുട്യൂബ് വിഡിയോയുമെല്ലാം വന്‍കിട കമ്പനികളുടെ സെര്‍വറുകളില്‍ പുതിയ ജീവിതം തുടങ്ങുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തയാളുകള്‍ ഇതെല്ലാം കാണുന്നുവെന്നതു കൂടാതെ കമ്പനികളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും ഇവയെല്ലാം വിശകലനം ചെയ്തു ഡേറ്റ എടുക്കുകയും ചെയ്യും. ഇവ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നവയാണെന്ന കാര്യമാണ് പലരും മറന്നുപോകുന്നത്. സര്‍വൈലന്‍സ് ക്യാപ്പിറ്റലിസം എന്നു വിളിക്കുന്ന ബിസിനസ് രീതിയാണ് ഇവര്‍ പിന്‍പറ്റുന്നത്. ഉപയോക്താക്കളെ നേരിട്ടു മനസ്സിലാക്കാനായി അവര്‍ സൃഷ്ടിക്കുന്ന ഡേറ്റ ശേഖരിക്കുകയും അപഗ്രഥിക്കുകയും തങ്ങളുടെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് മുന്‍നിര സമൂഹമാധ്യമ കമ്പനികള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ഒരാളുടെ ഡേറ്റാ പാറ്റേണുകള്‍ അപഗ്രഥിക്കുമ്പോള്‍ അയാളെക്കുറിച്ചുള്ള നേര്‍ചിത്രം ലഭിക്കുന്നു. ഇതാകട്ടെ പല വിധത്തില്‍ അയാളെ സ്വാധീനിക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ ഡിലീറ്റു ചെയ്താല്‍ അത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും കാണാതാകും. പക്ഷേ, അത് ഫെയ്‌സ്ബുക് പോലെയുള്ള കമ്പനികളുടെ സെര്‍വറുകളില്‍ നിന്ന് ഒരിക്കലും നീക്കം ചെയ്യപ്പെടുന്നില്ലെന്ന ഗുരുതരമായ ആരോപണം വര്‍ഷങ്ങളായി നലനില്‍ക്കുന്നുണ്ട്. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വളര്‍ത്താനും ഉപയോക്താക്കളുടെ ഡേറ്റ ഉപയോഗിക്കുന്നു.

സമൂഹമാധ്യമങ്ങള്‍ കൊണ്ടുവരുന്ന പുതുമകളൊക്കെ സ്വകാര്യ ഡേറ്റാ ഖനനത്തിനുള്ള പുതിയ ഉപാധികളായി കാണുന്നവരും ഉണ്ട്. ഇന്റര്‍നെറ്റിന്റെ സുവര്‍ണ്ണകാലത്തിനു മുൻപ് കുടുംബ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ സൂക്ഷിച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ ഫിലിം കമ്പനിയായിരുന്ന കൊഡാക് സഹായിച്ചിരുന്നു. അവര്‍ ആല്‍ബങ്ങള്‍ നിര്‍മിച്ചു നല്‍കുകയല്ലാതെ തങ്ങളുടെ കസ്റ്റമര്‍മാരെക്കുറിച്ചുള്ള കാര്യങ്ങള്‍ പരസ്യക്കാര്‍ക്കു നല്‍കിയിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ തങ്ങളുടെ ഉപയോക്താക്കളെ കൊഡാക് വില്‍പ്പനച്ചരക്കാക്കിയില്ല. സമൂഹമാധ്യമങ്ങള്‍ അതുമാത്രമാണ് ചെയ്യുന്നത്. ഷെയറെന്റിങ്ങില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ കുട്ടിക്കു വരുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും. വെറുതെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവര്‍ പോലും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തങ്ങളുടെ കുട്ടികളെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഭാവിയില്‍ ഈ ഡേറ്റ കുട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുമോ എന്നു പോലും ഭയക്കുന്നവരുണ്ട്. കുട്ടികളുടെ ഫോട്ടോ പോസ്റ്റു ചെയ്യാനും അവരെക്കുറിച്ച് എഴുതാനും എല്ലാം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ ഉടമകളായ കമ്പനികള്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ വാതിലുകള്‍ നാലുപാടും തുറന്നിടുന്നു. സ്വകാര്യത എന്ന പ്രശ്‌നം ഗൗരവത്തിലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com