ADVERTISEMENT

ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ രണ്ടു മസ്ജിദുകളിൽ നടന്ന ഭീകരാക്രമണത്തിന്റെ ലൈവ് വിഡിയോ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ കണ്ടിരുന്നത് 200 പേർ. ഒരാളും വിഡിയോ റിപ്പോർട്ട് ചെയ്തില്ല എന്നതാണ് ഇതിലും വലിയ ദുരന്തം. ലൈവ് തീരുന്നത് പേരെ എല്ലാവരും വിഡിയോ കണ്ടിരുന്നു. വിഡിയോ അതിവേഗം നീക്കം ചെയ്യാൻ ഫെയ്സ്ബുക്, യുട്യൂബ് തുടങ്ങി നിരവധി സോഷ്യൽമീഡിയകൾ പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദമായ കണക്കുകൾ വെളിപ്പെടുത്തുന്ന ബ്ലോഗും ഫെയ്സ്ബുക് പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

എന്നാൽ വെടിവെപ്പിന്റെ വിഡിയോ പ്രചരിച്ചതിനെയും തുടർന്നുള്ള വിമർശനങ്ങളെയും പ്രതിരോധിച്ച് ഫെയ്സ്ബുക് അധികൃതർ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ നീക്കം ചെയ്യുന്നതിൽ വിജയിച്ചുവെന്നാണ് ഫെയ്സ്ബുക് അവകാശപ്പെടുന്നത്. വെടിവെപ്പിന്റെ ലൈവ് വിഡിയോ കേവലം 200 പേർ മാത്രമാണ് കണ്ടതെന്നും ഇവരിൽ ആരെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ആ നിമിഷം നീക്കം ചെയ്യുമായിരുന്നു എന്നുമാണ് ഫെയ്സ്ബുക് അധികൃതർ പറഞ്ഞത്.

 

വിഡിയോ നീക്കം ചെയ്യുന്നതിനു മുൻപ് ഏകദേശം നാലായിരം പേർ മാത്രമാണ് കണ്ടത്. 17 മിനിറ്റ് വിഡിയോ എഡിറ്റ് ചെയ്ത് നിരവധി ഓൺലൈൻ വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഫെയ്സ്ബുക് പുറത്തുവിട്ടത്. പൊലീസ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് വിഡിയോ നീക്കം ചെയ്തത്. അപ്പോഴേക്കും നിരവധി പേർ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇതേവിഡിയോ വാട്സാപ് വഴി ലക്ഷങ്ങളാണ് കണ്ടത്. ദുരന്ത വിഡിയോ വാട്സാപ് ഗ്രൂപ്പുകളിൽ ഇപ്പോഴും കറങ്ങുന്നുണ്ട്.

 

ദുരന്തം സംഭവിച്ച് അന്ന് വൈകീട്ടാണ് വിഡിയോ പകർപ്പുകൾ വ്യാപകമായി പരക്കാൻ തുടങ്ങിയത്. ഏകദേശം 15 ലക്ഷം വിഡിയോകൾ നീക്കം ചെയ്തെന്നാണ് ഫെയ്സ്ബുക് അവകാശപ്പെടുന്നത്. 17 മിനിറ്റ് വിഡിയോയുടെ എഡിറ്റ് ചെയ്ത പകർപ്പുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള മൂന്നു ലക്ഷത്തോളം വിഡിയോകൾ പ്രചരിക്കുന്നുണ്ട്. 

 

എന്നാൽ ഫെയ്സ്ബുക്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത വിഡിയോ ഏറ്റവും കൂടുതൽ പോസ്റ്റ് ചെയ്തത് യുട്യൂബിലാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിഡിയോ നീക്കം ചെയ്തത്. വിഡിയോ പോസ്റ്റ് ചെയ്ത 12 ലക്ഷം പേരെയാണ് ഫെയ്സ്ബുക് ബ്ലോക് ചെയ്തത്. ക്രൈസ്റ്റ് ചർച്ച് ദുരന്ത വിഡിയോ ഫെയ്സ്ബുക്കിൽ പ്രചരിച്ചത് സംബന്ധിച്ച് രാജ്യാന്തര തലത്തിൽ വലിയ വിമര്‍ശനങ്ങളാണ് ഫെയ്സ്ബുക്കും യുട്യൂബും നേരിടുന്നത്. ന്യൂസീലൻഡ് പ്രധാനമന്ത്രി വരെ ഫെയ്സ്ബുക്കിനെതിരെ രംഗത്തുവന്നു.

 

ഇത്തരം വിഡിയോകൾ തടയാനും നീക്കം ചെയ്യാനും വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് മൂന്നു വർഷം മുൻപ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇത്രയും വിഡിയോകൾ പെട്ടെന്ന് നീക്കം ചെയ്യുന്നതിന്റെ വെല്ലുവിളികളെ കുറിച്ചും സക്കർബര്‍ഗ് ഇപ്പോഴും വേണ്ടത്ര ആലോചിച്ചു തുടങ്ങിയിട്ടില്ല എന്നതാണ് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ' പ്രതിദിനം ബില്ല്യന്‍ കണക്കിന് പോസ്റ്റുകളും കമന്റുകളും മെസേജുകളും ഫെയ്സ്ബുക്കിലൂടെ കടന്നു പോകുന്നു. എല്ലാം ഓരോന്നായി പരിശോധിക്കുക സാധ്യമല്ല. എപ്പോഴെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ മാത്രമാണ് അവ ശ്രദ്ധിക്കുന്നത്.' എന്നതാണ് ഫെയ്സ്ബുക്കിന്റെ വാദം.

 

അങ്ങേയറ്റം സങ്കടകരമായ, വെടിവെപ്പ്, ആത്മഹത്യ പോലെയുള്ള സംഭവങ്ങള്‍ വരെ ഇതിലൂടെ ലൈവായി നടക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ തിരിച്ചറിയുകയും ഫെയ്സ്ബുക്കിനെ അറിയിക്കുകയും ചെയ്യാനുള്ള അടിയന്തര സംവിധാനം അത്യാവശ്യമാണ്. 'ഇവിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകാരപ്പെടുക. ഫോട്ടോകളിലും വിഡിയോകളിലും ഇങ്ങനെയുള്ള കണ്ടന്റുകള്‍ ഉണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞു അടയാളപ്പെടുത്തുകയും ഫെയ്സ്ബുക്കിനെ അറിയിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിനായി പരിശ്രമിക്കുകയാണെന്നും സക്കർബർഗ് പറയാൻ തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാൽ ഇപ്പോഴും കാര്യമായി ഒന്നും മാറിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com