sections
MORE

വീട്ടിലെ ഗ്യാസ് സിലിണ്ടർ ബോംബാകുമോ? വാട്ട്സാപ് ശാസ്ത്രജ്ഞരെ വിശ്വസിക്കരുത്

gas-cylinder
SHARE

കേരളത്തിലെ കഠിന ചൂടുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയകളിലൂടെ പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ശാസ്ത്രുവുമായി ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരമൊരു വ്യാജ പോസ്റ്റിനെ കുറിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവൻ മുരളി തുമ്മാരുകുടി എഴുതിയ ഫെയ്സ്ബുക് കുറിപ്പ് 

ചൂട് കൂടി വരുന്നതോടെ വാട്ട്സാപ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു.

‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായതോട് കൂടുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയാണ്’ എന്നതാണ് ഏറ്റവും പുതിയ ശാസ്ത്രം.

ചൂട് കൂടുമ്പോൾ ഒരു വാതകം വികസിക്കുമെന്നത് ശാസ്ത്രമാണ്. അതും സിലിണ്ടർ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിൽ ആകുമ്പോൾ മർദ്ദം കൂടും ശാസ്ത്രമാണ്. പക്ഷേ സാധാരണ മുപ്പത് ഡിഗ്രി ചൂടുള്ള കേരളത്തിൽ ചൂട് നാൽപത് ആകുമ്പോൾ സിലിണ്ടർ ബോംബ് ആകുമോ എന്നതാണ് പ്രശ്നം.

തീർച്ചയായും ഇല്ല എന്നതാണ് ഉത്തരം. കാരണം ഇതിന് കൃത്യമായ ഒരു ശാസ്ത്രമുണ്ട്. ഈ സിലിണ്ടർ ഡിസൈൻ ചെയ്യുന്നത് തന്നെ ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള, പൂജ്യം ഡിഗ്രിക്ക് താഴെ ഉള്ള, സ്ഥലങ്ങളിലും, ഏറ്റവും ചൂടുള്ള, അതായത് ഓരോ സമ്മറിലും ആഴ്ചകളോളം നാൽപത് ഡിഗ്രിക്ക് മുകളിൽ ചൂട് പോകുന്നതുമായ കാലാവസ്ഥയെ മനസ്സിലാക്കിയിട്ടാണ്. അപ്പോൾ കേരളത്തിൽ താപനില മുപ്പതുള്ളിടത്ത് മുപ്പത്തിയഞ്ചോ നാൽപതോ ആയാലൊന്നും അടുക്കളയിൽ ബോംബ് നിർമാണം ഉണ്ടാവില്ല. ആ പ്രതീക്ഷ വേണ്ട.

അത് മാത്രമല്ല, ഞങ്ങൾ എൻജിനീയർമാർ ഒരു വീടോ, പാലമോ, ടാങ്കോ മർദ്ദമുള്ള പൈപ്പോ ഒക്കെ ഡിസൈൻ ചെയ്യുന്നത് കൃത്യം അതിൽ വരുന്ന ഭാരമോ മർദ്ദമോ മാത്രം നോക്കിയിട്ടല്ല, സാധാരണ നമ്മൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതിന്റെ ഇരുന്നൂറോ മുന്നൂറോ ശതമാനം ഭാരമോ മർദ്ദമോ വന്നാലും അതിനെ പ്രതിരോധിക്കാനുള്ള ശക്തിയും ആയിട്ടാണ്. എൻജിനീയറിങ്ങിൽ അതിന് "Factor of Safety" എന്ന് പറയും. നമ്മുടെ കേളൻ കോൺട്രാക്ടർമാർ ഒക്കെ കമ്പിയിലും സിമന്റിലും ഒക്കെ അത്യാവശ്യം തട്ടിപ്പൊക്കെ കാണിച്ചിട്ടും നമ്മുടെ പാലങ്ങൾ ഒക്കെ കുലുങ്ങാതെ നിൽക്കുന്നത് ഈ ഫാക്ടർ ഓഫ് സേഫ്റ്റി മുൻ‌കൂർ ഇട്ടതുകൊണ്ടാണ് (അതിന് വേണ്ടിയിട്ടല്ല അത് ചെയ്യുന്നതെങ്കിൽ പോലും).

ചൂടുകാലം സൂര്യഘാതം തടയുന്നത് മുതൽ കാട്ടുതീ വരെ പല കാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. Kerala State Disaster Management Authority - KSDMA കേരള ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിഒക്കെ അതിന് സമയാസമയങ്ങളിൽ നല്ല നിർദ്ദേശം നൽകുന്നുണ്ട്. ആവശ്യമെന്ന് കണ്ടാൽ ഞാനും തീർച്ചയായും ഈ വിഷയത്തെ പറ്റി എഴുതാം. പക്ഷെേ വാട്സാപ് ശാസ്ത്രം വായിച്ചു പേടിക്കേണ്ട കാര്യം ഒന്നുമില്ല.

മുരളി തുമ്മാരുകുടി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA