ADVERTISEMENT

ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന്റെ വാർത്തകൾ വായിച്ചു കഴിഞ്ഞിട്ടും സോഷ്യൽമീഡിയ ഉപയോക്താക്കളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നു രണ്ടു ചിത്രങ്ങളും വിഡിയോയും ഇപ്പോഴും ചർച്ച ചെയ്തുക്കൊണ്ടിരിക്കുകയാണ്. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ. ആക്രമണത്തിൽ ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരെ കൂട്ടിപിടിച്ചു ആശ്വസിപ്പിക്കുന്ന ഹിജാബ് ധരിച്ച പ്രധാനമന്ത്രിയുടെ ചിത്രം ട്വിറ്ററിലും ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഹിറ്റായി കഴിഞ്ഞു. 

 

ഹിജാബ് ധരിച്ച് സഹപ്രവർത്തകർക്കൊപ്പം ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയേയും പിതാവിനെ നഷ്ടപ്പെട്ട മക്കളെയും ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഒരിക്കൽ പോലും അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്, ട്വിറ്റർ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടില്ല. എന്നിട്ടും ലോകം ഒന്നടങ്കം ആ ചിത്രങ്ങൾ‌ ഏറ്റെടുത്തു ഹിറ്റാക്കി. ലോകത്തിന്റെ സമാധാനത്തിനു ഇത്തരം ഭരണാധികാരികളെയാണ് നമുക്ക് വേണ്ടതെന്നുള്ള കുറിപ്പുകളാണ് എവിടെയും കാണുന്നത്.

Jacinda-

 

ഇവർക്കാണ് നോബൽ സമ്മാനം നൽകേണ്ടത്. ഇവരാണ് ലോകത്തിന്റെ നേതാവ്. ഇതാണ് പ്രധാനമന്ത്രി, ഇതാവണം ഭരണാധികാരികൾ തുടങ്ങി നിരവധി സന്ദേശങ്ങളാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്നത്. കേവലം നാലര ലക്ഷത്തോളം ലൈക്കുകളും അഞ്ചു ലക്ഷത്തിനടുത്ത് ഫോളവേഴ്സുമുള്ള ജസിൻഡയുടെ ഫെയ്സ്ബുക് പേജിലെ ഓരോ പോസ്റ്റുകളും ഹിറ്റാണ്. ജസിൻഡയുടെ പാർലമെന്റിലെ അനുശോചന പ്രസംഗത്തിന്റെ വിഡിയോ 17 ലക്ഷം പേരാണ് കണ്ടത്. 35,500 പേർ ഈ വിഡിയോ ഷെയർ ചെയ്തു. 5600 പേർ ചെയ്ത കമന്റുകളിൽ ഭൂരിഭാഗവും ജസിൻഡയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചായിരുന്നു.

 

സോഷ്യൽമീഡിയലോകം ഒന്നടങ്കം ഒരു ഭരണാധികാരെ ഇത്രയും അഭിനന്ദിക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ട്രന്റിങ്ങായ ഹാഷ്ടാഗ് #JacindaArdern തന്നെയാണ്. ക്രൈസ്റ്റ്ചർച്ച് സംഭവത്തിനു ശേഷം ജസിൻഡ ആർഡേന് പതിവുശൈലി അനുസരിച്ച്, ‘എന്നെ നടുക്കി’ എന്നോ മറ്റോ പറയാമായിരുന്നു. പക്ഷേ, അവർ അർഥശങ്കയ്ക്ക് ഇടനൽകാതെ ട്വീറ്റ് ചെയ്തു: ‘ഈ സംഭവത്തിൽ ഇരയായവരിൽ മിക്കവരും കുടിയേറ്റസമൂഹങ്ങളിൽ നിന്നുള്ളവരാണ്. ന്യൂസീലൻഡ് അവരുടെ വീടാണ്. അവർ നമ്മൾ തന്നെയാണ്’. കൊലയാളി നമ്മളിൽപെട്ടതല്ലെന്നും പറയാനും അവർ മറന്നില്ല. ഇതാണ് ഹീറോയിസം, ഒരു ഭരണാധികാരിക്ക് വേണ്ടതും ഇതാണെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നു.

 

ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഇരകളായ മുസ്‌ലിംകളുടെ വീടുകളിൽ ജസിൻഡ ആർഡേൻ പോകുന്നതിന്റെയും അവർക്കൊപ്പം നിന്നു സംസാരിക്കുന്നതിന്റെയും വിഡിയോകൾ സോഷ്യൽമീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. പല പടിഞ്ഞാറൻ നാടുകളിലും പലരുടെയും നെറ്റിചുളിപ്പിക്കുന്ന വസ്ത്രമായ ഹിജാബ് ധരിക്കാൻ ഇവർ കാണിച്ച ധീരതയെ പ്രശംസിക്കുന്നവരും കുറവല്ല. അവർ പ്രകടിപ്പിച്ചത് ഭിന്നസംസ്കാരങ്ങളോടുള്ള ആദരവാണ്. ലോകത്ത് ഇതുപോലെ ഒരു പെൺ ഭണധികാരിയേ കാണൂ എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com