ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിനായി ബാനറുകളും കട്ടൗട്ടുകളും അനൗണ്‍സ്‌മെന്റുകളും പ്രസംഗങ്ങളും ഇന്ത്യ മുഴുവന്‍ നിറയുകയാണ്. പക്ഷേ, ഈ പരമ്പരാഗത രീതികള്‍ വച്ചു നോക്കിയാല്‍ അദൃശ്യമെങ്കിലും അവയെക്കാളൊക്കെ ശക്തിയുള്ള ഒരു പ്രചാരക മാധ്യമമാണ് വാട്‌സാപ്. കഴിഞ്ഞ അര പതിറ്റാണ്ടിലേറെയായി സാമൂഹ്യമാധ്യമങ്ങള്‍ ലോകമെമ്പാടും തിരഞ്ഞെടുപ്പുകളില്‍ നിർണായക സ്വാധീനമായിരിക്കുന്നു എന്നാണ് അവലോകര്‍ വിലയിരുത്തുന്നത്. പക്ഷേ, വാട്‌സാപ്പിലൂടെ ഇത്തവണയും വ്യാജവാര്‍ത്ത ഒഴുകുന്നു എന്നതാണ് നിരാശജനകമായ കാര്യം. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡേറ്റ ലഭിക്കാൻ തുടങ്ങിയതോടെ വ്യാജപ്രചാരണങ്ങളുടെ കൊഴുപ്പു കൂടുകയും ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി 87,000 വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവയിലൂടെ സമചിത്തതയോടെയുള്ള പ്രചാരണം നടത്തുന്നവര്‍ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പകരം പ്രചരിക്കുന്നത് സർക്കാർ നയങ്ങളെക്കുറിച്ചുള്ള വ്യാജ സ്ഥിതിവിവരക്കണക്കുകള്‍, പ്രാദേശിക ആക്രമങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍, വളച്ചൊടിച്ച രാഷ്ട്രീയ വാര്‍ത്തകള്‍, സർക്കാർ കുംഭകോണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍, ചരിത്രപരമെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന ഐതീഹ്യങ്ങള്‍, ദേശഭക്തിയുടെ പേരില്‍ ഇറക്കുന്ന പോസ്റ്റുകള്‍, മത ദേശീയത തുടങ്ങിയവയെല്ലാം അഴിഞ്ഞാടുന്നുവെന്നാണ് നിരീക്ഷകർ പറയുന്നത്.

ഒരു വാട്‌സാപ് ഗ്രൂപ്പില്‍ പരമാവധി 256 പേരെയാണ് ചേര്‍ക്കാവുന്നത്. 87,000 ഗ്രൂപ്പുകളിലായി, 2.2 കോടി പേരിലേക്ക് ഈ നുണകളുടെ മഹാപ്രളയം എത്തിക്കപ്പെടുന്നുവെന്നു പറയുന്നു. ഈ ഗ്രൂപ്പുകളില്‍ പെട്ടവര്‍ തങ്ങള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങള്‍ അഞ്ചു പേര്‍ക്ക് വീണ്ടും തൊടുത്തുവിടുമ്പോള്‍ അത് വോട്ടര്‍മാരെ എത്രമാത്രം ബാധിക്കുമെന്നു കാണാം.

മുന്‍കരുതലുകള്‍

എന്നാല്‍, വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് വാട്‌സാപ് ചില മുന്‍കരുതലുകള്‍ എടുത്തിട്ടില്ല എന്നല്ല. ആളുകളില്‍ അവബോധം വളര്‍ത്താനായി പല മീറ്റിങ്ങുകൾ സംഘടിപ്പിക്കുകയും ടിവിയിലും റേഡിയോയിലും‌ ഡിജിറ്റല്‍ ഇടങ്ങളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നതു കൂടാതെ ഒരു മെസേജ് അഞ്ചു പേര്‍ക്കു മാത്രം ഫോര്‍വേഡ് ചെയ്യാമെന്ന നിബന്ധനയുമേര്‍പ്പെടുത്തി. നാസ്‌കോം ഫൗണ്ടേഷനുമായി ചേര്‍ന്ന് 1,00,000 ഇന്ത്യക്കാര്‍ക്ക് വ്യാജവാര്‍ത്ത കണ്ടെത്താനുള്ള പരിശീലനവും നല്‍കി. വാട്‌സാപ്പില്‍ എങ്ങനെ തട്ടിപ്പിനിരയാകാതെ കഴിയാം എന്നതിനെ കുറിച്ചുള്ള ക്ലാസുകളും അവര്‍ക്കു നല്‍കി. വൈറല്‍ കണ്ടന്റെ് മുന്‍കാലത്തേതു പോലെ പ്രചരിക്കാതിരിക്കാനും നീക്കത്തിൽ പരിഹാരം കണ്ടുവെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍, ഇതൊന്നും പോര എന്നാണ് അവര്‍ പറയുന്നത്. കോടികണക്കിന് പേരിലേക്ക് വ്യാജ വാര്‍ത്തകളും മറ്റും ഇപ്പോഴും എത്തുന്നു.

ഇലക്ഷന്‍ കമ്മിഷന്‍

തിരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍, വോട്ടിങ് ദിനങ്ങളില്‍ വാട്‌സാപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പ്രശ്‌നമുളള കണ്ടന്റ് മൂന്നു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണമെന്നാണ് പറയുന്നത്. ഇതു വളരെ ബുദ്ധിമുട്ടുള്ള ഒന്നാണത്രെ. വ്യാജ വാര്‍ത്ത തടയാന്‍ വാട്‌സാപ് കാര്യമായി ശ്രമിക്കുന്നുണ്ട് പക്ഷേ, വേണ്ടത്ര വിജയം കൈവരിക്കാനായിട്ടില്ലെന്ന് അവര്‍ സമ്മതിക്കുന്നു.

വാട്‌സാപ്പിന്റെ വ്യാപനം എത്രമാത്രം?

വാട്‌സാപ്പിന്റെ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനെക്കാള്‍ വലിയ ശക്തിയാണ് വാട്‌സാപ് ഇന്ത്യയില്‍. 2017ലെ കണക്കു വച്ച് 20 കോടി ഉപയോക്താക്കളാണ് തങ്ങള്‍ക്ക് ഇന്ത്യയില്‍ ഉള്ളതെന്നാണ് കമ്പനി പറഞ്ഞത്. പക്ഷേ, അതില്‍ വളരെയേറെ പേർ ഇന്ന് വാട്‌സാപ് ഉപയോഗിക്കുന്നുണ്ടാകണം. ഇന്ത്യയില്‍ 43 കോടി സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. മുത്തച്ഛന്‍ മുതല്‍ വീട്ടു ജോലിക്കാരി വരെ വാട്‌സാപ് ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞത് 30 കോടി പേര്‍ വാട്‌സാപ് ഉപയോഗിക്കുന്നുണ്ടാകുമെന്നാണ് അനുമാനം. 24 മണിക്കൂറും ഇവരിലേക്ക് പ്രചാരണങ്ങള്‍ എത്തിക്കാന്‍ പാര്‍ട്ടികള്‍ക്കാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com