sections
MORE

‘പൂട്ടാൻ എന്നെക്കൊണ്ടാവില്ല, സർക്കാരുകൾക്ക് വേണ്ടത് ചെയ്യാം’

zuckerberg
SHARE

യൂറോപ്യന്‍ യൂനിയനും അമേരിക്കയും തന്നെ താമസിയാതെ പൂട്ടുമെന്ന് ഉറപ്പായ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വിവിധ സർക്കാരുകളോടും റെഗുലേറ്റര്‍മാരോടും ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നേരിട്ട് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനോ സക്കര്‍ബര്‍ഗിനോ വിമര്‍ശനങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാൻ അസാധ്യമായി തീര്‍ന്നിരിക്കുകയാണ്. ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ എന്തു ചെയ്യണം ചെയ്യേണ്ട എന്നതിനെക്കുറിച്ചുള്ളതിന് മാതൃകാപരമായ നിയമങ്ങള്‍ കൊണ്ടുവരാനാണ് സക്കര്‍ബര്‍ഗ് സർക്കാരുകളോട് അവശ്യപ്പെട്ടിരിക്കുന്നത്. 

സക്കര്‍ബര്‍ഗിനെതിരെ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ അന്വേഷണം നടക്കുകയാണ്. അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും നിയമനിര്‍മാതാക്കള്‍ ചോദ്യം ചെയ്ത് നിർത്തിപ്പൊരിച്ചിട്ടുമുണ്ട്. ഡേറ്റാ ചോര്‍ത്തല്‍ ആരോപണങ്ങളും മറ്റും താമസിയാതെ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പായതിനാലാണ് സക്കര്‍ബര്‍ഗ് പുതിയ നീക്കം നടത്തിയിരിക്കുന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇന്റര്‍നെറ്റിനു മുഴുവനായി പുതിയ പെരുമാറ്റച്ചട്ടം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. നിയമത്തെക്കുറിച്ചു ബോധമുള്ളവര്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ് ഇന്റര്‍നെറ്റിന്റെ കാലത്ത് പുതിയ നിയമങ്ങള്‍ വരണം എന്നത്. ഓരോ മാസവും നിയമങ്ങള്‍ പുതുക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അവര്‍ നിരീക്ഷിക്കുന്നു. 

സാങ്കേതികവിദ്യ മുന്നേറുമ്പോള്‍ പഴയ നിയമങ്ങളില്‍ പഴുതുകള്‍ വീഴ്ത്താന്‍ സ്വകാര്യ കമ്പനികള്‍ക്കാകുന്നു. പ്രത്യേകിച്ചൊന്നും വില്‍ക്കാതെ തന്നെ കാശുകാരായ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിന്റെയും കാര്യം മാത്രം എടുത്താല്‍ മതി പഴയ നിയമങ്ങളുടെ ബലക്കുറവ് മനസ്സിലാക്കാന്‍. സൗജന്യ സേനവനം നല്‍കുന്നുവെന്നു ഭാവിച്ച് ഉപയോക്താക്കളുടെ സ്വാകാര്യതയിലേക്ക് യഥേഷ്ടം കടന്നു കയറിയാണ് ഇവ കാശുകാരായതെന്ന ആരോപണം ഉയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായല്ലോ.

ലോകമെമ്പാടുമുള്ള ആളുകളുടെ സ്വകാര്യതയിലേക്കും ചെയ്തികളിലേക്കും സദാ നോക്കിയിരിക്കുകയാണ് ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്പനികള്‍ എന്നാണ് ആരോപണം. സർക്കാരുകളും റെഗുലേറ്റര്‍മാരും കൂടുതല്‍ ഇടപെടല്‍ നടത്തേണ്ട സമയമാണിതെന്നാണ് സക്കര്‍ബര്‍ഗ് തന്റെ വാഷിങ്ടണ്‍ പോസ്റ്റ് ലേഖനത്തില്‍ പറയുന്നത്. നാലു കാര്യങ്ങളിലാണ് മാറ്റം വേണമെന്ന് സക്കര്‍ബര്‍ഗ് പറയുന്നത്. ദോഷകരമായ കണ്ടെന്റ്, തിരഞ്ഞെടുപ്പിന്റെ സത്യസന്ധത നിലനിര്‍ത്തല്‍, സ്വകാര്യത, ഡേറ്റാ പോര്‍ട്ടബിലിറ്റി എന്നിവയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. 

വര്‍ഷങ്ങളോളം അഹങ്കാരികളായി തുടര്‍ന്നിരുന്ന സിലിക്കന്‍ വാലി ടെക് ഭീമന്മാര്‍, സർക്കാരുകളും റെഗുലേറ്റര്‍മാരും കാലഹരണപ്പെട്ട റോഡിലെ സ്പീഡ് ബമ്പുകള്‍ (bump) ആണെന്നായിരുന്നു. ഇവയെ ഒഴിവാക്കി തങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാമെന്നാണ് അവര്‍ കരുതിയിരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ വന്ന മാറ്റമെന്നു പറയുന്നത് ഈ കമ്പനികളുടെ ചോർത്തൽ പ്രവര്‍ത്തന രീതി എത്രമാത്രം വിനാശകരമാണെന്ന് ലോകമെമ്പാടുമുള്ള സർക്കാരുകള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുകയാണ് എന്നതാണ്. ഇതാകട്ടെ, കമ്പനിയുടെ മേധാവി എന്ന നിലയില്‍ തനിക്കു സമീപഭാവിയില്‍ തന്നെ ദോഷം ചെയ്യുമെന്ന കാര്യം സക്കര്‍ബര്‍ഗിനും മനസ്സിലായി തുടങ്ങിയിരിക്കുകയാണ്. അതിനാലാണ് സർക്കാരുകളും കമ്പനികളും ഉപയോക്താക്കളും പുതിയ നിയമങ്ങള്‍ നിര്‍മിച്ച് മുന്നേറണമെന്ന വാദം സക്കര്‍ബര്‍ഗ് ഉയര്‍ത്തുന്നത്.

ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക് ഒറ്റയ്ക്കല്ല. രാജ്യങ്ങളെയും നിയമങ്ങളെയും നോക്കുകുത്തികളാക്കിയാണ് സിലിക്കന്‍ വാലിയിലെ കമ്പനികള്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റം നടത്തിയത്. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള നീക്കം ഇപ്പോള്‍ കൊടുമ്പിരിക്കൊള്ളുകയാണ് എന്ന ബോധം പല വമ്പന്‍ കമ്പനികള്‍ക്കും ഉണ്ടായി തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, മറ്റാരെങ്കിലും പുതിയ നിയമങ്ങളുമായി വന്നാല്‍ തങ്ങളെ ഉടന്‍ കുരുക്കിയേക്കാവുന്ന നിയമങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനായേക്കുമെന്ന് അതിബുദ്ധിയും ഇതില്‍ കണ്ടേക്കാമെന്നും കരുതുന്നു. തങ്ങള്‍ പുതിയ നിയമങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കാമെന്നു പറഞ്ഞാല്‍ മതിയല്ലോ.

tim-zuckerberg

സക്കര്‍ബര്‍ഗ് പറയുന്നത് കൂടുതല്‍ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ അനുവര്‍ത്തിക്കണമെന്നാണ്. ജിഡിപിആര്‍ ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ അത്ര വലിയ കാര്യമൊന്നും ചെയ്യുന്നില്ല എന്നാണ് സക്കര്‍ബര്‍ഗും മറ്റും വിലയിരുത്തുന്നത്. കമ്പനികള്‍ ജിഡിപിആറിനൊപ്പമുള്ള ജീവിതത്തിന് സജ്ജരായി കഴിഞ്ഞു. എന്നാല്‍ ഓരോ രാജ്യവും പുതിയ, കഠിന നിയമങ്ങളുമായി എത്തിയാല്‍ അവയെ മറികടക്കാന്‍ വേറെ കൗശലങ്ങള്‍ മെനയേണ്ടിവരുമെന്നതാണ് ജിഡിപിആറിനോട് ഇപ്പോള്‍ സക്കര്‍ബര്‍ഗിന് ഇഷ്ടം തോന്നുന്നതെന്നും വാദമുണ്ട്. എന്നാല്‍, സർക്കാരുകള്‍ പുതിയ നിയമങ്ങളുമായി എത്തി ടെക് കമ്പനികളെ വരിഞ്ഞു കെട്ടിയേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രത്യേകിച്ചും അമേരിക്കയില്‍ അത്തരമൊരു നീക്കം ശക്തി പ്രാപിക്കുന്നുണ്ടെന്നു കരുതുന്നു. അമേരിക്കയിലെ ഓരോ സ്‌റ്റേറ്റും തങ്ങളുടെ സ്വന്തം നിയമവുമായി എത്തിയേക്കു‌മെന്നു പോലും സിലിക്കൻ വാലി ഭീമന്മാര്‍ ഭയക്കുന്നു. എന്നാല്‍, അമേരിക്കന്‍ ഫെഡറല്‍ സർക്കാർ ഒറ്റ നിയമം കൊണ്ടുവന്നാല്‍ അതായിരിക്കും തങ്ങള്‍ക്കു കൂടുതല്‍ സൗകര്യമെന്ന് സിലിക്കന്‍ വാലി കമ്പനികള്‍ കരുതുന്നുണ്ടത്രെ. എന്തായാലും സക്കര്‍ബര്‍ഗിന്റെ മനംമാറ്റത്തിനു പിന്നില്‍ എന്താണെന്നാണ് ടെക് പ്രേമികള്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA