ADVERTISEMENT

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരളാ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 21 പേര്‍ അറസ്റ്റിലായി. 12 ജില്ലകളിലായി 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതില്‍ 29 സ്ഥലങ്ങളില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്, യുഎസ്ബി ഡ്രെവ് മുതലായവ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ പി-ഹണ്ട് എന്നാണ് റെയ്ഡിന് പേര് നല്‍കിയിരിക്കുന്നത്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 84 പേരെ കണ്ടെത്താനും ധാരാളം ഗ്രൂപ്പുകള്‍ മനസ്സിലാക്കാനും ഈ അന്വേഷണത്തിലൂടെ കഴിഞ്ഞു. ഫെയ്സ്ബുക്ക്, വാട്ട്സാപ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയുമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പൊലീസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെയ്ഡിനെ തുടര്‍ന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം നഗരത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയില്‍ ഏഴു സ്ഥലങ്ങളിലും എറണാകുളം റൂറലില്‍ അഞ്ച് സ്ഥലങ്ങളിലും തൃശൂര്‍ സിറ്റിയിലും മലപ്പുറത്തും നാലു സ്ഥലങ്ങളിലും തൃശൂര്‍ റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടു സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. മലപ്പുറത്ത് നാലും തിരുവനന്തപുരം സിറ്റിയില്‍ മൂന്നും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ആലപ്പുഴ, എറണാകുളം സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ രണ്ടു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പൊലീസ് രൂപം നല്‍കിയ പ്രത്യേക വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ സൈബര്‍ ഇന്‍റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈടെക് സെല്ലും കേരളാ പൊലീസ് സൈബര്‍ സെല്ലും ചേര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിമാരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ റെയ്ഡ് നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ ഹൈടെക്ക് സെല്‍ ഇന്‍സ്പെക്ടര്‍ സ്റ്റാര്‍മോന്‍ പിള്ള, സൈബര്‍ഡോം എസ്ഐ എസ്.പി പ്രകാശ്, സൈബര്‍ ഇന്‍റലിജന്‍സ് ഡിവിഷന്‍, വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബര്‍ ഡോമിനെയോ സൈബര്‍സെല്ലിനെയോ ഹൈടെക് സെല്ലിനെയോ അറിയിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം അഭ്യർഥിച്ചു.

നിങ്ങൾ നിരീക്ഷണത്തിലാണ്

നിരവധി പേർ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പോൺ വിതരണം ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സൈബര്‍ പൊലീസിന്റെയും എത്തിക്കൽ ഹാക്കര്‍മാരുടെയും സഹായത്തോടെയാണ് പരിശോധന നടന്നത്. കുട്ടികളുടെ അശ്ലീല വിഡിയോകൾ, ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈവശംവക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. സമൂഹമാധ്യമങ്ങൾ വഴി ഇത്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.

ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റവാളികൾ രക്ഷപ്പെടുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.

വാട്സാപ്പിൽ കുട്ടികളുടെ പോൺ വിഡിയോ ഷെയർ ചെയ്യുന്നവർക്ക് ജയിൽ, ജാമ്യമില്ല

രാജ്യത്തെ സോഷ്യൽമീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരാൻ പോകുകയാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വാട്സാപ്, ഫെയ്സ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്ര‌ സർക്കാർ നിലപാട്. വാട്സാപ് വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.

കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാര്‍ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസില്‍ പിഴയും നൽകേണ്ടിവരും.

നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ കിട്ടും.

അബദ്ധത്തിൽ ആരുടെങ്കിലും വാട്സാപ്പിലേക്ക് ഇത്തരം പോൺ വിഡിയോകൾ വന്നാൽ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോർട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴ നൽകണം, തെറ്റ് ആവർത്തിച്ചാല്‍ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com