ADVERTISEMENT

വ്യാജ വാര്‍ത്തയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി വാട്‌സാപ്. ചെക്‌പോയിന്റ് ടിപ്‌ലൈന്‍ ('Checkpoint Tipline') എന്ന സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശം സത്യമോ എന്നറിയാന്‍ ശ്രമിക്കാമെന്നാണ് കമ്പനി പറയുന്നത്. പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ വാര്‍ത്തയുടെ വ്യാപനം കുറയ്ക്കാനായാണ് പുതിയ സേവനം തുടങ്ങുന്നത്. പ്രോട്ടോ (PROTO) എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനിയുടെ സേവനമാണ് വാട്‌സാപ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. വാട്‌സാപിനു വേണ്ടി പ്രോട്ടോ രാജ്യത്തെ അഭ്യൂഹങ്ങളുടെ ഒരു ഡേറ്റാ ബെയ്‌സ് സൃഷ്ടിക്കും. ഈ ഗവേഷണ പ്രൊജക്ടിനെയാണ് ചെക്‌പോയിന്റ് എന്നു വിളിക്കുന്നത്. ഇതിനു വേണ്ട സാങ്കേതികസഹായം വാട്‌സാപ്പാണു ചെയ്യുന്നത്.

ചെക്‌പോയിന്റ് ടിപ്‌ലൈനിന്റെ വാട്‌സാപ് നമ്പര്‍ +91-9643-000-888 ആയിരിക്കും. തെറ്റായ വാര്‍ത്തയോ വിവരമോ പ്രചരിക്കുന്നുണ്ടെന്നു കണ്ടാല്‍ സന്ദേശം ലഭിച്ചയാള്‍ക്ക് ചെക്‌പോയിന്റ് ടിപ്‌ലൈനിലേക്ക് അയയ്ക്കാം. ആരെങ്കിലും ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശം ലഭിച്ചു കഴിയുമ്പോള്‍ പ്രോട്ടോ അതിന്റെ നിജസ്ഥിതി പരിശോധിക്കും. തങ്ങളുടെ ഡേറ്റാ ബെയ്‌സുമായി തട്ടിച്ചു നോക്കി അതു ശരിയാണോ തെറ്റാണോ എന്നോ, ആ വാര്‍ത്തയുടെ യാഥാര്‍ഥ്യം തങ്ങള്‍ പരിശോധിച്ചെന്നോ, ഇല്ലെന്നോ മറുപടി ലഭിക്കും. മറുപടിയില്‍ ഈ വാര്‍ത്ത ശരിയാണെന്നോ, തെറ്റാണെന്നോ, തെറ്റിധരിപ്പിക്കപ്പെടുന്നതാണെന്നോ, വിവാദമുള്ളതാണെന്നോ, തങ്ങളുടെ പരിധിയില്‍ വരുന്നതല്ല എന്നോ മറുപടി ലഭിക്കും. ചിലപ്പോള്‍ ഈ സന്ദേശത്തോടു ബന്ധമുള്ള കാര്യങ്ങളും മറുപടിയായി ലഭിക്കും.

ഈ കേന്ദ്രത്തില്‍ അവലോകനം നടത്താനുള്ള ഫോട്ടോകളും വിഡിയോ ലിങ്കുകളും ടെക്‌സ്റ്റുകളുമൊക്കെ കാണും. ഇംഗ്ലിഷ് ഭാഷയ്ക്കു പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളില്‍ റിവ്യൂ നടത്താനുള്ള ശേഷി ഇവിടെയുണ്ടായിരിക്കും. തിരഞ്ഞെടുപ്പ് സമയത്ത് പ്രോട്ടോ താഴേക്കിടയില്‍ വരെ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കും. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള കമ്പനിയാണ് വാട്‌സാപ്. 25 കോടിയിലേറെ ഉപയോക്താക്കളുള്ള ഇന്ത്യ, കമ്പനിയുടെ ഏറ്റവുമധികം പ്രചാരമുള്ള രാജ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ വാട്‌സാപ്പിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നുവെന്നും പല ഏറ്റുമുട്ടലുകള്‍ക്കും, ആള്‍ക്കൂട്ട കൊലകള്‍ക്കും പിന്നില്‍ ഈ മെസേജിങ് ആപ്പാണെഎന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സർക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വാട്‌സാപ്പില്‍ ഒരു സന്ദേശം അഞ്ചു പേര്‍ക്കു മാത്രമാണ് ഒരേസമയം ഫോര്‍വേര്‍ഡ് ചെയ്യാവുന്നതെന്നു നിജപ്പെടുത്തിയിരുന്നു. പത്രങ്ങളിലും മറ്റും ബോധവല്‍ക്കരണ പരസ്യങ്ങളും അവര്‍ നല്‍കിയിരുന്നു.

പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ശബ്ദം കടുപ്പിച്ചിരുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചാലും ജനാധിപത്യ പ്രക്രിയയെ ഏതെങ്കിലും രീതിയില്‍ ബാധിക്കാനിടയായാലും കടുത്ത നടപടികളിലേക്കു കടക്കുമെന്ന് അവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ആശാസ്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ തങ്ങള്‍ കൊണ്ടുവരാനിരിക്കുന്ന ഐടി നിയമങ്ങളിലൂടെയും സർക്കാർ തടയിടാനുള്ള ശ്രമം നടത്തി. ഐടി നിയമത്തില്‍ വരുത്താനിരിക്കുന്ന ഭേദഗതിയില്‍ പറയുന്നത് ഒരു പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയുടെ ഉറവിടം കണ്ടെത്തേണ്ട കടമ ആ പ്ലാറ്റ്‌ഫോമിന് ആയിരിക്കുമെന്നാണ്. സർക്കാരോ, അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെടുമ്പോള്‍ ഇതു കൈമാറുകയും വേണം.

ഇത് വാട്‌സാപ്പിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനു തുല്യമാണ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടെന്ന് അഭിമാനിക്കുന്ന കമ്പനി എന്ന നിലയില്‍ വാട്‌സാപ്പിന് ഇത് അംഗീകരിക്കാനാവില്ലയിരുന്നു. തങ്ങള്‍ ഇന്ത്യ വിടുന്ന കാര്യം ആലോചിക്കുകയാണെന്നു വാട്‌സാപ് പറഞ്ഞതായി വരെ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് അവര്‍ പ്രോട്ടോയുടെ സഹായത്തോടെ പുതിയ നീക്കത്തിനു തുടക്കമിട്ടത്. ഇപ്പോള്‍ അവതരിപ്പിച്ച ചെക് പ്ലാറ്റ്‌ഫോം എന്ന ആശയം മെക്‌സിക്കോയിലും ഫ്രാന്‍സിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ചതാണ്. വാട്‌സാപ് ബിസിനസ് എപിഐയുമായി ഏകീകരിപ്പിച്ചാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്.

വാട്‌സാപ്പില്‍ വരുന്ന വ്യാജ വാര്‍ത്തയെക്കുറിച്ചു പഠിക്കുക എന്ന ലക്ഷ്യം പുതിയ ചുവടുവയ്പ്പിനുണ്ട്. കൂടുതല്‍ ഡേറ്റ എത്തുമ്പോള്‍ ഓരോ കാര്യത്തിന്റെയും നിജസ്ഥിതി അറിയാനാകും. ആഗോളതലത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ പിന്നീടു കൊണ്ടുവരാന്‍ കമ്പനിക്ക് ഉദ്ദേശമുണ്ട്. പുതിയ നീക്കം വ്യാജ വാര്‍ത്ത തടയുന്നതില്‍ എത്രമാത്രം ഫലപ്രദമാകുമെന്നതു കണ്ടറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com