ADVERTISEMENT

ഓരോന്നു തുടങ്ങാൻ എളുപ്പമാണ്. പരാജയപ്പെടുമെന്നുറപ്പായിട്ടും വിജയപ്രതീക്ഷയോടെ തുടർന്നുകൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടാണ്. ഗൂഗിളിന്റെ അത്തരം സംരംഭങ്ങളിലൊന്നായിരുന്നു 2011ൽ ആരംഭിച്ച ഗൂഗിൾ പ്ലസ്. ഫെയ്സ്ബുക്കിനെയും ട്വിറ്ററിനെയുമൊക്കെ തുരത്താമെന്ന പ്രതീക്ഷയോടെ മുഴുവൻ ഗൂഗിൾ ഉപയോക്താക്കളെയും അവർ പോലുമറിയാതെ അംഗങ്ങളാക്കിയ സോഷ്യൽ നെറ്റ്‍വർക്ക്. എട്ടു വർഷത്തെ പരാക്രമങ്ങൾക്കു ശേഷം ഗൂഗിൾ സോഷ്യൽ നെറ്റ്‍വർക്കിങ്ങിലെ ഒടുവിലത്തെ യുദ്ധത്തിലും തോൽവി സമ്മതിച്ചു. ഏപ്രിൽ രണ്ടിന് ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിച്ചു. ഇനി മുതൽ ഗൂഗിൾ പ്ലസ് സൈൻ ഇൻ ബട്ടണുകളോ ഗൂഗിൾ പ്ലസ് പേജുകളോ കമന്റുകളോ നിങ്ങൾ കാണില്ല. ഗൂഗിൾ പ്ലസ് ഡേറ്റ ഡൗൺലോഡ് ചെയ്യേണ്ടവർക്ക് അതു ഡൗൺലോഡ് ചെയ്യാൻ നേരത്തെ സമയം അനുവദിച്ചിരുന്നു. 

 

ഇനി മെല്ലെ മെല്ലെ ഗൂഗിൾ പ്ലസിൽ നിങ്ങൾക്കുണ്ടായിരുന്നതെല്ലാം അപ്രത്യക്ഷമാകും, ചിലപ്പോൾ ഇതിനോടകം തന്നെ അപ്രത്യക്ഷമായിട്ടുണ്ടാവും. പ്ലസ് നിർത്തലാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച്ചത്തന്നെ സിഇഒ സുന്ദർ പിച്ചൈ, മുൻ സിഇഒ എറിക് ഷ്മിറ്റ്, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവരുടെ ഗൂഗിൾ പ്ലസ് പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്തിരുന്നു. അതേ സമയം പ്രീമിയം സേവനമായ ജിസ്യൂട്ട് ഉപയോക്താക്കൾക്ക് കുറച്ചുകാലം കൂടി ഗൂഗിൾ പ്ലസ് ലഭ്യമാകും.

 

2015ൽ ആരംഭിച്ച ഇമെയിൽ ക്ലയന്റായ ഇൻബോക്സും ഗൂഗിൾ ഇതോടൊപ്പം നിർത്തലാക്കി. ജിമെയിലിനോടൊപ്പം ഗൂഗിൾ കലണ്ടർ ഉൾപ്പെടെയുള്ള സേവനങ്ങൾകൂടി സംയോജിപ്പിച്ച സമഗ്രമായ ഓർഗനൈസർ ആപ്പായിരുന്നു ഇൻബോക്സ് ബൈ ജിമെയിൽ. ഇൻബോക്സ് അടച്ചുപൂട്ടുമ്പോൾ അതിലെ ഏറ്റവും മികവുറ്റ സംവിധാനങ്ങൾ പലതും ഗൂഗിൾ ജിമെയിലിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട്.

 

ഗൂഗിളിന്റെ നിർത്തലാക്കൽ വാരത്തിൽ സോഫ്റ്റ്‍വെയറുകൾ മാത്രമല്ല, ഹാർഡ്‍വെയർ രംഗത്ത് ഗൂഗിളിന് ഏറ്റവും നേട്ടമുണ്ടാക്കിക്കൊടുത്ത പിക്സൽ സ്മാർട്ഫോണുകളും ഇടം പിടിച്ചിട്ടുണ്ട്. പിക്സൽ 2, പിക്സൽ 2 എക്സ്എൽ ഫോണുകളുടെ വിൽപനയാണ് ഗൂഗിൾ ഔദ്യോഗികമായി നിർത്തിയത്. ഗൂഗിൾ സ്റ്റോർ വെബ്സൈറ്റിൽ നിന്നു പിക്സൽ 2 നീക്കം ചെയ്തു. പിക്സൽ 3 ഫോണുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. വിറ്റഴിഞ്ഞ പിക്സൽ 2 ഫോണുകൾക്കുള്ള അപ്ഡേറ്റുകളും മറ്റു സേവനങ്ങളും തുടരും.

 

2009ൽ അരംഭിച്ച യുആർആൽ ഷോട്നിങ് സേവനവും (goo.gl) ഗൂഗിൾ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. അക്കാലത്ത് ട്വിറ്ററിലും മറ്റും നീളമേറിയ വെബ്സൈറ്റ് വിലാസങ്ങൾ ഷെയർ ചെയ്യാൻ ഈ വിലാസങ്ങൾ ചുരുക്കേണ്ടത് അനിവാര്യമായിരുന്നു. പിന്നീട് അത്തരം സേവനങ്ങൾ വ്യാപകമാവുകയും വിവിധ സോഷ്യൽ നെറ്റ്‍വർക്കുകൾ തന്നെ വിലാസങ്ങൾ ചുരുക്കുകയും ചെയ്തതോടെ ഗൂഗിൾ സേവനം അപ്രസക്തമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com