ADVERTISEMENT

ഫെയ്‌സ്ബുക്കിന് തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരു രീതിയുണ്ടെന്നു തോന്നുന്നു. അവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നു തന്നെ സാധനങ്ങള്‍ വാങ്ങാനുള്ള വഴി തുറന്നിരിക്കുകയാണ് ഇപ്പോള്‍. ഇതിലൂടെ 2021 ആകുമ്പോഴേക്കും കമ്പനിക്ക് പ്രതിവര്‍ഷം 10 ബില്ല്യന്‍ ഡോളര്‍ അധികവരുമാനം നേടാനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വരുമാന വര്‍ധനവും ഉണ്ടാകാം. ഡോയിച് ബാങ്ക് (Deutsche Bank) പുറത്തുവിട്ട വിശകലനമാണ് ഇത് പ്രവചിക്കുന്നത്.

 

ആപ്പിനുള്ളില്‍ തന്നെ ഇന്‍സ്റ്റഗ്രാമുമായി സഹകരിക്കുന്ന ചില കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. അഡിഡാസ്, ബര്‍ബെറി, മാക് കോസ്‌മെറ്റിക്‌സ്, മൈക്കല്‍ കൊര്‍സ്, നൈക്കി, വോര്‍ബി പാര്‍ക്കര്‍, സാറാ തുടങ്ങി കമ്പനികളുടെ പ്രൊഡക്ടുകളാണ് തുടക്കത്തില്‍ ലഭ്യമാക്കുക. നേരത്തെ ഇന്‍സ്റ്റഗ്രാം ആപ്പിൽ നിന്നു പുറത്തെത്തിയാല്‍ മാത്രമായിരുന്നു ഉൽപന്നങ്ങൾ വാങ്ങാനാകുക.

 

എങ്ങനെയാണ് കൂടുതല്‍ പൈസ ലഭിക്കുക?

 

ഇന്‍സ്റ്റഗ്രാമിലെ പരസ്യങ്ങളില്‍ ക്ലിക്കു ചെയ്ത് ഉപയോക്താക്കൾ എന്തെങ്കിലും വാങ്ങുമ്പോള്‍ പരസ്യങ്ങള്‍ കൊണ്ടു ഗുണമുണ്ടായി എന്നു കാണിച്ച് പരസ്യത്തിനു കൂടുതല്‍ പൈസ വാങ്ങാം. കൂടാതെ മറ്റു കമ്പനികളെയും കൊണ്ടുവരാം. നടക്കുന്ന കച്ചവടത്തിന്റെ ഒരു പങ്ക് ഇന്‍സ്റ്റഗ്രാമിനും ലഭിക്കും. ആപ്പില്‍ ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കും. ഉപയോക്താവ് ഏതെല്ലാം പരസ്യങ്ങളിലാണ് ക്ലിക്കു ചെയ്യുന്നതെന്നും അയാള്‍ ഇന്‍സ്റ്റഗ്രാമില്‍ എങ്ങനെയാണ് സമയം ചിലവഴിക്കുന്നത് എന്നതിന്റെയും ഡേറ്റ ഉപയോഗിച്ചും കാശുണ്ടാക്കാം.

 

ഇന്‍സ്റ്റഗ്രാമിനു തുടക്കമിട്ട കെവിന്‍ സിസ്‌ട്രോമും മൈക് ക്രീഗറും ഫെയ്‌സ്ബുക്കിനോട് പിണങ്ങി കമ്പനി വിട്ടതോടെ കാലികമായി വരേണ്ട മാറ്റങ്ങള്‍ പോലും വന്നിട്ടില്ലെന്നു കാണാം. പക്ഷേ, ഇപ്പോഴത്തെ മേധാവി ആഡം മൊസേറി ആപ്പില്‍ നിന്ന് എങ്ങനെ കൂടുതല്‍ കാശുണ്ടാക്കാമെന്ന കാര്യത്തില്‍ ശ്രദ്ധിച്ചാണ് മുന്നേറുന്നതെന്നും മനസ്സിലാക്കാം.

 

ഡോയിച് ബാങ്ക് പറയുന്നത് ഇന്‍സ്റ്റഗ്രാമിലെ ഷോപ്പിങ് ഇപ്പോഴും വളരെ ചെറിയ തോതിലെ നടക്കുന്നുള്ളു എന്നാണ്. പക്ഷേ, വിശ്വാസമാര്‍ജ്ജിച്ചു കഴിയുമ്പോള്‍ ഷോപ്പിങ് ബാഗുകളുടെ വലുപ്പം കൂടുന്നതു കാണാമെന്നാണ് അവരുടെ പ്രവചനം.

 

എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കമ്പനി നേരിട്ടേക്കാമെന്നും പ്രവചങ്ങളുണ്ട്. ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഉപയോക്താവിന്റെ ഡേറ്റാ സുപ്രധാനമാണ്. (ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും എല്ലാം ആപ്പുകള്‍ സൈന്‍-ഇന്‍ ചെയ്ത് ഉപയോഗിക്കുന്നവരുടെ ഓരോ ചെയ്തിയും രേഖപ്പെടുത്തുന്നുണ്ടാകുമെന്ന് ഉറപ്പിക്കാം. ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട് ഡെസ്‌ക്ടോപ് സൈറ്റ് ലോഡ് ആകുമ്പോള്‍ സൈന്‍-ഇന്‍ ആവശ്യപ്പെടുന്നതും ഇതിനു വേണ്ടി തന്നെയാണ്. നിങ്ങളുടെ താത്പര്യങ്ങള്‍ കമ്പനി രേഖപ്പെടുത്തി വയ്ക്കുന്നത് ഇഷ്ടമില്ലെങ്കില്‍ വാങ്ങേണ്ട സാധനം തിരഞ്ഞെടുത്ത ശേഷം മാത്രം സൈന്‍-ഇന്‍ ചെയ്യുക.) എന്നാല്‍, ഇന്‍സ്റ്റഗ്രാം ഉടമ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ ഡേറ്റ മറ്റാര്‍ക്കും നല്‍കുന്ന ശീലക്കാരനല്ല. (പൈസ കൊടുത്താല്‍ നല്‍കുമെന്ന ആരോപണമുണ്ടല്ലോ.) പരസ്യക്കാര്‍ ഫെയ്‌സ്ബുക്കിനെ വേലി കെട്ടിത്തിരിച്ച പൂന്തോട്ടം എന്നാണ് വിളിക്കുന്നത്. പല ബ്രാന്‍ഡുകളും ഇന്‍സ്റ്റഗ്രാമിനോടു ചേരാതിരിക്കാന്‍ ഇത് ഒരു കാരണമായേക്കാം. ഇന്‍സ്റ്റഗ്രാമില്‍ ഷോപ്പിങ് തുടങ്ങിക്കഴിഞ്ഞാല്‍ അയാളെ ഷോപ്പിങ് സൈറ്റുകള്‍ക്കു നഷ്ടപ്പെടാം. അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു മാത്രമെ ലഭിക്കൂ. പ്രൊഡക്ട് വില്‍ക്കുന്ന കമ്പനിക്ക് ഉപയോക്താവിനെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ കൂട്ടിയാല്‍ ബിസിനസ് പൊടിപൊടിക്കുകയും ചെയ്‌തേക്കാം.

 

ശരാശരി ഉപയോക്താവ് തന്റെ ബാങ്ക് വിവങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമിനു നല്‍കുമോ എന്നതാണ്. എന്നാല്‍ ഡോയിച് ബാങ്ക് പറയുന്നത് ധാരാളം ആളുകള്‍ ഫെയ്‌സ്ബുക്കിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ്. അതുപോലെ, ഷോപ്പിങും ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയേക്കാം എന്നാണ് അവരുടെ കണക്കു കൂട്ടല്‍. ഇന്‍സ്റ്റഗ്രാം ഭാവിയില്‍ വമ്പന്‍ ഓണ്‍ലൈന്‍ വില്‍പന ശാലകള്‍ക്ക് ഭീഷണിയായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com