sections
MORE

വാട്‌സാപ്പിനേക്കാള്‍ വേഗത്തിൽ വളര്‍ച്ച, കഞ്ചാവ് പോലെ ലഹരി; ടിക്ടോകിന് തിരശീല വീഴുമ്പോൾ

tik-tok-ads
SHARE

കുട്ടികളുടെ വിഡിയോ ചില മാതാപിതാക്കള്‍ തന്നെ ടിക്‌ടോകില്‍ അപ്‌ലോഡു ചെയ്യുന്നു. ചിലപ്പോള്‍ മുട്ടിലിഴയുന്ന കുട്ടികളുടെ ക്ലിപ്പുകള്‍ പോലും. കുട്ടിക്കാലത്തു തന്നെ മക്കളെ ടിക്‌ടോകിനോട് അടുപ്പിക്കുന്നത് ഉചിതമോ? കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ടിക്‌ടോക് എന്നതുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക് വേഗം നിരോധിക്കാനും ഡൗണ്‍ലോഡ് തടയാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കുട്ടികളെ ദുരുപയോഗം ചെയ്യാനും അശ്ലീല വിഡിയോ പ്രചരിക്കാനുമുള്ള സാധ്യതയുണ്ട്. ഇതൊക്കെ കുട്ടികളെയും ചിലപ്പോൾ ഒരു കുടുംബത്തെ തന്നെ ആത്മഹത്യയിലേക്കു പോലും നയിക്കാനുള്ള സാധ്യതയും ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓൺലൈനിൽ കുട്ടികളെ മയക്കുന്ന ‘ചൈനീസ് കഞ്ചാവ്’ എന്നാണ് ടിക് ടോക് ആപ്പിനെ ഒരു വിഭാഗം സോഷ്യൽമീഡിയക്കാർ വിശേഷിപ്പിക്കുന്നത്.

വാട്‌സാപ്പിനേക്കാള്‍ വേഗത്തിൽ വളര്‍ച്ച

ഇന്ത്യയില്‍ വാട്‌സാപ്പിനോളം ഉപയോക്താക്കളെ ചൈനീസ് വിഡിയോ ഷെയറിങ് വെബ്‌സൈറ്റായ ടിക്‌ടോക് നേടിക്കഴിഞ്ഞുവെന്നു പറഞ്ഞാല്‍ അതിന്റെ കുതിപ്പ് മനസ്സിലാക്കാമല്ലോ. വാട്‌സാപ്പിനേക്കാള്‍ വേഗത്തിലാണ് വളര്‍ച്ച എന്നും പറയാം. ഇപ്പോള്‍ തന്നെ ടിക്‌ടോകിന് ഏകദേശം 30 കോടി ഉപയോക്താക്കളുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. (വാട്‌സാപ്പിന്റെ ഉപയോക്താക്കള്‍ 20 കോടിയാണ് എന്നാണ് അവസാനം പുറത്തു വിട്ട കണക്കുകള്‍. പക്ഷേ, ഇത് 2017ല്‍ ആയിരുന്നു.) ടിക്‌ടോകിന്റെ വളര്‍ച്ച ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നു കാണാം. സ്വകാര്യതയ്ക്ക് കാര്യമായ പ്രാധാന്യം നല്‍കാത്ത ആപ്പാണിത്. ടിക്‌ടോക് വിഡിയോ പ്രശസ്തര്‍ വരെ ഉപയോഗിക്കുന്നു. കുട്ടിക്കളിയെന്നു തോന്നുന്ന അവ കണ്ടാല്‍ എന്താണു പ്രശ്‌നമെന്നു കരുതിയാണ് പലരും സ്വന്തം കുട്ടികള്‍ക്കും ടിക്‌ടോക് തുറന്നു കൊടുക്കുന്നത്. എന്നാല്‍ ഇതു സുരക്ഷിതമായിരിക്കില്ലെന്ന് വാദത്തിനു പിന്നില്‍ എന്താണെന്നു നോക്കാം.

ഓണ്‍ലൈന്‍ മര്യാദകൾ അറിയണം

ഇന്ന് കുട്ടികളെ ടിക്‌ടോക് പോലെയുള്ള ആപ്പുകളില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ അനുവദിക്കുകയാണ് പല രക്ഷിതാക്കളും. എന്നാല്‍, ഓണ്‍ലൈന്‍ ജീവിതത്തിന്റെ സാമാന്യമര്യാദകളെക്കുറിച്ച് ഇവര്‍ ബോധമുള്ളവരാണോ എന്നതാണു ചോദ്യം. ഇന്ത്യ പോലൊരു രാജ്യത്ത് ഇന്റര്‍നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് അവബോധമുള്ളവരുടെ എണ്ണം കുറയും. ഒരാള്‍ തന്റെ പ്രൊഫൈലില്‍ കൂടുതല്‍ ഫോളോവേഴ്‌സ് വരട്ടെ എന്ന് ആഗ്രഹിച്ചു തുടങ്ങുന്നതെല്ലാം മറ്റൊരു ദിശയിലേക്കു നീങ്ങും. ടിക്‌ടോക് പോലെ ഇത്ര ആസക്തിയുണ്ടാക്കുന്ന മറ്റൊരു ആപ്പും ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ വന്നിട്ടില്ല. ലൈക്കുകളും ഫോളോവേഴ്‌സിനെയും വേണമെന്നുള്ളവര്‍ ഇനി എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടേണ്ടതെന്ന ചിന്തയിലേക്കു നീങ്ങും. കുട്ടികളും മണിക്കൂറുകളോളം ഇതെല്ലാം കണ്ടു മയങ്ങിയിരിക്കുകയല്ലാതെ പഠനത്തിലോ, കളിയിലൊ ശ്രദ്ധിയില്ലാത്തവരാകുന്നുവെന്നും സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്റ് പറഞ്ഞു.

ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള യാതൊരു വിവരവുമില്ലാത്ത മാതാപിതാക്കളും കുട്ടികളും തങ്ങളെപ്പറ്റിയുള്ള യഥാര്‍ഥ വിവരങ്ങള്‍ തന്നെ വെളിയില്‍ വിട്ടുകൊണ്ടിരിക്കും. അവരുടെ ലൊക്കേഷനും ശരിയായ വിവരങ്ങളും യഥാസമയം പുറത്തുവിടും. ഒരിക്കല്‍ ഈ വിവരങ്ങള്‍ പുറത്തായാല്‍ ക്രിമിനലുകള്‍ക്കു പോലും വേണമെന്നു വച്ചാല്‍ അവരുടെയടുത്തേക്ക് എളുപ്പത്തില്‍ എത്താം. ഡിജിറ്റല്‍ ലോകത്തിന്റെ പ്രാഥമികമര്യാദകള്‍ പോലും അറിയാത്തവരാണ് ഈ ചതിക്കുഴികളില്‍ വീഴുന്നത്. ഒരിക്കല്‍ ഒരു വിഡിയോ ക്ലിപ് ഇന്റര്‍നെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അത് ഇല്ലായ്മ ചെയ്യുക എന്നത് അസാധ്യമാണെന്നു തന്നെ പറയാം. അപരിചിതരുടെ ഹാര്‍ഡ്‌ഡ്രൈവുകളിലും ക്ലൗഡുകളിലും ഒക്കെ ക്ലിപ് നിര്‍മിച്ചയാള്‍ക്കു യാതൊരു അധികാരവുമില്ലാതെ അതു പുതിയ ജീവിതം തുടങ്ങും. ഈ വിഡിയോയും ഫോട്ടോയും ഒക്കെ എഡിറ്റു ചെയ്ത് പോണ്‍ വെബ്‌സൈറ്റുകളിലേക്കും അപ്‌ലോഡു ചെയ്യാം എന്നതും ഗുരുതരമായ പ്രശ്‌നമാണ്. ഒരോ ദിവസവും പുതിയ പുതിയ വെബ്‌സൈറ്റുകള്‍ വരുന്നു. ഇവയിലൊക്കെ നിങ്ങള്‍ അപ് ലോഡുചെയ്ത വിഡിയോ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നുണ്ടോ എന്ന് ആര്‍ക്കും നോക്കിക്കൊണ്ടിരിക്കാനാവില്ല.

മറ്റു ചിലര്‍ എങ്ങനെ കൂടുതല്‍ ലൈക്കുകളും ഫോളോവേഴ്‌സിനെയും കിട്ടാം എന്നതിനെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്. കിട്ടുന്ന മിക്ക നിര്‍ദ്ദേശങ്ങളും അനുസരിക്കാന്‍ പോയാല്‍ അയാളുടെ ഫോണിന്റെ സുരക്ഷ പോലും തകരാറിലുമായേക്കാം. ഇതാണ് മറ്റൊരു വന്‍ ഭീഷണി. നിങ്ങളറിയാതെ നിങ്ങളുടെ ഫോണിന്റെ മുന്‍-പിന്‍ ക്യാമറകള്‍, മൈക്, ഫോട്ടോഗ്യലറി, മറ്റു ഡേറ്റ തുടങ്ങിയവ തത്പരകക്ഷികളുടെ കൈയ്യിലെത്തുന്നു.

സ്വതന്ത്ര ഇന്റര്‍നെറ്റ് എന്നത് ലോകത്തിനു സംഭവിച്ച ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാണ്. സാമാന്യജനത്തിന് അതിന്റെ ഗുണം മതിയാവോളം ലഭിക്കുകയും ചെയ്തു. എന്നാല്‍ അനുയോജ്യമായ നിയമങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് കുത്തകക്കാരും മറ്റും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതില്‍ പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നു. സൈബര്‍ ബുളളിയിങ്ങിന്റെ ഇരകള്‍ മിക്കപ്പോഴും കുട്ടികളായിരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല, കുട്ടികള്‍ക്ക് നിഷ്‌കളങ്കമല്ലാത്ത വിഡിയോകള്‍ പോലും തുറന്നു കിട്ടുന്നു. ആരും സെന്‍സര്‍ ചെയ്യാത്ത ശതകോടിക്കണക്കിനു വിഡിയോ ആണുള്ളത് എന്നോര്‍ക്കണം. ഇതെല്ലാം കുട്ടികളുടെ മാനസികാരോഗ്യത്തെ നശിപ്പിച്ചേക്കാം. ടിക്‌ടോകിലും മറ്റുമുള്ള ലൈക്കുകള്‍ക്കു പിന്നാലെയുള്ള പാച്ചിലില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടു പോയി എന്നതു പോലും പിഞ്ചു കുട്ടികളുടെ മനസ്സില്‍ പോറലുണ്ടാക്കാം. കുട്ടികളുടെ ഡേറ്റയും അവരുടെ സ്വകാര്യതയും തുറന്നിടപ്പെടുന്നു എന്നാണ് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ഈ പ്രശ്‌നങ്ങള്‍ യഥാര്‍ഥമാണെന്ന് ടിക്‌ടോക് അംഗീകരിക്കുകയും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ ഇന്റര്‍നെറ്റ് ജീവിതത്തില്‍ എങ്ങനെ ഒരു കണ്ണുവയ്ക്കാം?

കുട്ടികളുടെ ഇന്റര്‍നെറ്റ് ജീവിതം മാതാപിതാക്കള്‍ പരിശോധിക്കുക തന്നെ വേണമെന്ന കാര്യത്തില്‍ അവരുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്ന ആര്‍ക്കും സംശയമില്ല.

ഗൂഗിള്‍ സേര്‍ച്ച് എൻജിന്‍ ആയി ഉപയോഗിക്കുന്നവര്‍ 'മൈ ആക്ടിവിറ്റി' പരിശോധിക്കുക എന്നതാണ് ഒരു നിര്‍ദ്ദേശം. (സ്വകാര്യതയുടെ കാര്യത്തില്‍ ഗൂഗിള്‍, ടിക്‌ടോകിനെ പോലെ തന്നെ കുപ്രസിദ്ധമാണ് എന്നൊര്‍ക്കണം. അവര്‍ കൊണ്ടുപോകുന്ന ഡേറ്റ അമേരിക്കയ്ക്കു പോകുന്നു. ടിക്‌ടോകിന്റേത് ചൈയ്ക്കുമെന്ന വ്യത്യാസം മാത്രമെയുള്ളു.)

മാതാപിതാക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

ലൊക്കേഷന്‍ സര്‍വീസ് ഇത്തരം ആപ്പുകള്‍ക്ക് അനുവദിക്കാതിരിക്കുക. സൈബര്‍ ഗുണ്ടകള്‍ക്ക് കുട്ടികളെക്കൊണ്ട് ചില തരം വിഡിയോ ഷൂട്ട് ചെയ്തിട്ട് ഇന്ന സ്ഥലത്തു വരാനും മറ്റും അവര്‍ക്ക് ആവശ്യപ്പെടാന്‍ സാധിക്കും. സ്വകാര്യ വിവരങ്ങള്‍ വളരെ കുറച്ചു മാത്രം പുറത്തുവിടുക.

ആപ്പിലെ ഫീച്ചറുകളിലാണ് ഉപയോക്താക്കള്‍ ആകൃഷ്ടരാകുന്നത്. അതിന്റെ സുരക്ഷയെക്കുറിച്ച് ബോധമുള്ളവര്‍ കുറയും. ഇത്തരം ആപ്പുകളിലെയും ഫോണിലെ തന്നെയും സെക്യൂരിറ്റി സെറ്റിങ്‌സ് കസ്റ്റമൈസ് ചെയ്യുക. ആപ്പിളിന്റെ ആപ്‌സ്റ്റോറിലൊ, ഗൂഗിളിന്റെ പ്ലേസ്റ്റോറിലൊ ഇല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കുട്ടികളോടു തുറന്നു സംസാരിക്കുക. തന്നെ അന്യര്‍ ഓണ്‍ലൈനായി ശല്യപ്പെടുത്തുന്നുവെന്നു തുറന്നു സമ്മതിക്കുന്ന കുട്ടികളെ കണ്ട അനുഭവം ചില മാതാപിതാക്കള്‍ പങ്കുവയ്ക്കുന്നു. പല കുട്ടികളും ഇത് മാതാപിതാക്കളോട് പറയാന്‍ പോലും സാധിക്കാതെ വീര്‍പ്പുമുട്ടിയ സംഭവങ്ങളും പുറത്തു വന്നിട്ടുണ്ട്. കുട്ടികളും മാതാപിതാക്കളും തമ്മില്‍ വിഷമങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ മുന്നോട്ടു പോകണം. കുട്ടികള്‍ ഇന്റര്‍നെറ്റ് കണക്ടഡായിട്ടുള്ള കംപ്യൂട്ടറോ ഫോണോ ഉപയോഗിക്കുമ്പോള്‍ അവരുടെ ചെയ്തികളെല്ലാം നിഷ്‌കളങ്കമായിരിക്കുമെന്ന് അനുമാനിക്കരുത്. എല്ലാം ആവര്‍ത്തിച്ചു പരിശോധിക്കണം.

ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും സൈബര്‍ സുരക്ഷയെക്കുറിച്ച് ഒന്നും അറിയില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇതാണ് കുട്ടികള്‍ വളരെ നേരത്തെ ഇന്റര്‍നെറ്റിലെത്തുന്നതിന്റെ കാരണങ്ങളിലൊന്ന്. സൈബര്‍ സുരക്ഷയെക്കുറിച്ച് ഇവരാരും തങ്ങളുടെ പഠനസമയത്ത് അറിഞ്ഞിട്ടില്ല. ഒരു അശ്ലീല വിഡിയോ പങ്കുവച്ചാല്‍ പോലും ജയില്‍ ശിക്ഷ ലഭിക്കാം. ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടില്ല എന്നേയുളളു. കുട്ടികളുടെ സുരക്ഷയ്ക്ക് ആദ്യം വേണ്ടത് മാതാപിതാക്കള്‍ ഇന്റര്‍നെറ്റ് സുരക്ഷയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുക എന്നതു താന്നെയാണെന്നു പറയുന്നവരും ഉണ്ട്.

ചില മാതാപിതാക്കള്‍ തന്നെ കുട്ടികളുടെ വിഡിയോ ഓണ്‍ലൈനിൽ പോസ്റ്റു ചെയ്യുന്നു. മാതാപിതാക്കളുടെ സര്‍ഗാത്മകതയ്ക്ക് ഇതു നല്ലാതയിരിക്കാം. പക്ഷേ, കുട്ടികളുടെ ഭാവിയെ ഇത് എങ്ങനെ ബാധിക്കുമെ‌ന്നു പറയാനാവില്ല. ടിക്‌ടോക് പോലെയുള്ള വെബ്‌സൈറ്റുകളില്‍ കുട്ടികളുടെ വിഡിയോ അപ്‌ലോഡു ചെയ്തു സര്‍ഗാത്മാഗത വളര്‍ത്തുന്നതു നിർത്തി മറ്റു വഴി അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആപ്പുകളില്‍ അപ്‌ലോഡ് ചെയ്യാതെ നിര്‍മിക്കുന്നതില്‍ തെറ്റു പറായാനാവില്ല. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്കും ആസക്തി പിടിപെടാനുളള സാധ്യതയാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA