ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്കു തുടക്കമാകുമ്പോള്‍ ഒരു കാര്യം കൂടെ വ്യക്തമാകുകയാണ്. പ്രമുഖ മെസേജിങ് സംവിധാനമായ വാട്‌സാപ്പിന്റെ ഇത്തവണത്തെ വേഷം 2014ലേതിനേക്കാള്‍ വലുതും പ്രാധാന്യവുമുള്ളതാണ്. വിഖ്യാത വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തിറക്കിയ ഇന്ത്യ ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ലോകരാഷ്ടങ്ങളില്‍ ഏറ്റവുമധികം പേര്‍ പുതിയ വാര്‍ത്തകള്‍ക്കായി വാട്‌സാപ്പിനെ ആശ്രയിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് 'വാട്‌സാപ് ഇലക്ഷനാണ്' എന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ ഭാരവാഹികള്‍ വ്യാഖ്യാനിച്ചത്.

ഇന്ത്യയില്‍ ഏകദേശം 25 കോടിക്കുമേല്‍ വാട്‌സാപ് ഉപയോക്താക്കളുണ്ടെന്നാണ് അനുമാനം. വാര്‍ത്ത അറിയാനായി വാട്‌സാപിനെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഫെയ്‌സ്ബുക് മെസഞ്ചറിനെക്കാളും സ്‌നാപ് ചാറ്റിനെക്കാളും ഇന്ത്യയിൽ ജനപ്രിയമാണ് വാട്സാപ്. (വാര്‍ത്ത അറിയാനായി അമേരിക്കയില്‍ ഒരു നേരിയ ശതമാനം പേരേ വാട്‌സാപ്പിനെ ഉപയോഗിക്കാറുള്ളൂ. കൂടാതെ ആപ്പിളിന്റെ ഐമെസേജിനെയാണ് സന്ദേശക്കൈമാറ്റത്തിനും അമേരിക്കക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്.)

ഇന്ത്യയില്‍ 57 ശതമാനത്തോളം പേര്‍ ഏതു വാര്‍ത്തായാണു വ്യാജന്‍ എന്ന ഭയമുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നു. ഇന്റര്‍നെറ്റില്‍ വരുന്ന പല വാര്‍ത്തകളെയും വിശ്വസിക്കാന്‍ അവര്‍ താത്പര്യം കാണിക്കാറില്ല. തത്പരകക്ഷികള്‍ യാഥാര്‍ഥ്യത്തെ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്നതാണ് ആളുകള്‍ കാണുന്ന ഒരു പ്രശ്‌നം. ആക്ഷേപഹാസ്യ രീതിയില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ വാര്‍ത്തയെന്ന രീതിയില്‍ തെറ്റിധരിപ്പിക്കപ്പെടുന്നുമുണ്ട്. ഈ രണ്ടു രീതികള്‍ക്കുമിടയില്‍ നിരവധി സൂത്രവിദ്യകള്‍ വാര്‍ത്ത മെനയുന്നവര്‍ ഉപയോഗിക്കാറുണ്ടെന്ന് വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. വ്യാജ വാര്‍ത്തയെക്കുറിച്ച് തങ്ങള്‍ വളരെ ഉത്കണ്ഠാകുലരാണെന്നാണ് സര്‍വേയില്‍ പ്രതികരിച്ചവരില്‍ പലരും പറഞ്ഞത്.

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതു കൂടാതെ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോര്‍ത്തി രാഷ്ട്രീയ കക്ഷികളുടെ താത്പര്യത്തിനനുസരിച്ച് ഉപയോഗിക്കുന്ന പ്രവണതയും നാള്‍ക്കുനാള്‍ വർധിക്കുന്നു. ഈ പ്രശ്‌നം ഫെയ്‌സ്ബുക്-കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനു ശേഷം വഷളാകുകയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ഈ ഡേറ്റ വഹിച്ച പങ്കു ചെറുതല്ലെന്ന് ടെക് പ്രേമികള്‍ക്ക് ഇതിനോടകം അറിയാം. കഴിഞ്ഞ വര്‍ഷം ബിബിസി ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ കണ്ടത് വ്യാജവാര്‍ത്തയ്ക്കു പിന്നിലെ പ്രധാന ചാലകശക്തി ദേശീയത എന്ന വിഷയമാണ് എന്നതാണ്. വാര്‍ത്തയിലെ ശരിതെറ്റുകള്‍ തട്ടിച്ചു നോക്കുന്നതിനു പകരമായി വ്യാജവാര്‍ത്ത പ്രചാരകര്‍ വാദിക്കുന്നത് വാര്‍ത്തയുടെ ശരിയായ വ്യാഖ്യാനമാണ് തങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് എന്നാണ്.

ബിജെപി 900,000 പേർക്ക് പ്രത്യേക പ്രാദേശിക വിഷയങ്ങള്‍ പ്രചാരണായുധമാക്കാന്‍ ചുമതല നല്‍കിയെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ സംസ്ഥാന യൂണിറ്റുകളോട് ഓരോ പോളിങ് ബൂത്തിനു കീഴിലും സ്മാര്‍ട് ഫോണുള്ളവരുടെ റിപ്പോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞതായും അവകാശവാദമുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് തങ്ങളുടെ പ്രചാരണായുധങ്ങളെല്ലാം ഫെയ്‌സ്ബുക്കിലൂടെ പ്രയോഗിക്കാനാണു ശ്രമിക്കുന്നതെങ്കിലും അവര്‍ക്കും ഇതു വിതരണം ചെയ്യാന്‍ വാട്‌സാപ് ഒഴിച്ചുകൂടാനാകാത്ത ശക്തി തന്നെയാണ്.

ഗ്രാമീണ ഇന്ത്യ

ജനസംഖ്യയില്‍ പകുതിയിലേറെ ഗ്രാമങ്ങളിലാണ് പാര്‍ക്കുന്നത്. ഇവിടെയും കൂടുതല്‍ പേർ ഓണ്‍ലൈനില്‍ എത്തിക്കൊണ്ടിരിക്കുന്നതോടെ, കഴിഞ്ഞ വര്‍ഷങ്ങളില്‍ വാട്‌സാപ് ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുന്നതായി കാണാം. ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വെയില്‍ പറയുന്നത് ഗ്രാമങ്ങളിലുള്ള പകുതിയിലേറെ ഉപയോക്താക്കള്‍ വാട്‌സാപ് ഉപയോഗിക്കുന്നവരാണ് എന്നാണ്. വാട്‌സാപ് എത്ര പേര്‍ ഉപയോഗിക്കുന്നുവെന്നതല്ല മറിച്ച് വ്യാജവാര്‍ത്ത കുത്തിവയ്ക്കാന്‍ പ്രലോഭനം തോന്നുന്ന പ്ലാറ്റ്‌ഫോമാണ് വാട്‌സാപ് എന്നാണ്. പക്ഷേ, മറ്റു വാര്‍ത്താ സ്രോതസുകളെ ആശ്രയിക്കുന്നതാണ് നല്ലതെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഗ്രാമീണ മേഖലയിലും വര്‍ധിക്കുന്നതായി സര്‍വെ പറയുന്നു. വാര്‍ത്തകള്‍ക്ക് നല്ലത് വാര്‍ത്താ ചാനലുകള്‍ തന്നെയാണെന്ന് അവരും വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. വാര്‍ത്താ സ്രോതസായി വാട്‌സാപ്പിന് മൂന്നാം സ്ഥാനമാണ് ഉള്ളത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പലരും വാര്‍ത്ത അയച്ചു തന്നയാളുടെ ഉദ്ദേശം ചോദ്യം ചെയ്യുന്നില്ല എന്നതു കൂടാതെ കിട്ടിയ വാര്‍ത്ത വായിച്ച ശേഷം ഫോര്‍വേഡ് ചെയ്യാനും മടിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഗ്രാമീണ മേഖലയിൽ നാലിലൊന്നു പേര്‍ ഫോര്‍വേഡിങ്ങില്‍ തത്പരരാണെന്നു സര്‍വേയിൽ തെളിയുന്നു. എന്നിരുന്നാലും വാട്‌സാപ്പിലൂടെ കിട്ടുന്ന വാര്‍ത്തകളെ കണ്ണും പൂട്ടി വിശ്വസിക്കുന്നവരുടെ എണ്ണം ഗ്രാമീണ ഇന്ത്യയില്‍ കുറയുന്നു എന്നത് ആഹ്ലാദകരമാണ്. അവബോധം സൃഷ്ടിക്കാനെന്ന വ്യാജേന വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കേറ്റ ചെറിയ അടിയായിരുന്നു ഒരു വാര്‍ത്ത ഒരു സമയത്ത് അഞ്ചു പേര്‍ക്കു മാത്രമേ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന വാട്‌സാപ് കുരുക്ക്. പക്ഷേ, വാട്‌സാപിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ക്ഷന്‍ മൂലം വാര്‍ത്തയ്ക്കു തുടക്കമിട്ടയാളെ കണ്ടെത്താനാകില്ലെന്ന പ്രശ്‌നം നിലനില്‍ക്കുന്നുമുണ്ട്. ഇന്ത്യന്‍ സർക്കാറും വാട്‌സാപ്പുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളിലൊന്ന് ഇതാണ്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുകളയേണ്ടി വന്നാല്‍ തങ്ങള്‍ ഇന്ത്യ വിടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് വാട്‌സാപ് പറഞ്ഞിരുന്നു.

വാട്‌സാപ്പിലെ വ്യാജ വാര്‍ത്തകളുടെ മുഖ്യ പ്രശ്‌നങ്ങളിലൊന്ന് അതിലൂടെ പ്രചരിക്കുന്നവ പാര്‍ട്ടികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ അക്കൗണ്ടുകളിലോ പോലും സ്ഥാനം പിടിക്കാത്തവയാണ് എന്നതാണ്. പാര്‍ട്ടികളുമായി പരോക്ഷമായി ബന്ധപ്പെടുന്ന അനൗദ്യോഗിക ഗ്രൂപ്പുകളാണ് വ്യാജവാര്‍ത്തയുടെ പ്രചാരകര്‍ എന്നും കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാന്‍ വാട്‌സാപ് ചെക്ക്‌പോയിന്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത് വായിച്ചിരിക്കുമല്ലോ. വാര്‍ത്തകള്‍ ശരിയാണോ, തെറ്റാണോ, തര്‍ക്കവിഷയമാണെന്നോ, തെറ്റിധാരണജനകമാണെന്നോ ഒക്കെ വാട്‌സാപ് തന്നെ പറയുന്ന ഒന്നാണിത്. സാങ്കേതികമായി പറഞ്ഞാല്‍ ഇതൊരു ഗവേഷണ പദ്ധതിയാണ്. സംശയമുന്നയിക്കുന്ന എല്ലാവര്‍ക്കും മറുപടി ലഭിക്കണമെന്നില്ല. കൂടാതെ, വിദഗ്ധര്‍ പറയുന്നത് പുതിയ എന്തെല്ലാം നിയമങ്ങള്‍ വന്നാലും അവയ്‌ക്കൊന്നും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഒരു പ്രഭാവവും സൃഷ്ടിക്കാനാവില്ലെന്നും പറയുന്നു. എന്നു പറഞ്ഞാല്‍ വ്യാജവാര്‍ത്തകള്‍ കുറിക്കുകൊള്ളുക തന്നെ ചെയ്യും. വസ്തുതയ്ക്കു വില നല്‍കാതെ, എന്തെഴുതി വിടുന്നതും വിഴുങ്ങാന്‍ തയാറായ ആളുകള്‍ ഉള്ളത് പ്രചാരവേലക്കാരുടെ പ്രവൃത്തികള്‍ ആഘോഷമാക്കി മാറ്റുന്നുവെന്നു ഗവേഷകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com