ADVERTISEMENT

ലോക നേതാക്കള്‍ എത്ര ഫലപ്രദമായി ഫെയ്‌സ്ബുക് ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു പുറത്തിറക്കിയ പഠനം പറയുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തെ രണ്ടാമത്തെ നല്ല നേതാവാണ് എന്നാണ്. ബ്രസീൽ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ പേജിലാണ് ഏറ്റവുമധികം ഇടപ്പെടലുകൾ (interactions) നടത്തുന്നത്. എന്നാല്‍, ഏറ്റവുമധികം ഫെയ്‌സ്ബുക് ലൈക്കുകളുള്ള ലോക നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ട്വിപ്ലോമസി (Twiplomacy) പുറത്തിറക്കയി 'വേള്‍ഡ് ലീഡേഴ്‌സ് ഒണ്‍ ഫെയ്‌സ്ബുക്' എന്ന പുസ്തകത്തിന്റെ നാലാം എഡിഷനിലാണ് പുതിയ കണ്ടെത്തലുകൾ വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ ട്രംപ് ആയിരുന്നു ഒന്നാം സ്ഥാനത്ത്.

 

കഴിഞ്ഞ 12 മാസത്തെ വിലയിരുത്തലില്‍ ബോള്‍സനാരോയാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് പറയുന്നു. 2019 ജനുവരി 1നാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തുന്നത്. എങ്കിലും അദ്ദേഹത്തിനാണ് അധിപത്യമെന്നും ട്രംപില്‍ നിന്ന് ഒന്നാം സ്ഥാനം കൈയാളുകയും ചെയ്തതായി പുസ്തകം പറയുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിന് 9.4 ദശലക്ഷം ഫാന്‍സും 145 ദശലക്ഷം ഇന്ററാക്‌ഷന്‍സും ഉണ്ട്. ലൈക്കുകളുടെയും കമന്റുകളുടെയും ഷെയറുകളുടെയും ആകെത്തുക എന്നാണ് ഇതിനെ വിളിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ട്രംപിന്റെ ഫെയ്സ്ബുക് പേജിലെ ഇന്ററാക്‌ഷന്‍സ് കേവലം 84 ദശലക്ഷമാണ്.

 

ഓഡിയന്‍സിന്റെ കാര്യം മാത്രമെടുത്താല്‍ ട്രംപിന് 2.4 കോടി പേരാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള നരേന്ദ്ര മോദിക്ക് 4.4 കോടി പേരാണ് ഓഡിയന്‍സ്. ഇന്ററാക്‌ഷന്‍സിന്, അല്ലെങ്കില്‍ പരസ്പരവ്യവഹാരത്തിന് പ്രാധാന്യം നല്‍കിയാണ് റങ്കിങ് നടത്തിയിരിക്കുന്നത്. 182 രാജ്യങ്ങളിലെ സർക്കാരുകള്‍ക്കു നേതൃത്വം നല്‍കുന്നവരെയാണു പരിഗണിച്ചത്. ഇവരുടെ പേജുകള്‍ക്കെല്ലാത്തിനും കൂടെ 34.5 കോടി ലൈക്കുകളും 76.7 കോടി ഇന്ററാക്‌ഷന്‍സും 2018 മാര്‍ച്ച് 1 മുതല്‍ 2019 മാര്‍ച്ച് 1 വരെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ള രേഖകളില്‍ നിന്നു മനസ്സിലാകുന്നത് ബോള്‍സനാരോയുടെയോ ട്രംപിന്റെയോ വിജയം എളുപ്പത്തില്‍ മറികടക്കാനാവില്ല എന്നാണ്. ഫെയ്‌സ്ബുക്കില്‍ സ്വയം വിപണി ചെയ്യുന്നതിന് ഒരു വഴി മാത്രമല്ല ഉള്ളത്. എന്നാൽ ഒരു വഴിയേയും ഏറ്റവും മികച്ചതെന്നു വിളിക്കാനാവില്ല എന്നുമാണ്. 

സർക്കാരുകളുമായും വിവിധ രാജ്യങ്ങളുടെ സമൂഹമാധ്യമ മാനേജര്‍മാരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഒരുകാര്യത്തില്‍ മാത്രമാണ് അഭിപ്രായ ഐക്യം കാണുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇച്ഛാഭംഗം വരുത്തുന്ന രീതിയില്‍ അതാര്യമാണ്.

 

ഒഡിയന്‍സിന്റെ എണ്ണം ഒന്നിന്റെയും സൂചനയല്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഉദാഹരണത്തിന് ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവുമധികം ലൈക്കുകള്‍ കിട്ടുന്നു എന്നത് മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാല്‍, റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ജോര്‍ഡാന്റെ ക്വീന്‍ റാനിയ അല്‍ അബ്ദുള്ളയ്ക്ക് 1.7 കോടി ലൈക്കുകള്‍ കിട്ടിയതിനുളള വിശദീകരണം എന്താണെന്നു കണ്ടെത്താനാകുന്നില്ല. രാജ്യത്തിന്റെ ജനംസഖ്യയെക്കാളേറെ ലൈക്കുകളാണിത്. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന നേതാക്കളൊന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പേജിനു ലഭിച്ച ലൈക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒന്നുമല്ലെന്നും കാണാം, ഏകദേശം 5.5 കോടി ലൈക്‌സ്. എന്നാല്‍ ട്രംപിന്റെ ഈ പൂര്‍വ്വികന് ലോകത്തെ ഏറ്റവും പ്രശസ്ത അത്‌ലറ്റായ, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡൊയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒന്നുമല്ല. റൊണാള്‍ഡോയ്ക്ക് 12.2 കോടി ലൈക്കുകളാണ് ഉള്ളത്. നടീനടന്മാരുടെ കാര്യത്തിലും ഇതു കാണാം. ടെയ്‌ലര്‍ സ്വിഫ്റ്റിന് 72 ദശലക്ഷം ലൈക്കുകളാണ് ഉള്ളത്.

 

തന്റെ രാഷ്ട്രീയ എതിരാളികളായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് വളരെ കുറവ് ലൈക്കുകളാണ് ഉള്ളതെന്ന് ട്രംപ് അഭിമാനപൂര്‍വ്വം എടുത്തുകാണിക്കുന്നുമുണ്ട്. ഡെമോക്രാറ്റുകളില്‍ ഏറ്റവുമധികം ലൈക്കുകളുള്ളത് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിനാണ്, 51 ലക്ഷം. സെനറ്റര്‍ എലിസബെത് വോറന് 32 ലക്ഷവും സെനറ്റര്‍ കോറി ബുക്കര്‍ക്ക് 12 ലക്ഷവും കമലാ ഹാരിസിന് 11 ലക്ഷവും ലൈക്കുകളാണ് ഉള്ളത്.

 

ഏതെങ്കിലും പ്രത്യേക ഫെയ്‌സ്ബുക് പോസ്റ്റുകളാണോ ചില നേതാക്കന്മാരെ കൂടുല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്ന അന്വേഷണവും എവിടെയും എത്തിയില്ല. ട്രംപ് അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നാന്‌സി പെലോസിക്ക് ജനുവരിയില്‍ അയച്ച കത്തിന്റെ ഫോട്ടോയ്ക്ക് 834,605 ഇന്ററാക്‌ഷന്‍സ് ലഭിച്ചു. ഇത് ഒരു റെക്കോഡാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com