sections
MORE

യുവ രാഷ്ട്രീയക്കാരി ഫെയ്‌സ്ബുക് ഉപേക്ഷിച്ചപ്പോൾ ജീവിതത്തിൽ സംഭവിച്ചതെന്ത്?

Alexandria
SHARE

സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വോട്ടു പിടിക്കുന്നതില്‍ അതിസമര്‍ഥയായിരുന്ന യുവ അമേരിക്കന്‍ രാഷ്ട്രീയക്കാരി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അലക്‌സാണ്‍ഡ്രിയ ഒക്കാസിയോ-കോര്‍ട്ടെസ് ഫെയ്‌സ്ബുക് ഉപേക്ഷിച്ചു. ന്യൂ യോര്‍ക്കിലെ പതിനാലാമത് കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയായ കോര്‍ട്ടെസ് പറഞ്ഞത് പൊതുവെ സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ്.

‘ഞാന്‍ ഫെയ്‌സ്ബുക് ഉപേക്ഷിച്ചു. അത് എന്നെ സംബന്ധിച്ചൊരു വന്‍ മാറ്റമാണ്. കാരണം ഞാന്‍ ഫെയ്‌സ്ബുക് ഉപയോഗിച്ച് പ്രചാരണം നടത്തി രംഗത്തെത്തിയ വ്യക്തിയാണ്. വളരെക്കാലമായി, പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനു പോലും പ്രധാനമായി ഫെയ്‌സ്ബുക് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഞാനത് ഉപേക്ഷിച്ചു, 29-വയസ്സുകാരിയായ ഒക്കാസിയോ-കോര്‍ട്ടെസ് പറഞ്ഞു. പല ചെറുപ്പക്കാരായ അമേരിക്കക്കാരും ഫെയ്‌സ്ബുക് ഉപേക്ഷിച്ചു. അവരെ പോലെ താനും അതു ചെയ്തുവെന്നാണ് കോര്‍ട്ടെസ് പറഞ്ഞത്. 

സമൂഹമാധ്യമങ്ങള്‍ ചെറുപ്പക്കാര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ചെറുപ്പക്കാരില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും മൂന്നു വയസ്സിനു താഴെയുള്ളവര്‍ക്ക് കംപ്യൂട്ടിങ് ഉപകരണങ്ങള്‍ നല്‍കുന്നത് ഉചിതമല്ലെന്നും അവര്‍ മുന്നറിയിപ്പ് നൽകുന്നു.

എല്ലാത്തരം ആളുകളിലും സമൂഹമാധ്യമങ്ങളുടെ സ്വാധീനമുണ്ട്. ഒറ്റപ്പെടല്‍, വിഷാദം, ഉത്കണ്ഠ, ആസക്തി, ഒളിച്ചോടല്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും സമൂഹമാധ്യമങ്ങള്‍ സമ്മാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ധാരാളം ഫോളോവര്‍മാരുള്ള ഒരാളെന്ന നിലയിലും, വ്യക്തി എന്ന നിലയിലും താനിത്തരം പ്ലാറ്റ്‌ഫോമുകളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടെന്ന് ഒക്കാസിയോ-കോര്‍ട്ടെസ് പറഞ്ഞു. അവര്‍ക്ക് 39.3 ലക്ഷം ഫോളോവര്‍മാരാണ് ട്വിറ്ററിലുള്ളത്. തന്റെ ട്വീറ്റുകളെല്ലാം താനാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായി ആഴ്ചയുടെ അവസാന ദിനങ്ങളില്‍ ട്വീറ്റുകള്‍ പോലും നടത്തിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇനിയും തന്നെ വല്ലപ്പോഴും ട്വിറ്ററില്‍ കണ്ടേക്കാമെന്നും ശീലങ്ങള്‍ ഒഴിവാക്കല്‍ ശ്രമകരമാണെന്നും ഒക്കാസിയോ-കോര്‍ട്ടെസ് പറഞ്ഞു.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒക്കാസിയോ-കോര്‍ട്ടെസ് വമ്പന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വിമര്‍ശകയായി തീരുകയാണ്. ടെക്‌നോളജി കമ്പനികള്‍ക്ക് വിശ്വാസ്യതയുടെ പ്രശ്‌നമുണ്ട്. അത് അമേരിക്കന്‍ കോണ്‍ഗ്രസ് ഇന്നുവരെ വേണ്ടവിധത്തില്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. റൊബോകോള്‍ പ്രശ്‌നത്തിനും പരിഹാരം കാണാനായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. (കംപ്യൂട്ടര്‍ ഒരാളുടെ നമ്പറിലേക്കു വിളിച്ച് നേരത്തെ റെക്കോഡു ചെയ്തു വച്ച സന്ദേശം നല്‍കുന്ന രീതിയാണ് റോബോകോള്‍. അതായതൊരു റോബോട്ട് നടത്തുന്ന കോള്‍ എന്നു വേണമെങ്കില്‍ റോബോകോളിനെ വ്യാഖ്യാനിക്കാം.) രാഷ്ട്രീയക്കരും ടെലിമാര്‍ക്കറ്റിങ്ങുകാരുമാണ് ഇത് ഉപയോഗിക്കുന്നത്.

റോബോകോള്‍ നിയന്ത്രിക്കാനാകാത്തത് അമേരിക്കന്‍ കോണ്‍ഗ്രസ് എത്ര ആലസ്യത്തോടെയാണു പ്രവര്‍ത്തിക്കുന്നത് എന്നതിനും ടെക്‌നോളജി എത്ര വേഗം മാറുന്നുവെന്നതിന്റെയും തെളിവാണെന്നുമാണ് അവര്‍ പറയുന്നത്. അമേരിക്കയിലെ 2016 ഇലക്ഷനില്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ വ്യാജവാര്‍ത്തകള്‍ പരത്താനും ഹാക്കിങ്ങിലൂടെ തങ്ങളുടെ കാര്യം നേടാനുമെല്ലാമായി ആവോളം ഉപയോഗിക്കപ്പെട്ടു. സർക്കാരിനു തടയാനേ ആയില്ല. ചിലര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുന്നു, ആക്രമിക്കുന്നു, ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. കുട്ടികളിലും ചെറുപ്പക്കാരിലുമൊക്കെ ഇതു വലിയ മാനസികാഘാതം സൃഷ്ടിക്കാം. പേടിപ്പെടുത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചില ഭീഷണികള്‍ എത്തുന്നത്.

അമേരിക്കയില്‍ വന്‍ മുന്നേറ്റമാണ് ടെക് കമ്പനികള്‍ക്കെതിരെ ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. കൂടുതല്‍ രാഷ്ട്രീയക്കാര്‍ സാങ്കേതികവിദ്യയെക്കുറിച്ച് അവബോധമുള്ളവരാകുന്നതോടെ ടെക് കമ്പനികളെ നിലയ്ക്കു നിർത്താനായേക്കുമെന്നു കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA