ADVERTISEMENT

ശ്രീലങ്കയിൽ ഈസ്റ്റർ ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ നിരവധി പേരാണ് മരിച്ചത്. സ്ഫോടനം നടന്ന് നിമിഷങ്ങൾക്കകം സോഷ്യല്‍മീഡിയയിൽ ഞെടുക്കുന്ന ദൃശ്യങ്ങളാണ് നിറഞ്ഞത്. ഈസ്റ്റർ ആഘോഷത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തവർ തന്നെ തൊട്ടടുത്ത മണിക്കൂറിൽ ചോരയിൽ മുങ്ങിയ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യേണ്ടി വന്നത് ദയനീയ കാഴ്ചകളായിരുന്നു.

 

രാജ്യത്ത് കലാപവും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളും ശക്തമാകുമെന്നും ദുരന്ത ചിത്രങ്ങൾ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മുൻകൂട്ടികണ്ട് ഇന്റർനെറ്റിനും സോഷ്യൽമീഡിയക്കും നിയന്ത്രണമേർപ്പെടുത്തി. വാട്സാപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും വൈബറും പൂർണമായും വിലക്കിയിട്ടുണ്ട്.

 

വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകൾ വഴി വംശീയ അധിക്ഷേപങ്ങളും മറ്റു വ്യക്തി ആക്രമണങ്ങളും പ്രത്യക്ഷപ്പെട്ടതോടെയാണ് വാട്സാപ്പും ഫെയ്സ്ബുക്കും വിലക്കാൻ ശ്രീലങ്കൻ ടെലികോം തീരുമാനിച്ചത്. രാവിലെ ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 160 പേർ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. മുന്നൂറിലധികം പേർക്കു പരുക്കേറ്റു.

 

സേഫ്റ്റി ചെക്ക് സഹായവുമായി ഫെയ്സ്ബുക്

 

സ്ഫോടനം നടന്ന നിമിഷങ്ങൾക്കകം തന്നെ ഫെയ്സ്ബുക്കിന്റെ സേഫ്റ്റി ചെക്ക് ഫീച്ചർ ആക്ടിവേറ്റ് ചെയ്തു. ഫീച്ചർ ലഭ്യമായി തുടങ്ങി നിമിഷങ്ങൾക്കം ഫെയ്സ്ബുക് ഉപയോഗിക്കുന്നവരെല്ലാം താൻ സുരക്ഷിതനാണെന്ന് സേഫ്റ്റി ചെക്ക് വഴി അറിയിച്ചു. ‌എന്നാൽ മണിക്കൂറുകൾക്കകം ശ്രീലങ്കൻ ടെലികോം മന്ത്രാലയം സോഷ്യൽമീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തി.

 

ദുരന്തങ്ങളിൽ അകപ്പെടുന്ന ആളുകൾക്ക് തങ്ങൾ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരു ടാപ്പ് അകലത്തിൽ അറിയിക്കാനുള്ള സേവനമാണ് ഫെയ്സ്ബുക് 'സേഫ്റ്റി ചെക്ക്‌'. നേരത്തെ പ്രകൃതി ദുരന്തങ്ങളിൽ മാത്രമാണ് സേഫ്റ്റി ചെക്ക്‌ ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പാരിസ്, നൈജീരിയ, പാക്കിസ്ഥാൻ എന്നിവടങ്ങളിൽ നടന്ന തീവ്രവാദ ആക്രമണത്തോട് അനുബന്ധിച്ചും ഈ ഫീച്ചർ ഫെയ്സ്ബുക് ഏർപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com