ADVERTISEMENT

പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ 290 പേരോളം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാജവാര്‍ത്തകളെ പിടിച്ചുകെട്ടാൻ ഫെയ്‌സ്ബുക്, വാട്സാപ് അടക്കമുള്ള സമൂഹ്യമാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് ശ്രീലങ്കന്‍ സർക്കാർ അറിയിച്ചു. കൂടുതല്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നാണ് പറയുന്നത്. എന്നാല്‍, ഇതിലൂടെ ഒരു ഭീകരാക്രമണത്തിനു ശേഷം വേണ്ട ആശയവിനിമയത്തെ ഇതു തടസ്സപ്പെടുത്തുന്നില്ലെ? ഇരകളുടെയും ബന്ധുക്കളുടെയും കാര്യങ്ങള്‍ അറിയാന്‍ രാജ്യത്തിനുള്ളിലും വെളിയിലുമുള്ള അവരുടെ പ്രിയപ്പെട്ടവരുടെ ശ്രമങ്ങളെ കൂടെ ഇത് ഇല്ലാതാക്കുകയല്ലെ ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. എല്ലാ രാജ്യത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നതു കൊണ്ട് സമൂഹമാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന ചോദ്യം ഉയരുകയാണ്. കണ്ണടച്ചുള്ള ഒരു നിരോധനമാണോ ഏകമാര്‍ഗം എന്നാണ് ടെക്‌ലോകം ചോദിക്കുന്നത്.

 

ബ്രസല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് പറയുന്നത് ഇത്തരം നിരോധനം കലാപം കുറയ്ക്കാന്‍ സഹായിക്കുമെന്നത് സ്ഥിരീകരിക്കുന്നതിന് 'വലിയ' തെളിവുകളൊന്നുമില്ല എന്നാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് കൊളംബോയിലേക്കു വന്ന ഒരു സ്ത്രീ വിദേശത്തുള്ള തന്റെ ബന്ധുക്കളോടും മറ്റും പറഞ്ഞത്, ഫെയ്‌സ്ബുക്കിലും മറ്റും നിങ്ങളയക്കുന്ന സന്ദേശങ്ങള്‍ക്ക് എന്റെ മറുപടി ലഭിക്കുന്നില്ലെങ്കില്‍ അത്  നിരോധിച്ചിരക്കുന്നതു കൊണ്ടാണെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ഓണ്‍ലൈനിലൂടെ അസത്യം പ്രചരിപ്പിക്കല്‍ എളുപ്പമാണ്, അതു വേഗം നടക്കുകയും ചെയ്യും. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനും അതുമതി. അതു കൊണ്ട് ശ്രീലങ്കയുടെ നിലപാടും തെറ്റാണെന്നു പറയാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയം പറയുന്നത് ആക്രമണത്തെക്കുറിച്ചുളള അന്വേഷണം കഴിയുന്നതുവരെ സമൂഹമാധ്യമങ്ങളുടെ നിരോധനം തുടരാനാണ് ഉദ്ദേശമെന്നാണ്. വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നതു കണ്ടതുകൊണ്ടാണ് അവ താത്കാലികമായി നിരോധിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വാദം. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഫെയ്‌സ്ബുക് പറഞ്ഞത്, കാര്യങ്ങള്‍ സുഗമമാക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ്. നിയമപാലകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും, തങ്ങളുടെ അംഗീകരിക്കപ്പെട്ട ചട്ടങ്ങള്‍ക്കു വിരുദ്ധമായ പോസ്റ്റുകള്‍ നീക്കം ചെയ്യാനും ശ്രമിക്കുന്നുണ്ടെന്നാണ് അവരുടെ നിലപാട്. എന്നാല്‍, ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ട്വിറ്ററും ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബും പ്രതികരിച്ചില്ല. ശ്രീലങ്കയില്‍ വളരെ ജനപ്രീതിയുള്ള ആപ്പാണ് വൈബര്‍. അവര്‍ ഉപയോക്താക്കള്‍ക്കു നല്‍കിയ ഉപദേശമെന്താണെന്നു ചോദിച്ചാല്‍, നിങ്ങള്‍ ഉത്തരവാദിത്വമുള്ളവരാകണമെന്നും ഔദ്യോഗികവും വിശ്വസനീയവുമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം പരിഗണിക്കുകയും ചെയ്യണമെന്നാണ്.

 

മരണ സംഖ്യ അടക്കമുള്ള കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത് തെറ്റായ രീതിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആരാണിതു നടത്തിയത് എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുന്നത് നിഷ്‌കളങ്കരായ ആളുകള്‍ക്കെതിരെയുള്ള ആക്രമണമായി തീരാനുള്ള സാധ്യതയുണ്ടെ‌ന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉറപ്പു വരുത്താത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു. മുതലെടുപ്പിനായി ഫെയ്‌സ്ബുക്കും ട്വിറ്ററും പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ അത് യഥാര്‍ഥ തെറ്റുകാരെ രക്ഷപെടാന്‍ അനുവദിക്കുകയും നിഷ്‌കളങ്കര്‍ക്കെതിരെ ജനരോഷം പടരാന്‍ വഴിവയ്ക്കുമെന്നും പറയുന്നു.

 

ലോകം മുഴുവനുമുള്ള സർക്കാരുകള്‍, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പരക്കുന്നത് തങ്ങളെ വളരെ അസ്വസ്ഥരാക്കുന്നതായി പറയുന്നു. ഫെയ്‌സ്ബുക്കിലും യുട്യൂബിലും അതിവിശദമായ വിഡിയോകള്‍ പരക്കുന്നത് കലാപം മറ്റു സ്ഥലങ്ങളിലേക്കും പടരുന്നത് തടയാനുള്ള ശ്രമങ്ങളെ വിപരീതമായി സ്വാധീനിക്കും. ഇത് ന്യൂസിലൻഡില്‍ കണ്ടതാണ്. ഇത്തരം കണ്ടെന്റ് ഫെയ്‌സ്ബുക്കും യുട്യൂബും നീക്കം ചെയ്യണമെന്ന കാര്യത്തില്‍ രാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ഒരു വാദമുയര്‍ന്നത്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ സമൂഹമാധ്യമ കമ്പനികളുടെ മേല്‍ വന്‍ പിഴ ചുമത്തണമെന്നാണ് ഒരു വാദം. യൂറോപ്പിലെ ഇന്റര്‍നെറ്റ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്ന കമ്മറ്റിക്കും ഇഷ്ടപ്പെട്ട ഒന്നാണിതെന്നാണ് അറിയുന്നത്. ശ്രീലങ്ക 2018ലും സമൂഹമാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള കലാപത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അന്നു നിയന്ത്രണം ഏർപ്പെടുത്തിയത്.

 

ഫെയ്‌സ്ബുക്കും ആ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപും കുടുംബങ്ങളെ തകര്‍ക്കുകയും ജീവനെടുക്കുകയും വസ്തുവകകള്‍ക്കു നാശം വരുത്തുകയും ചെയ്യുന്ന തരം ആക്രമണങ്ങള്‍ക്ക് വഴിവയ്ക്കുന്നു എന്നാണ് ആരോപണം. പ്രശ്‌നം കണ്ടുപിടിക്കപ്പെട്ടാലും അനങ്ങാപ്പാറ നയമാണ് ഈ ആപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തക്കുന്നവര്‍ സ്വീകരിക്കുന്നതെന്നും പറയുന്നു. അതിവേഗം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദേശീയ സുരക്ഷയെത്തന്നെ ബാധിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും വേഗം പ്രതികരിക്കുന്നില്ലത്രെ. 2018ല്‍ ശ്രീലങ്ക സമൂഹമാധ്യമങ്ങള്‍ക്കെതിതെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ വൈകിപ്പോയെന്ന ആരോപണം ഉള്ളതു കൊണ്ടായിരിക്കാം അവര്‍ ഇത്തവണ വേഗം തന്നെ നിരോധനം ഏര്‍പ്പെടുത്തിയത്. ഊഹാപോങ്ങളുടെ പ്രചാരണം തടയാന്‍ ഈ നിരോധനം സഹായിക്കുമെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും മറ്റും ഇതു പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com