sections
MORE

നിർവീര്യമാക്കിയ ആ വലിയ ‘ബോംബ്’ പൊട്ടിയിരുന്നെങ്കിൽ ശ്രീലങ്ക കലാപഭൂമി ആയേനെ...

sri-lanka1
SHARE

ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണത്തില്‍ മൂന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് വ്യാജവാര്‍ത്തകളെ പിടിച്ചുകെട്ടാൻ ഫെയ്‌സ്ബുക്, വാട്സാപ്, വൈബർ, ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹ്യമാധ്യമങ്ങൾക്കുള്ള നിയന്ത്രണമേർപ്പെടുത്തി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യാന്തര മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകളാണ് വരുന്നത്. ശ്രീലങ്കൻ സർക്കാർ ചെയ്തത് ഏറ്റവും മികച്ച നീക്കമായിരുന്നു എന്നാണ് മിക്കവരും പ്രതികരിച്ചത്. ആ സോഷ്യൽമീഡിയ ബോംബ് കൂടി പൊട്ടിയിരുന്നെങ്കിൽ ലങ്ക കലാപഭൂമി ആകുമായിരുന്നു എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

സ്ഫോടനങ്ങൾ സംഭവിച്ച ആദ്യ മണിക്കൂറിൽ തന്നെ ശ്രീലങ്കൻ ടെലികോം മന്ത്രാലയം രാജ്യത്തെ ജനപ്രിയ സോഷ്യൽമീഡിയകളെ ബ്ലോക്ക് ചെയ്തു. അടുത്ത മണിക്കൂറുകളിൽ വൻ തലവേദനയാകാൻ പോകുന്നത് സോഷ്യൽമീഡിയകളിലെ വ്യാജ പോസ്റ്റുകളും ചിത്രങ്ങളും ആയിരിക്കുമെന്ന് സര്‍ക്കാർ മുൻകൂട്ടി തിരിച്ചറിഞ്ഞു. പണ്ടൊരിക്കൽ സംഭവിച്ച സോഷ്യല്‍മീഡിയ ദുരന്തം ഒരിക്കൽ കൂടി ആവർത്തിക്കാതിക്കാൻ ലങ്കൻ സര്‍ക്കാർ അതിവേഗം തന്നെ വാട്സാപ്, ഫെയ്സ്ബുക് സേവനങ്ങൾ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ഇരുതല മൂർച്ചയുള്ള ആയുധമാണ് സോഷ്യൽമീഡിയ. ആദ്യ മണിക്കൂറിൽ തന്നെ വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ച ചിത്രങ്ങളും റിപ്പോർട്ടുകളും ശ്രീലങ്കയെ കലാപഭൂമിയാക്കാൻ ശേഷിയുള്ളതായിരുന്നു. സ്ഫോടനത്തിന്റെ റിപ്പോർട്ടുകൾ മതങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രചരിച്ചിരുന്നത്. ഇത് വൻ ദുരന്തത്തിലേക്കാണ് പോയിക്കൊണ്ടിരുന്നത്. സാധാരണക്കാരായ മനുഷ്യരുടെ മനസ്സിൽ പോലും കലാപം ആളിക്കത്തിക്കാൻ ശേഷിയുള്ളതായിരുന്നു വ്യാജ പോസ്റ്റുകളും വാർത്തകളും. ജാതിയും മതവും ഭാഷയും തിരിച്ചുള്ള, കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളെല്ലാം ആദ്യ മണിക്കൂറിൽ തന്നെ റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു.  

കൂടുതല്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് ഈ നടപടിയെന്ന് സര്‍ക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിലൂടെ ഒരു ഭീകരാക്രമണത്തിനു ശേഷം വേണ്ട ആശയവിനിമയത്തെ ഇതു തടസ്സപ്പെടുത്തുന്നില്ലെ? ഇരകളുടെയും ബന്ധുക്കളുടെയും കാര്യങ്ങള്‍ അറിയാന്‍ രാജ്യത്തിനുള്ളിലും വെളിയിലുമുള്ള അവരുടെ പ്രിയപ്പെട്ടവരുടെ ശ്രമങ്ങളെ കൂടെ ഇത് ഇല്ലാതാക്കുകയല്ലെ ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി സിഎൻഎൻ ഉൾപ്പടെയുള്ള ചാനലുകൾ രംഗത്തുവന്നിരുന്നു. 

എല്ലാ രാജ്യത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നതു കൊണ്ട് സമൂഹമാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന ചോദ്യം ഉയരുകയാണ്. കണ്ണടച്ചുള്ള ഒരു നിരോധനമാണോ ഏകമാര്‍ഗം എന്നാണ് ടെക്‌ലോകം ചോദിക്കുന്നത്. ഓണ്‍ലൈനിലൂടെ അസത്യം പ്രചരിപ്പിക്കല്‍ എളുപ്പമാണ്, അതു വേഗം നടക്കുകയും ചെയ്യും. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനും അതുമതി. അതു കൊണ്ട് ശ്രീലങ്കയുടെ നിലപാടും തെറ്റാണെന്നു പറയാനാവില്ല. ശ്രീലങ്കയിലെ യുവാക്കളിൽ ഭൂരിഭാഗത്തിനും ഫെയ്സ്ബുക്കും വാട്സാപ്പും ഉണ്ട്. ഇതുവഴി വ്യാജ പോസ്റ്റുകൾ പ്രചരിച്ചതിനെ തുടർന്ന് ലങ്കയിൽ നിരവധി ചെറിയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്.

ശ്രീലങ്കയുടെ പ്രതിരോധ മന്ത്രാലയം പറയുന്നത് ആക്രമണത്തെക്കുറിച്ചുളള അന്വേഷണം കഴിയുന്നതുവരെ സമൂഹമാധ്യമങ്ങളുടെ നിരോധനം തുടരുമെന്നാണ്. വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വ്യാപിക്കുന്നതു കണ്ടതുകൊണ്ടാണ് അവ താത്കാലികമായി നിരോധിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വാദം. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ഫെയ്‌സ്ബുക് പറഞ്ഞത്, കാര്യങ്ങള്‍ സുഗമമാക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ്. നിയമപാലകര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും, തങ്ങളുടെ അംഗീകരിക്കപ്പെട്ട ചട്ടങ്ങള്‍ക്കു വിരുദ്ധമായ പോസ്റ്റുകള്‍ നീക്കം ചെയ്യാനും ശ്രമിക്കുന്നുണ്ടെന്നാണ് അവരുടെ നിലപാട്. എന്നാല്‍, ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ട്വിറ്ററും ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബും പ്രതികരിച്ചില്ല. ശ്രീലങ്കയില്‍ വളരെ ജനപ്രീതിയുള്ള ആപ്പാണ് വൈബര്‍. അവര്‍ ഉപയോക്താക്കള്‍ക്കു നല്‍കിയ ഉപദേശമെന്താണെന്നു ചോദിച്ചാല്‍, നിങ്ങള്‍ ഉത്തരവാദിത്വമുള്ളവരാകണമെന്നും ഔദ്യോഗികവും വിശ്വസനീയവുമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം പരിഗണിക്കുകയും ചെയ്യണമെന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA